വണ്ടാനം മെഡിക്കൽ കോളേജിലേത് ഗുരുതര വീഴ്ച; അന്വേഷണത്തിനുത്തരവിട്ട് ആരോഗ്യ മന്ത്രി

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിനെതിരായ ആരോപണത്തിൽ അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കാണ് അന്വേഷണ ചുമതല. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു.
‘ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമം തടയാൻ നടപടികൾ സ്വീകരിക്കും. മെഡിക്കൽ കോളേജിലെ സി.സി.ടി.വി. പൊലീസ് എയ്ഡ് പോസ്റ്റുമായി ബന്ധിപ്പിക്കും’, ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ഗുരുതരമായാണ് ഈ വിഷയത്തെ കാണുന്നതെന്നും മന്ത്രി അറിയിച്ചു.
Read Also : വണ്ടാനം മെഡിക്കൽ കോളജിൽ വീണ്ടും ഗുരുതര വീഴ്ച ; രോഗി മരിച്ച വിവരം ബന്ധുക്കളെ അറിയിച്ചത് 4 ദിവസം കഴിഞ്ഞ്
നിലവിൽ സമാനമായ രണ്ട് പരാതികളാണ് വണ്ടാനം മെഡിക്കൽ കോളിജിനെതിരായി ലഭിച്ചിരിക്കുന്നത്. ഐ.സി.യു.വിൽ പ്രവേശിപ്പിച്ച ചെങ്ങന്നൂർ സ്വദേശി തങ്കപ്പൻ എന്ന രോഗി മരിച്ചത് നാല് ദിവസത്തിന് ശേഷമാണ് ബന്ധുക്കളെ അറിയിച്ചതെന്നാണ് ഒരു പരാതി. ഈ മാസം ഏഴിനാണ് തങ്കപ്പനെ മെഡിക്കൽ കോളജ് ആശുപത്രി പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിൻറെ ഭാര്യയും മകനും ഇതേ ആശുപത്രിയിൽ വാർഡിൽ ചികിത്സ ഉണ്ടായിരുന്നു. രോഗിയെ കുറിച്ച് വിവരം കിട്ടാതായപ്പോൾ ഐസിയുവിൽ നേരിട്ട് എത്തി അന്വേഷിച്ചപ്പോഴാണ് മരണപ്പെട്ടിട്ട് നാല് ദിവസം കഴിഞ്ഞെന്ന് ആശുപത്രി ജീവനക്കാർ പറയുന്നത്.
കഴിഞ്ഞ ദിവസവും സമാന രീതിയിൽ പരാതി ഉയർന്നിരുന്നു. ഹരിപ്പാട് സ്വദേശി ദേവദാസിന്റെ മരണത്തിലായിരുന്നു പരാതി. രോഗി മരിച്ച വിവരം രണ്ട് ദിവസം കഴിഞ്ഞാണ് അറിഞ്ഞതെന്ന് മകൾ രമ്യ ആരോപിച്ചിരുന്നു. രോഗിയെക്കുറിച്ച് ഐസിയു വിൽ അന്വേഷിച്ചപ്പോൾ മോർച്ചറിയിലേക്ക് മാറ്റിയെന്നായിരുന്നു ആശുപത്രി ജീവനക്കാർ നൽകിയ മറുപടിയെന്നും . രണ്ട് ദിവസം കഴിഞ്ഞാണ് മരണ വിവരം അറിയുന്നതെന്നും മകൾ പരാതി ഉന്നയിച്ചിരുന്നു.
Story Highlight: Veena George on Vandanam issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here