മുംബൈയുടെ ഒമാൻ പര്യടനം; ജയ്സ്വാളിനെയും ദുബെയെയും റിലീസ് ചെയ്ത് രാജസ്ഥാൻ റോയൽസ്

ഒമാൻ പര്യടനത്തിനൊരുങ്ങുന്ന മുംബൈ ടീമിൻ്റെ ഭാഗമായ താരങ്ങളെ ഐപിഎൽ ക്യാമ്പിൽ നിന്ന് റിലീസ് ചെയ്ത് രാജസ്ഥാൻ റോയൽസ്. യശസ്വി ജയ്സ്വാളിനെയും ശിവം ദുബെയെയുമാണ് ടീം മാനേജ്മെൻ്റ് റിലീസ് ചെയ്തത്. പര്യടനത്തിനു ശേഷം ഇവർ ടീമിനൊപ്പം ചേരുമെന്ന് അധികൃതർ അറിയിച്ചു. (Rajasthan Royals Jaiswal Dube)
മൂന്ന് വീതം ഏകദിന ടി-20 മത്സരങ്ങളാണ് പര്യടനത്തിൽ ഉള്ളത്. ഈ മാസം 22 മുതൽ 26 വരെ ടി-20 പരമ്പരയും 29 മുതൽ സെപ്തംബർ 2 വരെ ഏകദിന പരമ്പരയും നടക്കും. മത്സരങ്ങൾ മസ്കറ്റിൽ നടക്കും. സെപ്തംബർ 19 മുതലാണ് ഐപിഎൽ രണ്ടാം പാദം ആരംഭിക്കുക.
വരുന്ന ടി-20 ലോകകപ്പിനു മുന്നോടി ആയുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് ഇന്ത്യൻ ഫസ്റ്റ് ക്ലാസ് ടീമിനെ ഒമാൻ ക്ഷണിച്ചിരിക്കുന്നത്. ഓഗസ്റ്റ് 19ന് മുംബൈ മസ്കറ്റിലേക്ക് തിരിക്കും. ക്വാറൻ്റീൻ കാലാവധിക്ക് ശേഷം ഓഗസ്റ്റ് 22, 24, 26 തീയതികളിൽ ടി-20കളും 29, 31, സെപ്തംബർ 2 തീയതികളിൽ ഏകദിന മത്സരങ്ങളും നടക്കും. പിറ്റേന്ന് മുംബൈ നാട്ടിലേക്ക് മടങ്ങും.
Read Also : പരിമിത ഓവർ പരമ്പരകൾക്കായി മുംബൈയെ ക്ഷണിച്ച് ഒമാൻ
അതേസമയം, ടി-20 ലോകകപ്പിൽ ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഗ്രൂപ്പ് ഘട്ട മത്സരം ഒക്ടോബർ 24നു നടക്കും. ദുബായ് ആവും വേദി. വാർത്താ ഏജൻസിയായ എഎൻഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ലോകകപ്പുകളിൽ ഇതുവരെ ഇന്ത്യയെ പരാജയപ്പെടുത്താൻ പാകിസ്താനു കഴിഞ്ഞിട്ടില്ല. മുൻപ് 11 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോഴും ഇന്ത്യക്കായിരുന്നു ജയം.
ലോകകപ്പിൽ ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിലാണ് ഉൾപ്പെട്ടിട്ടുള്ളത്. ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയെയും പാകിസ്തനെയും കൂടാതെ ന്യൂസിലൻഡ്, അഫ്ഗാനിസ്ഥാൻ, ഗ്രൂപ്പ് എ റണ്ണറപ്പ്, ഗ്രൂപ്പ് ബി വിജയി എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ.
ഒക്ടോബർ 17 മുതൽ നവംബർ 14 വരെ യുഎഇ, ഒമാൻ എന്നീവിടങ്ങളിലായാണ് ടി-20 ലോകകപ്പ് അരങ്ങേറുന്നത്. ഈ വർഷം മാർച്ച് 20 വരെയുള്ള ഐസിസി റാങ്കിങിന്റെ അടിസ്ഥാനത്തിലാണ് ഐസിസി ഗ്രൂപ്പുകൾ തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യയാണ് ഇത്തവണ ടി20 ലോകകപ്പ് ആതിഥേയർ. എന്നാൽ, കൊവിഡ് പ്രതിസന്ധി തുടരുന്ന പശ്ചാത്തലത്തിൽ ടൂർണമെന്റ് ഇന്ത്യയിൽ നിന്ന് മാറ്റാൻ നിർബന്ധിതരാകുകയായിരുന്നു.
Story Highlight: Rajasthan Royals release Yashasvi Jaiswal Shivam Dube
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here