മെസിയില്ലാതെ ബാഴ്സയിൽ കളിക്കാൻ താത്പര്യമില്ല; ക്ലബ് വിടണമെന്ന് സെർജിയോ അഗ്യൂറോ

ലയണൽ മെസിയില്ലാതെ ബാഴ്സലോണയിൽ കളിക്കാൻ താത്പര്യമില്ലെന്ന് മാഞ്ചസ്റ്റർ സിറ്റിയുടെ മുൻ സ്ട്രൈക്കറും അർജൻ്റൈൻ ദേശീയ ടീമിൽ മെസിയുടെ സഹതാരവുമായ സെർജിയോ അഗ്യൂറോ. മെസിക്കൊപ്പം കളിക്കാനാണ് താൻ ബാഴ്സയിൽ എത്തിയത് എന്നും മെസിയില്ലാതെ ടീമിൽ തുടരാൻ താത്പര്യമില്ലെന്നും അഗ്യൂറോ ക്ലബിനെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. (Sergio Aguero Barcelona exit)
അതേസമയം, ബാഴ്സലോണ വിട്ട ഇതിഹാസ താരം ലയണൽ മെസി ഫ്രഞ്ച് ക്ലബായ പിഎസ്ജിയിൽ ചേരും. ഈ മാസം പത്തിന് മെസി പിഎസ്ജിയിലെത്തുന്ന വിവരം ഔദ്യോഗികമായി ക്ലബ് പുറത്തുവിടുമെന്നാണ് സൂചന. ഫ്രഞ്ച് ഭീമന്മാരായ പാരീസ് സെന്റ് ജർമ്മനുമായുള്ള മെസിയുടെ മൂന്ന് വർഷത്തെ കരാർ ധാരണയായി എന്നാണ് ലഭിച്ച വിവരം. രണ്ട് വർഷത്തെ കരാറും ഇത് ഒരു വർഷം കൂടി നീട്ടാനുള്ള സംവിധാനവും കരാറിലുണ്ട്. ലയണൽ മെസിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പിഎസ്ജി ആരംഭിച്ചുകഴിഞ്ഞു.
അതേസമയം, പിഎസ്ജിയിൽ പത്താം നമ്പർ ജേഴ്‌സി വേണ്ടെന്ന് മെസി അറിയിച്ചതായാണ് റിപ്പോർട്ടുകൾ. ഫ്രഞ്ച് ക്ലബിൽ പത്തൊമ്പതാം നമ്പർ ജേഴ്‌സിയാണ് താരം ധരിക്കുക. മെസി മാഞ്ചസ്റ്റർ സിറ്റിയിലെത്തും എന്ന് ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും പരിശീലകൻ പെപ് ഗ്വാർഡിയോള ഈ വാർത്ത നിഷേധിച്ചിരുന്നു.
Read Also: മെസി ഫ്രഞ്ച് ക്ലബായ പി.എസ്.ജി.യിലേക്ക്
ഇന്നലെയാണ് മെസി ബാഴ്സ വിട്ടു എന്നതിനുള്ള ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. സാമ്പത്തിക, സാങ്കേതിക കാരണങ്ങൾ കൊണ്ട് മെസി ക്ലബ് വിടുകയാണെന്നാണ് വാർത്താകുറിപ്പിലൂടെ ബാഴ്സലോണ അറിയിച്ചത്. 12ആം വയസ്സിൽ ബാഴ്സലോണയുമായി കരാർ ഒപ്പിട്ട താരം 22 വർഷങ്ങൾ ക്ലബിൽ ചെലവഴിച്ചതിനു ശേഷമാണ് മടങ്ങുന്നത്.
അഞ്ച് വർഷത്തെ കരാർ അംഗീകരിച്ച് 50 ശതമാനം വേതന ഇളവും അംഗീകരിച്ചതിനു പിന്നാലെയാണ് നാടകീയമായി സൂപ്പർ താരം ഇനി ക്ലബിൽ തുടരില്ലെന്ന് ബാഴ്സലോണ വ്യക്തമാക്കിയത്. കരാർ അംഗീകരിച്ചതിനെ തുടർന്ന് അതിൽ സംശയമുണ്ടെന്നും പരിശോധിക്കുമെന്നും ലാ ലിഗ പ്രസിഡൻ്റ് തെബാസ് വ്യക്തമാക്കിയിരുന്നു. ക്ലബിലേക്ക് പുതുതായി സൈൻ ചെയ്ത താരങ്ങളെയൊന്നും കളിക്കാനിറക്കാനാവില്ലെന്ന പ്രതിസന്ധി മുന്നിൽ നിൽക്കവേയാണ് വേതനം കുറച്ച് മെസി കരാർ അംഗീകരിക്കുന്നത്. എന്നാൽ, ഇതെല്ലാം അസ്ഥാനത്താക്കി ലാ ലിഗ ഏർപ്പെടുത്തിയ സാമ്പത്തിക നിയന്ത്രണങ്ങളിൽ കുടുങ്ങി മെസിയും ക്ലബും വേർപിരിയുകയായിരുന്നു.
Story Highlight: Sergio Aguero wants Barcelona exit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here