Advertisement

‘ഓണത്തിന് കൈത്തറി വസ്ത്രം’ മന്ത്രിമാരെ ചലഞ്ചിന് ക്ഷണിച്ച് വി ശിവന്‍കുട്ടി

August 7, 2021
1 minute Read

ദേശീയ കെെത്തറി ദിനത്തില്‍ കെെത്തറി ചലഞ്ചിന് ആഹ്വാനം ചെയ്ത് സംസ്ഥാന സർക്കാർ. ഈ ഓണത്തിന് താനും കുടുംബവും കൈത്തറി വസ്ത്രങ്ങൾ വാങ്ങി ഉപയോഗിക്കുമെന്നും മറ്റുള്ളവരും തന്നോടൊപ്പം ചലഞ്ച് ഏറ്റെടുക്കണമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിർദേശിച്ചു. മറ്റ് മന്ത്രിമാരെയും ടാഗ് ചെയ്തുള്ള ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ ക്ഷണം.

ബ്രാൻഡഡ് വസ്ത്രങ്ങളുടെ അതേ നിലവാരവും അതേസമയം തുച്ഛമായ വിലയുമാണ് കെെത്തറി വസ്ത്രങ്ങള്‍ക്ക്. കൈത്തറി ദിനത്തോട് അനുബന്ധിച്ച് നേമത്തെ ട്രാവൻകൂർ സഹകരണ സംഘം സന്ദർശിച്ച് തൊഴിലാളികളെ കണ്ട മന്ത്രി അവിടെ നിന്ന് ഒരു കൈത്തറി മുണ്ടും ഷർട്ടും വാങ്ങി. ഇതിനുപുറമെ പാവപ്പെട്ട തൊഴിലാളികൾക്ക് ചലഞ്ച് ഒരു സഹായമാകുമെന്നും മന്ത്രി പറയുന്നു.

ഇത്തവണത്തെ ഓണക്കോടി കൈത്തറിയാക്കി കൈത്തറി മേഖലയെ സംരക്ഷിക്കാൻ സംഭാവന ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചലഞ്ച് പ്രഖ്യാപിച്ചു. കെെത്തറി മേഖലയ്ക്ക് പിന്തുണ നല്‍കാന്‍ സംസ്ഥാന സർക്കാർ നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചു, എന്നാല്‍ കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി കൈത്തറിയേയും ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഒരു കൈത്തറി വസ്ത്രം വാങ്ങുമ്പോൾ നാം ഒരു തൊഴിലാളിയെ സഹായിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ കുറിപ്പ്:

കേരളത്തിലെ പ്രധാനപ്പെട്ട പരമ്പരാഗത വ്യവസായങ്ങളില്‍ ഒന്നായ കൈത്തറി മേഖലയെ സംരക്ഷിക്കുന്ന നിലപാടാണ് എൽഡിഎഫ് സർക്കാർ എന്നും എടുത്തിട്ടുള്ളത്. 2015 ല്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആകെയുള്ള 620 കൈത്തറി സംഘങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നത് 412 സംഘങ്ങള്‍ മാത്രമായിരുന്നു. എന്നാല്‍ 2021 ല്‍ അത് 439 ആയി ഉയര്‍ത്തുവാന്‍ സാധിച്ചു. 2016 ന് മുമ്പ് ഒരു നെയ്ത്തുകാരന് 67 പ്രവര്‍ത്തി ദിനവും 232 രൂപ പ്രതിദിന വേതനവും ലഭിച്ചിരുന്നത് ശരാശരി 200-300 പ്രവര്‍ത്തി ദിനവും 688 രൂപ പ്രതിദിന വേതനവും ആയി ഉയർത്താനും സര്‍ക്കാര്‍ യൂണിഫോം പദ്ധതിയിലൂടെ സാധിച്ചു.

കൈത്തറി മേഖലയെ കൂടുതൽ ഉയരങ്ങളിലേയ്ക്ക് എത്തിക്കാൻ ആവശ്യമായ നിരവധി പദ്ധതികൾ നടപ്പിലാക്കി വരികയാണ്. അടിസ്ഥാന സൗകര്യം, ആധുനികവത്കരണം, മാര്‍ക്കറ്റിങ്, മാനവശേഷി വികസനം പരമ്പരാഗതമായ കഴിവുകളെ സംരക്ഷിക്കല്‍, ക്ഷേമ പരിപാടികള്‍, താങ്ങുവില എന്നിങ്ങനെ വിവിധ തലങ്ങളിൽ പിന്തുണ നല്‍കി അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ മത്സരിക്കുന്നതിനുള്ള ശേഷി ഈ മേഖലയ്ക്ക് നേടി കൊടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തൊഴിലാളികള്‍ക്ക് ന്യായമായ കൂലിയും തുടര്‍ച്ചയായ ജോലിയും ഉറപ്പുവരുത്തി വ്യവസായത്തെ പുനര്‍ജ്ജീവിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ‘സ്‌കൂള്‍ യൂണിഫോം’ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളിലെ 1-7 വരെയും എയ്ഡഡ് സ്‌കൂളുകളിലെ 1-4 വരെയും സ്റ്റാന്‍ഡേര്‍ഡുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് സൗജന്യമായി കൈത്തറി യൂണിഫോം ഈ പദ്ധതി വഴി നല്‍കുന്നത്.

പ്രാഥമിക കൈത്തറി സഹകരണ സംഘങ്ങളില്‍ സര്‍ക്കാരിൻ്റെ ഓഹരി പങ്കാളിത്തം, ഹാൻ്റക്സ്/ഹാന്‍വീവ് എന്നിവയിലെ ഓഹരി പങ്കാളിത്തം എന്നിവ ഉറപ്പു വരുത്തുക വഴി കൂടുതൽ മൂലധനം കൈത്തറി മേഖലയിൽ കൊണ്ടു വന്നു. പ്രോത്സാഹനത്തിനും വികസനത്തിനുമായി നെയ്ത്തുകാര്‍ക്ക് ഗുണമേന്മയുള്ള അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാക്കുന്നതിനുള്ള സബ്സിഡി, ഗുണമേന്മയുള്ള അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്നതിനുള്ള മാര്‍ജ്ജിന്‍ മണി വായ്പ, കൈത്തറി മേഖലയില്‍ സ്വയം തൊഴില്‍ സൃഷ്ടിക്കല്‍/യുവവീവ് പദ്ധതി, നെയ്ത്തുകാര്‍ക്കും മറ്റ് തൊഴിലാളികള്‍ക്കുമുള്ള പ്രോത്സാഹന പരിപാടി, കൈത്തറി ഗ്രാമം, സമഗ്ര കൈത്തറി ഗ്രാമം എന്നീ പദ്ധതികൾ നടപ്പിലാക്കി. നെയ്ത്തുകാരുടെ ക്ഷേമം ഉറപ്പു വരുത്താനായി അംശദാന സമ്പാദ്യപദ്ധതി, കൈത്തറി നെയ്ത്തുകാര്‍ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി, ഉത്പാദനം, വിപണനം, പരിശീലനം എന്നിവയ്ക്കുള്ള പദ്ധതികള്‍ തുടങ്ങിയവ നടപ്പാക്കി. വിപണന-കയറ്റുമതി പ്രോത്സാഹനം, പരിശീലന, വൈദഗ്ധ്യ ശേഷി വികസനപരിപാടി, നാടുകാണി ടെക്സ്റ്റയില്‍ പ്രോസസിംഗ് സെൻ്റർ സ്ഥാപനം എന്നിങ്ങനെ വിവിധ പദ്ധതികളും കൈത്തറി മേഖലയുടെ ഉന്നമനത്തിനായി സർക്കാർ നടപ്പാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top