മകളും കാമുകനും ചേർന്ന് അച്ഛനെ കൊലപ്പെടുത്തിയ കേസ്; പ്രതികൾക്ക് ജീവപര്യന്തം

ആലപ്പുഴയിൽ മകളും കാമുകനും ചേർന്ന് അച്ഛനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും 50000 രൂപ പിഴയും വിധിച്ച് കോടതി. മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. ചാരുംമൂട് സ്വദേശി ശശിധര പണിക്കരെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. കൃഷ്ണപുരം സ്വദേശി റിയാസ്, കാമുകി ശ്രീജമോൾ, സുഹൃത്ത് നൂറനാട് സ്വദേശി രതീഷ് എന്നിവരാണ് പ്രതികൾ. (daughter gets lifetime imprisonment)
2013 ഫെബ്രുവരി 23 നാണ് കേസിനാസ്പദമായ സംഭവം. റിയാസും ശ്രീജമോളും പ്രണയത്തിലായിരുന്നു. റിയാസ് ജോലി തേടി വിദേശത്ത് പോയതോടെ ഇരുവർക്കും വിവാഹം കഴിക്കാനായില്ല. ശ്രീജമോൾ മറ്റൊരാളെ വിവാഹം കഴിച്ചെങ്കിലും റിയാസുമായി ബന്ധം തുടരുന്നത് മനസ്സിലാക്കി ഭർത്താവ് വിവാഹമോചനം നേടി. വിവാഹമോചനത്തിന് ശേഷം മകൾ ആർഭാട ജീവിതം നയിക്കുന്നത് മനസ്സിലാക്കിയ ശശിധരപ്പണിക്കർ അത് എതിർത്തതോടെ വീട്ടിൽ വഴക്ക് പതിവായി. പിതാവ് ജീവിച്ചിരുന്നാൽ റിയാസിനൊപ്പം ജീവിക്കാൻ സാധിക്കില്ലെന്ന് മനസിലാക്കിയ ശ്രീജമോൾ റിയാസുമായി ഗൂഢാലോചന നടത്തി പിതാവിനെ കൊലപ്പെടുത്തുകയായിരുന്നു.
Read Also : ഒൻപത് വയസുകാരിയുടെ പീഡന കൊലപാതകം; ഡൽഹി ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു
അവധിക്ക് നാട്ടിലെത്തിയ റിയാസ് സുഹൃത്ത് രതീഷിനൊപ്പം 2013 ഫെബ്രുവരി 19ന് രാത്രി ശശിധരപ്പണിക്കരെ നൂറനാട് പടനിലത്ത് കരിങ്ങാലിപ്പുഞ്ചയ്ക്ക് സമീപം വിളിച്ചുവരുത്തി മദ്യത്തിൽ വിഷം കലർത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ ശശിധരപണിക്കർ മദ്യം ഛർദിച്ചതോടെ മരിക്കില്ലെന്ന് ബോധ്യപ്പെട്ടു. ഇതോടെ റിയാസും രതീഷും ചേർന്ന് ശശിധരപ്പണിക്കരെ കുത്തിയും തലയ്ക്ക് അടിച്ചും പരുക്കേൽപ്പിച്ച ശേഷം തോർത്ത് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് സമീപത്തെ കുളത്തിൽ ഉപേക്ഷിക്കുകയായിരുന്നു.
ശശിധര പണിക്കരുടേത് മുങ്ങിമരണമാണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെ സംശയങ്ങളാണ് കൊലപാതകമെന്ന നിഗമനത്തിലേക്ക് പൊലീസിനെ വഴിതെളിച്ചത്.
Story Highlight: daughter gets lifetime imprisonment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here