ഐഎസ്എൽ ചരിത്രത്തിലെ റെക്കോർഡ് തുകയ്ക്ക് അപൂയ മുംബൈ സിറ്റിയിൽ

ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിലെ തന്നെ റെക്കോർഡ് തുകയ്ക്ക് യുവ മധ്യനിര താരം അപൂയ മുംബൈ സിറ്റി എഫ്സിയിൽ. നോർത്തീസ്റ്റ് യുണൈറ്റഡിൽ നിന്നാണ് താരത്തെ നിലവിലെ ചാമ്പ്യന്മാർ റാഞ്ചിയത്. എത്ര രൂപയാണ് ഈ ട്രാൻസ്ഫറിനായി മുംബൈ സിറ്റി മുടക്കിയത് എന്നതിനെപ്പറ്റി ഔദ്യോഗിക വെളിപ്പെടുത്തലുകൾ ഉണ്ടായില്ലെങ്കിലും പ്രതിവർഷം 11 കോടി രൂപ ശമ്പളമാണ് മുംബൈ സിറ്റി അപൂയക്ക് നൽകുകയെന്നാണ് സൂചന. ഒപ്പം നോർത്തീസ്റ്റിന് മുംബൈ 2 കോടി രൂപ ട്രാൻസ്ഫർ ഫീയും നൽകും. അഞ്ച് വർഷത്തേക്കാണ് കരാർ. (apuia transfer mumbai city)
ഇന്ത്യയിലെ ഏറ്റവും മികച്ച യുവതാരമായി കണക്കാക്കപ്പെടുന്ന താരമാണ് 20കാരനായ ലാലെങ്മാവിയ എന്ന അപൂയ. 2019ലാണ് താരം നോർത്തീസ്റ്റുമായി കരാർ ഒപ്പിട്ടത്. കഴിഞ്ഞ സീസണിൽ ടീം ക്യാപ്റ്റനായി നിയമിതനായ അപൂയ ഐഎസ്എലിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും സ്വന്തമാക്കി. സീസണിൽ ടീമിനായി ഗംഭീര പ്രകടനം നടത്തിയ താരത്തിന് ഒരു വർഷത്തെ കരാർ കൂടി ബാക്കിയുണ്ടായിരുന്നു. എന്നാൽ, മുംബൈ സിറ്റിയുടെ ഓഫർ സ്വീകരിക്കാൻ അപൂയ തയ്യാറാവുകയായിരുന്നു.
Read Also: ജിങ്കൻ ക്രൊയേഷ്യൻ ക്ലബിലേക്കെന്ന് സൂചന
മുംബൈ സിറ്റിക്കൊപ്പം എടികെ മോഹൻബഗാനും താരത്തെ സ്വന്തമാക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ, മുംബൈ മുന്നോട്ടുവച്ച വമ്പൻ ഓഫർ സ്വീകരിച്ച അപൂയയെ പിടിച്ചുനിർത്താൻ നോർത്തീസ്റ്റ് ശ്രമിച്ചെങ്കിലും താരം വഴങ്ങിയില്ല.
അതേസമയം, മുൻ കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റനും നിലവിൽ എടികെ മോഹൻബഗാൻ താരവുമായ ഇന്ത്യൻ പ്രതിരോധ താരം സന്ദേശ് ജിങ്കൻ ക്രൊയേഷ്യയിലേക്കെന്ന് സൂചന. ക്രൊയേഷ്യൻ മുൻനിര ക്ലബ് എച്ച്എൻകെ സിബേനിക്ക് താരവുമായി ഉടൻ കരാർ ഒപ്പിടുമെന്നാണ് വിവരം. ക്ലബും ജിങ്കനും തമ്മിലുള്ള ചർച്ചകൾ അവസാനിച്ചു. ഇരുവരും തമ്മിൽ ധാരണയായിക്കഴിഞ്ഞു. ഇനി ക്രൊയേഷ്യയിൽ കളിക്കുന്നതിനുള്ള വീസ അടക്കമുള്ള സാങ്കേതിക കാര്യങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. അത് പൂർത്തിയായാൽ ഇന്ത്യൻ താരം ക്രൊയേഷ്യയിലേക്ക് പറക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വരുന്ന സീസണിലും ഐഎസ്എൽ ഗോവയിൽ തന്നെ നടന്നേക്കും എന്നാണ് റിപ്പോർട്ട്. രാജ്യത്തെ കൊവിഡ് വ്യാപനം പരിഗണിച്ച് ഒരു സ്ഥലത്ത് തന്നെ ഇത്തവണയും ഐഎസ്എൽ നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ സീസൺ ഗോവയിലാണ് നടത്തിയത്. ലീഗ് വിജയകരമായിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണയും മത്സരങ്ങൾ ഗോവയിൽ തന്നെ നടക്കുമെന്ന് സൂചനയുണ്ട്. ഗോവയ്ക്കൊപ്പം കൊൽക്കത്തയും സംഘാടകർ പരിഗണിക്കുന്നുണ്ട്.
Story Highlight: apuia record transfer mumbai city
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here