കെ എം ബഷീറിന്‍റെ അപകട മരണം; കേസ് ഇന്ന് കോടതിയില്‍, ശ്രീറാം വെങ്കട്ടരാമനും വഫയും ഹാജരാകാന്‍ നിർദ്ദേശം

മാധ്യമ പ്രവർത്തകന്‍ കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ് കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കേസില്‍ കുറ്റാരോപിതനായ ശ്രീറാം വെങ്കട്ടരാമനും അപകട സമയത്ത് വാഹനത്തില്‍ ഉണ്ടായിരുന്ന വഫയ്ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഇരുവരും കോടതിയില്‍ ഹാജരാകണമെന്നാണ് നിർദ്ദേശം.
ആദ്യഘട്ടമായി പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ച ശേഷമായിരിക്കും വിചാരണാ നടപടികള്‍ ആരംഭിക്കുക. ബഷീര്‍ കൊല്ലപ്പെട്ടിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയായ ശേഷം കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കുന്നത്. കുറ്റപത്രത്തിന്റെ പകര്‍പ്പുകള്‍ ഇരു പ്രതികളുടെയും അഭിഭാഷകര്‍ക്ക് കമ്മിറ്റല്‍ കോടതിയായ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി 2020 ഫെബ്രുവരി 24 ന് നല്‍കിയിരുന്നു.
പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ച് ഒന്നര വര്‍ഷം പിന്നിട്ട കേസില്‍ വിചാരണാ നടപടികള്‍ ആരംഭിക്കുന്നതിന്റെ ആദ്യഘട്ടമായാണ് കേസ് പരിഗണിക്കുന്നത്. കുറ്റപത്രവും അനുബന്ധ രേഖകളായ സാക്ഷിമൊഴികള്‍, മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ട്, ഫോറന്‍സിക് ഉള്‍പ്പെടയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം പത്തു വര്‍ഷം വരെ തടവും പിഴയും ശിക്ഷിക്കാവുന്ന സെഷന്‍സ് കുറ്റമായതിനാല്‍ മജിസ്ട്രേറ്റ് കോടതി സെഷന്‍സ് കോടതിക്ക് സമർപ്പിക്കുകയായിരുന്നു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here