നടരാജൻ ഐപിഎൽ രണ്ടാം പാദത്തിൽ കളിക്കും

സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ ഇന്ത്യൻ യുവ പേസർ ടി നടരാജൻ ഐപിഎൽ രണ്ടാം പാദത്തിൽ കളിക്കും. കാൽമുട്ടിനു പരുക്കേറ്റിരുന്ന നടരാജൻ സർജറിക്ക് ശേഷം ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിലായിരുന്നു. ഇപ്പോൾ താരം പരുക്കിൽ നിന്ന് പൂർണമായി മുക്തനായെന്ന് എൻസിഎ അധികൃതർ അറിയിച്ചിട്ടുണ്ട്. അതിനാൽ ഈ മാസം 31ന് താരം മറ്റ് ടീം അംഗങ്ങൾക്കൊപ്പം ദുബായിലേക്ക് പോകും. പരുക്കിനെ തുടർന്ന് നടരാജൻ ഐപിഎൽ ആദ്യ പാദത്തിൽ കളിച്ചിരുന്നില്ല. (natarajan play ipl uae)
സെപ്റ്റംബർ 19 മുതൽ ദുബൈയിലാണ് ഐപിഎൽ 14-ാം സീസണിന്റെ ബാക്കി മത്സരങ്ങൾ നടക്കുക. 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. അത് മൂന്ന് വേദികളിലായി നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.
ദുബൈ, അബുദാബി, ഷാർജ എന്നീ സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. ഫൈനലും ആദ്യ ക്വാളിഫയർ മത്സരവും ദുബൈയിൽ നടക്കും. ഒക്ടോബർ 15 ന് ഫൈനലും ഒക്ടോബർ 10 ന് ആദ്യ ക്വാളിഫയറും നടക്കും. എലിമിനിറ്റേർ മത്സരം ഒക്ടോബർ 11 നും രണ്ടാം ക്വാളിഫയർ 13 നും അബുദാബി സ്റ്റേഡിയത്തിലും നടക്കും.
Read Also : അടുത്ത വർഷം മുതൽ ഐപിഎലിൽ 10 ടീമുകൾ; സ്ഥിരീകരിച്ച് ബിസിസിഐ
ഐപിഎൽ രണ്ടാം പാദത്തിൽ ബബിൾ ടു ബബിൾ ട്രാൻസ്ഫറിന് ബിസിസിഐ അനുമതി നൽകിയിരുന്നു. അതുകൊണ്ട് തന്നെ വിവിധ രാജ്യങ്ങളിൽ ദേശീയ മത്സരങ്ങൾ കളിക്കുന്ന താരങ്ങൾക്ക് നേരിട്ട് ഐപിഎലിൽ പങ്കെടുക്കാനാവും. ആറു ദിവസത്തെ ക്വാറൻ്റീൻ ഇല്ലാതെ തന്നെ താരങ്ങൾക്ക് ഐപിഎൽ ബബിളിൽ പ്രവേശിക്കാൻ സാധിക്കും.
ഇംഗ്ലണ്ട്-ഇന്ത്യ പരമ്പര, ശ്രീലങ്ക-ദക്ഷിണാഫ്രിക്ക പരമ്പര, കരീബിയൻ പ്രീമിയർ ലീഗ് എന്നീ മത്സരങ്ങളാണ് ഐപിഎലിനു തൊട്ടുമുൻപായി നടക്കുന്നത്. ഈ മത്സരങ്ങളിൽ കളിക്കുന്ന താരങ്ങൾക്കെല്ലാം നേരിട്ട് ഐപിഎലിലെത്താം. ഈ മൂന്ന് ക്രിക്കറ്റ് പരമ്പരകളുമായി സഹകരിക്കുന്ന കമൻ്റേറ്റർമാർക്കും സംപ്രേഷണാധികാരം ഉള്ളവർക്കും ബബിൾ ടു ബബിൾ ട്രാൻസ്ഫർ സൗകര്യം ലഭ്യമാകും.
അതേസമയം, അടുത്ത വർഷം മുതൽ ഐപിഎലിൽ 10 ടീമുകൾ ഉണ്ടാവുമെന്ന് ബിസിസിഐ സ്ഥിരീകരിച്ചു. 8 ടീമുകളുമായുള്ള ഐപിഎലിൻ്റെ അവസാന സീസണാവും ഇതെന്ന് ട്രഷറർ അരുൺ ധുമാൽ വ്യക്തമാക്കി. ഇക്കൊല്ലം യുഎഇയിൽ നടക്കുന്ന ഐപിഎലിൻ്റെ അവസാന മത്സരങ്ങളിൽ കാണികളെ പ്രവേശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ ഐഎഎൻഎസിനോടാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.
Story Highlight: natarajan play ipl uae
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here