യുഎസ് സൈനിക വിമാനത്തിൽ പ്രസവിച്ച് അഫ്ഗാൻ യുവതി

അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്കൻ സൈനിക വിമാനത്തിൽ രക്ഷപ്പെടുന്നതിനിടെ പ്രസവിച്ച് യുവതി. അഫ്ഗാൻ സ്വദേശിനിയായ യുവതിയാണ് എയർഫോഴ്സിൻ്റെ സി-17 വിമാനത്തിൽ പ്രസവിച്ചത്. ജർമ്മനിയിലെ രംസ്തേൻ എയർബേസിലേക്ക് പറന്ന വിമാനത്തിലായിരുന്നു സംഭവം. അഫ്ഗാനിസ്ഥാനിൽ നിന്ന് രക്ഷപ്പെടുത്തുന്ന ആളുകളെ എത്തിക്കാനാണ് രംസ്തേൻ എയർബേസ് ഉപയോഗിക്കുന്നത്. (Afghan woman birth flight)
രംസ്തേൻ എയർബേസിലെത്തിയതിനു പിന്നാലെ യുവതിയെയും കുഞ്ഞിനെയും യുഎസ് മെഡിക്കൽ ടീമിനു കൈമാറി. പെൺകുഞ്ഞും മകളും സുഖമായിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ഇരുവരും നിലവിൽ ആശുപത്രിയിലാണ്.
കാബൂൾ വിമാനത്താവളത്തിലെ തിരക്കിനും മരണത്തിനും കാരണം അമേരിക്കയെന്ന് താലിബാൻ കുറ്റപ്പെടുത്തി. ഇത്ര കരുത്തും സൗകര്യങ്ങളും ഉണ്ടായിട്ടും വിമാനത്താവളത്തിൽ സമാധാനം കൊണ്ടുവരാൻ അമേരിക്കയ്ക്ക് സാധിച്ചില്ല. രാജ്യത്ത് മുഴുവൻ സമാധാനവും ശാന്തിയുമാണ്. കാബൂൾ വിമാനത്താവളത്തിൽ മാത്രമാണ് പ്രശ്നമുള്ളത് എന്നും താലിബാൻ പറഞ്ഞു.
Read Also : മൂന്ന് വിമാനങ്ങളിലായി ഇന്ത്യ ഇന്ന് തിരിച്ചെത്തിച്ചത് 400 പേരെ; അഫ്ഗാൻ രക്ഷാ ദൗത്യം ഊർജിതമാക്കി കേന്ദ്രം
വിമാനത്താവളത്തിനരികെയുണ്ടായ ആൾത്തിരക്കിൽ ഏഴ് പേർ മരണപ്പെട്ടതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. മരണപ്പെട്ട ഏഴ് പേരും അഫ്ഗാനിസ്ഥാൻ പൗരന്മാരാണ്. സംഭവത്തിൽ ദുഖം രേഖപ്പെടുത്തുന്നതായി യുകെ പ്രതിരോധ മന്ത്രാലയം വക്താവ് പറഞ്ഞു.
കഴിഞ്ഞ ആഴ്ച കാബൂളിൽ നിന്ന് ഒഴിപ്പിച്ചത് 2500 അമേരിക്കക്കാരെയെന്ന് മേജർ ജനറൽ വില്ല്യം ടെയ്‌ലർ അറിയിച്ചിരുന്നു. എത്രയും വേഗം ആളുകളെ ഒഴിപ്പിക്കാൻ അമേരിക്ക ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 17,000 പേരെയാണ് ആകെ ഒഴിപ്പിച്ചത്. ഇതിൽ 2500 പേർ അമേരിക്കൻ പൗരന്മാരാണ്. ഇനി അഫ്ഗാനിസ്ഥാനിൽ എത്ര അമേരിക്കക്കാർ ഉണ്ട് എന്നതിനെപ്പറ്റി കൃത്യമായ എണ്ണം ലഭ്യമല്ലെന്ന് പെൻ്റഗൺ വക്താവ് ജോൺ കിർബി പറഞ്ഞു.
നേരത്തെ, അഫ്ഗാനിൽ നിന്നുള്ളവർക്ക് താത്കാലിക അഭയമൊരുക്കാൻ കൂടുതൽ രാജ്യങ്ങൾ രംഗത്തുവന്നിരുന്നു. 5,000 പേർക്ക് പത്ത് ദിവസത്തിനകം അഭയമൊരുക്കാൻ തയാറാണെന്ന് യുഎഇ അറിയിച്ചു. കാബൂളിൽ നിന്ന് യുഎസ് വിമാനങ്ങളിൽ അഭയാർത്ഥികളെ യുഎഇയിൽ എത്തിക്കും.
അതേസമയം, അഫ്ഗാനിസ്ഥാനിലെ കാബൂൾ വിമാനത്താവളത്തിലെ രക്ഷാദൗത്യത്തിൽ അന്തിമ ഫലം ഉറപ്പിക്കാനാവില്ലെന്ന് യു.എസ്. പ്രസിഡൻറ് ജോ ബൈഡൻ അറിയിച്ചു. അഫ്ഗാനിലേത് ദുഷ്കരമായ ദൗത്യമെന്ന് ബൈഡൻ പറഞ്ഞു. അപകടകരമെന്നാണ് അഫ്ഗാൻ രക്ഷാദൗത്യത്തെ ബൈഡൻ വിശേഷിപ്പിച്ചത്. ചരിത്രത്തിലെ തന്നെ ഏറ്റവും ബുദ്ധിമുട്ടേറിയ ദൗത്യമാണിതെന്നും അദ്ദേഹം പറഞ്ഞു.
Story Highlight: Afghan woman birth child military flight
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here