പഞ്ജ്‌ഷീറിൽ ഏറ്റുമുട്ടൽ; 700ലധികം താലിബാനികൾ കൊല്ലപ്പെട്ടു എന്ന് റിപ്പോർട്ട്

അഫ്ഗാനിസ്ഥാനിലെ പഞ്ജ്ഷീറിലുണ്ടായ ഏറ്റുമുട്ടലിൽ 700ലധികം താലിബാനികൾ കൊല്ലപ്പെട്ടു എന്ന് റിപ്പോർട്ട്. അഫ്ഗാൻ റെസിസ്റ്റൻസ് ഫോഴ്സ് ആണ് ഇക്കാര്യം അറിയിച്ചത്. 1000ലധികം താലിബാനികൾ തടവിലാണെന്നും അഫ്ഗാൻ റെസിസ്റ്റൻസ് ഫോഴ്സ് അവകാശപ്പെടുന്നു. കുഴിബോംബുകൾ ഉള്ളതുകാരണം പ്രദേശത്തെ താലിബാൻ ആക്രമണം മന്ദഗതിയിലാണ്. ഇതാണ് ഇവർ കൊല്ലപ്പെടാനുള്ള പ്രധാന കാരണമായതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. (700 taliban killed afghanistan)
കാബൂളിൽ പ്രതിഷേധക്കാരെ താലിബാൻ മർദ്ദിച്ചു എന്ന് കഴിഞ്ഞ ദിവസം വാർത്ത വന്നിരുന്നു. താലിബാനെതിരെ കാബൂളിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധ സമരത്തിൽ പങ്കെടുത്ത സ്ത്രീകളെയാണ് താലിബാൻ മർദ്ദിച്ചത്. പ്രതിഷേധവുമായി പ്രസിഡൻഷ്യൽ പാലസിലേക്ക് മാർച്ച് ചെയ്യുകയായിരുന്ന പ്രതിഷേധക്കാരെ താലിബാൻ തടയുകയും അവർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. ഇതിനിടെ പ്രതിഷേധക്കാരെ താലിബാൻ മർദ്ദിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
താലിബാൻ മർദ്ദിച്ച പ്രതിഷേധക്കാരിൽ പെട്ട റാബിയ സാദത് എന്ന യുവതിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മുഖത്ത് ചോരയൊലിപ്പിച്ച നിലയിലുള്ള റാബിയയുടെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. മറ്റൊരു ദൃശ്യത്തിൽ പ്രതിഷേധക്കാരെ തടയുന്ന താലിബാൻ കമാൻഡർമാരെയും കാണാം.
Read Also : കാബൂളിൽ പ്രതിഷേധക്കാരെ മർദ്ദിച്ച് താലിബാൻ; ദൃശ്യങ്ങൾ
കാബൂളിലെ തെരുവിലാണ് സമത്വവും നീതിയും ജനാധിപത്യവും ആവശ്യപ്പെട്ട് സ്ത്രീകൾ പ്രതിഷേധിച്ചത്. 20 വർഷം മുൻപുണ്ടായിരുന്ന ആളുകളല്ല തങ്ങളെന്ന മുദ്രാവാക്യവുമാണ് അവർ തെരുവിലിറങ്ങിയത്. താലിബാൻ അധികാരത്തിലേറിയതിനു ശേഷം പല തവണ പലയിടങ്ങളിലായി സ്ത്രീകൾ പ്രതിഷേധിച്ചിരുന്നു.
അതേസമയം, താലിബാൻ നടത്തിയ വിജയാഘോഷത്തിൽ കൊല്ലപ്പെട്ടത് നിരവധി ആളുകളെന്ന് റിപ്പോർട്ട്. കാബൂളിൽ താലിബാൻ വെടിയുതിർത്ത് വിജയാഘോഷം നടത്തുന്നതിനിടെ കുട്ടികളടക്കം നിരവധി ആളുകളാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. അഫ്ഗാൻ വാർത്താ ഏജൻസി അസ്‌വാകയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
നാഷണൽ റെസിസ്റ്റൻസ് ഫ്രണ്ട് ഓഫ് അഫ്ഗാനിസ്ഥാനെ കീഴടക്കി പഞ്ജ്ഷീർ താഴ്‌വര കീഴടക്കിയതിനു പിന്നാലെയായിരുന്നു താലിബാൻ്റെ വിജയാഘോഷം. ഇതിൻ്റെ വെടിയൊച്ചകൾ കാബൂളിലെങ്ങും മുഴങ്ങിക്കേട്ടിരുന്നു. അപകടത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം നങ്കർഹർ പ്രവിശ്യയിൽ കുറഞ്ഞത് 17 പേർക്ക് അപകടം സംഭവിച്ചിട്ടുണ്ട്. എത്ര പേർ കൊല്ലപ്പെട്ടുവെന്നോ എത്ര പേർക്ക് പരുക്കേറ്റുവെന്നോ ഉള്ള കൃത്യമായ കണക്കുകൾ ലഭ്യമല്ല.
Story Highlight: 700 taliban killed afghanistan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here