ഡി.സി.സി. പുന:സംഘടന; ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലക്കും മറുപടിയുമായി വി.ഡി. സതീശൻ

സംസ്ഥാനത്ത് കോൺഗ്രസ് ഡി.സി.സി. അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതിന് പിന്നാലെ ഉയർന്ന പ്രതിഷേധങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. ഡി.സി.സി. അധ്യക്ഷന്മാരെ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നില്ലെന്ന ആരോപണം തള്ളി വി.ഡി. സതീശൻ. കോൺഗ്രസിലെ മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി രമേശ് ചെന്നിത്തല എന്നിവരുമായി ചർച്ചകൾ നടത്തിയെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി.
താനും സുധാകരനും മൂലയിൽ മാറിയിരുന്നു കൊടുത്ത ലിസ്റ്റ് അല്ല. എല്ലാവരെയും തൃപ്തിപ്പെടുത്തി ഒരു പട്ടിക ഉണ്ടാക്കാൻ ആകില്ല. താഴെ തട്ടിൽ ഉള്ളവരുടെ വരെ അഭിപ്രായങ്ങൾ തേടിയെന്നും, ഇതുവരെ ഇത്തരത്തിൽ ഒരു ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും തരുന്ന ലിസ്റ്റ് കൊടുക്കാൻ ആണെങ്കിൽ പിന്നെ താൻ ഈ സ്ഥാനത്ത് എന്തിനാണെന്നും വി.ഡി. സതീശൻ ചോദിച്ചു. ഡി.സി.സി. ലിസ്റ്റിൽ ആരും പെട്ടിതൂക്കികൾ അല്ല. ഇപ്പോഴത്തെ 14 പേരിൽ ആരാണ് പെട്ടി തൂക്കികളെന്ന് വിശദീകരിക്കണമെന്നും വി.ഡി. സതീശൻ അവധ്യപ്പെട്ടു. അത്തരം വിമർശനങ്ങൾ അംഗീകരിക്കില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പരസ്യ വിമർശനം നടത്താൻ പാടില്ലായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. കെ.പി. അനിൽ കുമാറിന്റെ വിമർശനം കടുത്ത അച്ചടക്ക ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ.പി.സി.സി. പുനഃസംഘടനയിൽ വനിതകൾക്ക് മികച്ച പരിഗണന നൽകുമെന്നും പ്രതിപക്ഷ നേതാവ് ഉറപ്പ് നൽകി.
പട്ടിക വൈകുന്നു എന്ന് ഒരു ഭാഗത്തു പറയുക, മറ്റൊരു ഭാഗത്തു ഇത് നീട്ടികൊണ്ട് പോകുക അത് ശരിയല്ല. ഡി.സി.സി. പുനഃസംഘടനയുടെ എല്ലാ ഉത്തരവാദിത്തവും താനും കെ. സുധാകരനും ഏറ്റെടുക്കുന്നു. അനാവശ്യ സമ്മർദ്ദത്തിന് വഴങ്ങില്ല. യു.ഡി.എഫി.നെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമം ആണെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
Story Highlight: VD Satheesan’s response over DCC list
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here