പാരാലിമ്പിക്സ്: ബാഡ്മിന്റണിൽ ഇന്ത്യയ്ക്ക് വീണ്ടും സ്വർണം

ടോക്യോ പാരാലിമ്പിക്സിൽ ഇന്ത്യക്ക് വീണ്ടുംസ്വർണം. പുരുഷ വ്യക്തിഗത ബാഡ്മിൻ്റൺ എസ്എച്ച്4 വിഭാഗത്തിൽ കൃഷ്ണ നഗർ ആണ് ഇന്ത്യക്കായി അഞ്ചാം സ്വർണം നേടിയത്. മൂന്ന് സെറ്റുകൾ നീണ്ട മത്സരത്തിൽ ഹോങ്കോങിൻ്റെ മാൻ കൈ ചുവിനെ കീഴടക്കിയാണ് ഇന്ത്യൻ താരത്തിൻ്റെ സുവർണ നേട്ടം. സ്കോർ 21-17, 16-21, 21-17. ഇതോടെ ഇന്ത്യയുടെ മെഡൽ നില 19 ആയി. 5 സ്വർണവും 8 വെള്ളിയും 6 വെങ്കലവുമാണ് ഇന്ത്യയ്ക്കുള്ളത്. (paralympics india gold badminton)
ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇന്ത്യൻ താരവും ഹോങ്കോങ് താരവും തമ്മിൽ കാഴ്ചവച്ചത്. മൂന്ന് സെറ്റുകളിലും ഒപ്പത്തിനൊപ്പം മത്സരിച്ച താരങ്ങൾ ആവേശം നിറച്ചാണ് പോരടിച്ചത്. ആദ്യ സെറ്റ് 21-17 നു സ്വന്തമാക്കിയ കൃഷ്ണയെ അടുത്ത സെറ്റിൽ 16-21 എന്ന സ്കോറിനു കീഴടക്കി ഹോങ്കോങ് താരം ഒപ്പമെത്തി. നിർണായകമായ അവസാന സെറ്റിൽ ഇന്ത്യൻ താരം അവസരത്തിനൊർത്തുയർന്ന് വിജയം പിടിച്ചുവാങ്ങുകയായിരുന്നു.
Read Also : പാരാലിമ്പിക്സ്; ബാഡ്മിന്റണിൽ സുഹാസ് യതിരാജിനു വെള്ളി
നേരത്തെ, ബാഡ്മിൻ്റണിലൂടെ സുഹാസ് യതിരാജാണ് ഇന്ത്യക്ക് 18ആം മെഡൽ സമ്മാനിച്ചിരുന്നു. പുരുഷന്മാരുടെ വ്യക്തിഗത എസ്എൽ4 വിഭാഗത്തിലെ സ്വർണ മെഡൽ പോരിൽ ഫ്രാൻസിൻ്റെ ടോപ്പ് സീഡ് താരം ലൂക്കാസ് മസുറിനോട് കീഴടങ്ങിയ താരം വെള്ളിമെഡൽ നേടുകയായിരുന്നു. എതിരാളി ടോപ്പ് സീഡ് താരമാണെങ്കിലും മൂന്ന് സെറ്റ് നീണ്ട മത്സരത്തിൽ മികച്ച പോരാട്ടം കാഴ്ചവച്ചാണ് യതിരാജ് കീഴടങ്ങിയത്. ആദ്യ സെറ്റ് സ്വന്തമാക്കാൻ ഇന്ത്യൻ താരത്തിനു കഴിഞ്ഞു. എന്നാൽ അടുത്ത രണ്ട് സെറ്റുകൾ തിരിച്ചുപിടിച്ച് ലൂക്കാസ് സ്വർണം നേടുകയായിരുന്നു.
എസ്എൽ3 പുരുഷ വ്യക്തിഗത ബാഡ്മിൻ്റൺ ഫൈനലിൽ ഇന്ത്യ ടോക്യോ പാരാലിമ്പിക്സിലെ നാലാം സ്വർണം കുറിച്ചിരുന്നു. ബ്രിട്ടണിൻ്റെ ഡാനിയൽ ബെഥലിനെ കീഴടക്കി പ്രമോദ് ഭാഗത് ആണ് ഇന്ത്യക്കായി സുവർണ നേട്ടം കുറിച്ചത്. സ്കോർ 21-14, 21-17. ഈയിനത്തിൽ വെങ്കലവും ഇന്ത്യക്ക് തന്നെയാണ്. ജപ്പാൻ്റെ ദൈസുക്കെ ഫുജിഹാരയെ 22-20, 21-13 എന്ന സ്കോറുകൾക്ക് കീഴടക്കി മനോജ് സർക്കാർ ആണ് ഇന്ത്യക്കായി വെങ്കലം നേടിയത്. പാരാലിമ്പിക്സ് ചരിത്രത്തിലാദ്യമായാണ് ഇക്കുറി ബാഡ്മിൻ്റൺ നടന്നത്. അതുകൊണ്ട് തന്നെ ഈയിനത്തിലെ ആദ്യ മെഡലുകൾ നേടിയ താരങ്ങളെന്ന റെക്കോർഡും ഇന്ത്യൻ താരങ്ങൾ കുറിച്ചു.
Story Highlight: paralympics india gold badminton
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here