കുറഞ്ഞ ഓവർ നിരക്ക്; ഇംഗ്ലണ്ടിനും ഇന്ത്യക്കും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് നഷ്ടം

ആദ്യ ടെസ്റ്റിലെ കുറഞ്ഞ ഓവർ നിരക്കിൻ്റെ പേരിൽ ഇംഗ്ലണ്ടിനും ഇന്ത്യക്കും തിരിച്ചടി. ഇരു ടീമുകളുടെയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിൻ്റുകളിൽ രണ്ട് പോയിൻ്റ് വീതം ഐസിസി കുറച്ചു. ഇതോടൊപ്പം മാച്ച് ഫീയുടെ 40 ശതമാനം വീതം ഇരു ടീമുകളും പിഴയൊടുക്കണം. ഇതോടെ ഇരു ടീമുകൾക്കും 2 പോയിൻ്റുകൾ വീതമായി. കളി സമനില ആയാൽ 4 പോയിൻ്റ് വീതമാണ് ലഭിക്കുക. (wtc points india england)
അതേസമയം, ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനു മുൻപ് ഇന്ത്യക്ക് തിരിച്ചടിയായി ഓൾറൗണ്ടർ ശർദ്ദുൽ താക്കൂറിനു പരുക്ക്. തുടഞരമ്പിനാണ് പരുക്കേറ്റിരിക്കുന്നത്. താക്കൂറിനു പകരം സ്പിൻ ഓൾറൗണ്ടർ ആർ അശ്വിൻ ടീമിലെത്താനാണ് സാധ്യത. ലോർഡ്സിൽ മികച്ച റെക്കോർഡുള്ള ഇഷാന്ത് ശർമ്മയ്ക്കും സാധ്യതയുണ്ട്. ബാറ്റിംഗിൽ കൂടി പരിഗണിക്കാവുന്ന താക്കൂർ പുറത്തായതിനാൽ നാല് പേസർമാരുമായി ഇറങ്ങാൻ ഇന്ത്യ മടിച്ചേക്കും. അതുകൊണ്ട് തന്നെ താക്കൂറിനു പകരം അശ്വിനും മൂന്നാം പേസർ സിറാജിനു പകരം ഇഷാന്തും ടീമിലെത്തിയേക്കും.
ഇംഗ്ലണ്ട് നിരയിലും പരുക്ക് പ്രശ്നമാണ്. പരിശീലനത്തിനിടെ കാൽവെണ്ണയ്ക്ക് പരുക്കേറ്റ സ്റ്റുവർട്ട് ബ്രോഡ് പുറത്തിരിക്കും. ജെയിംസ് ആൻഡേഴ്സൺ കളിക്കുന്ന കാര്യവും സംശയത്തിലാണ്. ഇരുവർക്കും പകരം മാർക്ക് വുഡും മൊയീൻ അലിയും കളിച്ചേക്കും. മോശം ഫോം തുടരുന്ന സാക്ക് ക്രൗളിക്ക് പകരം ഹസീബ് ഹമീദ് കളിക്കുന്നതും പ്രതീക്ഷിക്കാവുന്നതാണ്.
ആദ്യ ടെസ്റ്റ് മഴ മൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം ഇന്നിംഗ്സിൽ 209 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ നാലാം ദിനം അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 52 റൺസ് എന്ന നിലയിലായിരുന്നു. 157 റൺസ് ആയിരുന്നു അവസാന ദിനത്തിൽ ഇന്ത്യയുടെ വിജയലക്ഷ്യം. പക്ഷേ, മഴ കാരണം ഇന്ന് ഒരു പന്ത് പോലും എറിയാനായില്ല.
രണ്ടാം ഇന്നിംഗ്സിലും ഓപ്പണർമാർ ചേർന്ന് ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം നൽകി. 34 റൺസിൻ്റെ കൂട്ടുകെട്ടിനു ശേഷം രാഹുൽ മടങ്ങി. 26 റൺസെടുത്ത രാഹുലിൻ്റെ സ്റ്റുവർട്ട് ബ്രോഡ് മടക്കിഅയക്കുകയായിരുന്നു. മൂന്നാം നമ്പറിലെത്തിയ പൂജാര ആക്രമിച്ച് കളിച്ചു. നാലാം ദിനം അവസാനിക്കുമ്പോൾ പൂജാരയും രോഹിതും 12 റൺസെടുത്ത് നിൽക്കുകയായിരുന്നു.
Story Highlight: wtc points india england
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here