നവദമ്പതികള്‍ സഞ്ചരിച്ച വാഹനത്തില്‍ മയില്‍ ഇടിച്ചു; ഭര്‍ത്താവ് മരിച്ചു

മയില്‍ പറന്നുവന്ന് നവദമ്പതികള്‍ സഞ്ചരിച്ച ബൈക്കിലിടിച്ച് ഉണ്ടായ അപകടത്തില്‍ ഭര്‍ത്താവ് മരിച്ചു. പുന്നയൂര്‍ക്കുളം പീടികപറമ്പില്‍ മോഹനന്റെ മകന്‍ പ്രമോസ് (34) ആണ് മരിച്ചത്. തൃശൂര്‍ മാരാര്‍ റോഡിലെ സ്വകാര്യ ബാങ്കില്‍ ജീവനക്കാരനാണ് പ്രമോസ്. നാല് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം നടന്നത്.
ഒപ്പമുണ്ടായിരുന്ന ഭാര്യ വീണയ്ക്ക്(26) ഗുരുതരമായി പരിക്കേറ്റു. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്. അയ്യന്തോള്‍ പുഴക്കല്‍ റോഡില്‍ പഞ്ചിക്കലിലെ ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നിലാണ് ദാരുണമായ അപകടം ഉണ്ടായത്.
ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ റോഡിന് കുറുകെ പറന്ന മയില്‍ പ്രമോസിന്റെ നെഞ്ചില്‍ വന്നിടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ മതിലില്‍ ചെന്നിടിച്ച് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ബൈക്കിടിച്ച് മയിലും ചത്തു. മയിലിന്‍റെ ജഡം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി. തൃശൂര്‍ വെസ്‌റ്റ് സി.ഐയുടേയും എസ്.ഐയുടേയും നേതൃത്വത്തില്‍ തുടര്‍നടപടി സ്വീകരിച്ചു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here