കുഞ്ഞിന്റെ ജനനം; അവസാന രണ്ട് ടെസ്റ്റുകളിൽ നിന്ന് ജോസ് ബട്‌ലർ വിട്ടുനിന്നേക്കും

ഇന്ത്യക്കെതിരായ അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോസ് ബട്‌ലർ വിട്ടുനിന്നേക്കും. രണ്ടാമത്തെ കുഞ്ഞിൻ്റെ ജനനം പ്രതീക്ഷിക്കുന്നതിനാലാണ് താരം ടീമിൽ നിന്ന് വിട്ടുനിൽക്കുക. നേരത്തെ, ഇതേ കാരണം കൊണ്ട് തന്നെ താരം ഐപിഎൽ രണ്ടാം പാദത്തിൽ നിന്ന് പിന്മാറിയിരുന്നു. (Jos Buttler Test Series)
വരും ദിവസങ്ങളിൽ ഇക്കാര്യത്തെപ്പറ്റി കൃത്യമായ ധാരണയുണ്ടാവുമെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് വെളിപ്പെടുത്തിയിരുന്നു. ബട്‌ലർ മടങ്ങിയാൽ ജോണി ബെയർസ്റ്റോ വിക്കറ്റ് കീപ്പറായേക്കും.
രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്നിംഗ്സ് തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. ഇന്നിംഗ്‌സിനും 76 റൺസിനും ഇന്ത്യയെ തകർത്ത ഇംഗ്ലണ്ട് അഞ്ച് മത്സര പരമ്പരയിൽ ഒപ്പമെത്തി(1-1). ഇന്നിംഗ്‌സ് തോൽവി ഒഴിവാക്കാൻ 354 റൺസ് വേണ്ടിയിരുന്ന ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 215 റൺസെന്ന നിലയിലാണ് നാലാം ദിനം ക്രീസിലിറങ്ങിയത്. എന്നാൽ തുടക്കത്തിലെ ചേതേശ്വർ പൂജാരയെയും(91) ക്യാപ്റ്റൻ വിരാട് കോലിയെയും(55) നഷ്ടമായതോടെ ഇന്ത്യ പ്രതിരോധത്തിലായി.
ഇംഗ്ലണ്ടിന് വേണ്ടി ഒല്ലി റോബിൻസൺ അഞ്ച് വിക്കറ്റ് നേടിയപ്പോൾ ക്രെയിഗ് ഓവർട്ടൺ മൂന്ന് വിക്കറ്റ് നേടി. സ്‌കോർ ഇന്ത്യ 78, 278, ഇംഗ്ലണ്ട് 432. അജിങ്ക്യാ രഹാനെ(10), റിഷഭ് പന്ത്(1) എന്നിവരും പോരാട്ടമില്ലാതെ മടങ്ങി. വാലറ്റത്തെ കൂട്ടുപിടിച്ച് രവീന്ദ്ര ജഡേജ(30) നടത്തിയ ചെറുത്തുനിൽപ്പ് ഇന്ത്യയുടെ തോൽവിഭാരം കുറച്ചു.
Story Highlight: Jos Buttler Miss Remaining Matches Test Series
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here