25
Sep 2021
Saturday

യുഎഇയിൽ സ്പിൻ ഹെവി സംഘം; ഇന്ത്യയുടെ ടി-20 ലോകകപ്പ് ടീം അവലോകനം

india world cup team

ആർ അശ്വിൻ തിരികെയെത്തി. അത് തന്നെയാണ് ടീമിലെ ഏറ്റവും മികച്ച സെലക്ഷൻ. ഏത് കണ്ടീഷനിലും ഏത് പിച്ചിലും ഏത് ഫോർമാറ്റിലും ഇംപാക്ട് ഉണ്ടാക്കാൻ കഴിയുന്ന ബൗളറാണ് അശ്വിൻ. യുഎഇയിൽ നടന്ന കഴിഞ്ഞ ഐപിഎലിൽ 13 വിക്കറ്റുള്ള അശ്വിൻ തലച്ചോർ ഉപയോഗിച്ച് പന്തെറിയുന്ന പ്ലയറാണ്. സാഹചര്യവും ബാറ്റ്സ്മാനെയും പിച്ചിനെയും പരിഗണിച്ചാണ് അശ്വിൻ പന്തെറിയുക. യുഎഇയിലെ സ്പിൻ ബൗളിംഗ് കണ്ടീഷനിൽ അശ്വിൻ വളരെ മികച്ച ഒരു സെലക്ഷനാണ്. ഐപിഎൽ മത്സരങ്ങൾ കഴിഞ്ഞതിനു ശേഷം അതേ വേദികളിലാണ് ലോകകപ്പ് നടക്കുന്നത് എന്നതുകൊണ്ട് തന്നെ സ്പിന്നർമാർക്ക് ടീമുകളിൽ വലിയ റോളുകൾ വഹിക്കാനുണ്ടാവും. ഇന്ത്യൻ ടീമിൽ അതിനു ചുക്കാൻ പിടിക്കുന അശ്വിനാവും. (india world cup team)

ധവാന് പകരം ലോകേഷ് രാഹുൽ ഓപ്പണർ. മറ്റൊരു മികച്ച സെലക്ഷൻ. പഞ്ചാബ് കിംഗ്സിലെ അസ്ഥിരമായ ബാറ്റിംഗ് ഡിപ്പാർട്ട്മെൻ്റ് പോലെയല്ല ഇന്ത്യയുടേത് എന്നതുകൊണ്ട് തന്നെ രാഹുലിന് ഓപ്പണിംഗിൽ സമ്മർദ്ദമില്ലാതെ കളിക്കാനാവും. രോഹിതിനൊപ്പം കോലി ഓപ്പൺ ചെയ്തേക്കുമെന്ന് സൂചനകളുണ്ടെങ്കിലും ഇന്ത്യൻ നായകൻ മൂന്നാം നമ്പറിൽ തന്നെ ബാറ്റ് ചെയ്യാനിറങ്ങുന്നതാണ് നല്ലത്. അതാണ് ടീമിനു ബാലൻസ് നൽകുക. സൂര്യകുമാറിനെ മൂന്നാം നമ്പറിൽ ഇറക്കി കോലി ഓപ്പൺ ചെയ്യുക എന്ന സാധ്യതയുണ്ട്. പക്ഷേ, മികച്ച ഓപ്പണറായ രാഹുലിനെ പുറത്തിരുത്തുക എന്നത് മണ്ടത്തരമാണ്. കോലി ഓപ്പൺ ചെയ്യുമ്പോൾ രാഹുൽ കളിച്ചെങ്കിൽ പോലും ബാറ്റിംഗ് ഓർഡറിൻ്റെ ബാലൻസ് നഷ്ടപ്പെടും.

ബാക്കപ്പ് വിക്കറ്റ് കീപ്പറായി ഇഷാൻ കിഷൻ. ഭേദപ്പെട്ട സെലക്ഷൻ. സഞ്ജുവിനെക്കാൾ മികച്ച സെലക്ഷനാണോ എന്ന് തെളിയിക്കേണ്ട ചുമതല കിഷനിൽ തന്നെയാണ്. സ്ഥിരമായ മികച്ച പ്രകടനങ്ങൾ കിഷനിൽ നിന്ന് ഉറപ്പിക്കാനാവില്ല എന്നത് വ്യക്തമാണ്. പക്ഷേ, സഞ്ജു കിട്ടിയ അവസരങ്ങൾ പാഴാക്കുകയും മറ്റ് വിക്കറ്റ് കീപ്പിംഗ് ഓപ്ഷനുകൾ ഇല്ലാതാവുകയും ചെയ്തതോടെ കിഷനു നറുക്ക് വീഴുകയായിരുന്നു. ഋഷഭ് പന്ത് പോലും ഐപിഎലിലെ മികവ് രാജ്യാന്തര ടി-20യിൽ കാഴ്ചവച്ചിട്ടില്ല. യുഎഇയിലെ പിച്ചുകൾ പരിഗണിക്കുമ്പോൾ കിഷനും പന്തും എത്ര മാത്രം ശോഭിക്കുമെന്നതിൽ ആശങ്കയുണ്ട്. പന്ത് കൂടുതൽ പക്വതയുള്ള ബാറ്റ്സ്മാൻ ആയിട്ടുണ്ടെന്നത് ആശ്വാസമാണ്. ഡൽഹി ക്യാപിറ്റൽസിൻ്റെ നായക സ്ഥാനവും പന്തിനെ കൂടുതൽ ഉത്തരവാദിത്തമുള്ള ബാറ്റ്സ്മാൻ ആക്കിയിട്ടുണ്ട്. ഇവിടെയാണ് പ്രതീക്ഷ.

Read Also : ട്വന്റി-20 ലോകകപ്പ് : ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

സൂര്യകുമാർ യാദവ് ഇന്ത്യൻ ടീമിൻ്റെ കോർ ആകുമെന്നാണ് കരുതപ്പെടുന്നത്. സ്പിന്നർമാർക്കെതിരെ അസാമാന്യ പ്രകടനങ്ങൾ നടത്താൻ ശേഷിയുള്ള, ഇന്നിംഗ്സ് നിയന്ത്രിക്കാൻ കഴിവുള്ള സൂര്യ യുഎഇയിലെ പിച്ചുകളിൽ ഇന്ത്യൻ ഇന്നിംഗ്സിനെ നയിച്ചേക്കും.

ഹർദ്ദിക് പാണ്ഡ്യയുടെ സെലക്ഷൻ അമ്പരപ്പിക്കുന്നതാണ്. പരുക്കിൽ നിന്ന് മുക്തനായതിനു ശേഷം ഇതുവരെ പൂർണ ഫോമിൽ തിരികെയെത്താൻ ഹർദ്ദിക്കിനു കഴിഞ്ഞിട്ടില്ല. ഐപിഎൽ ആദ്യ പാദത്തിൽ ഹർദ്ദിക് പന്തെറിഞ്ഞില്ല. ശ്രീലങ്കൻ പര്യടനത്തിൽ പന്തെറിഞ്ഞെങ്കിലും റൺസ് വിട്ടുനൽകുന്നതിൽ പിശുക്ക് കാണിക്കാതിരുന്നത് ആശങ്കയാണ്. ഐപിഎൽ രണ്ടാം പാദത്തിൽ ഹർദ്ദിക് പന്തെറിയുമെന്ന് ഇന്ത്യൻ ചീഫ് സെലക്ടർ ചേതൻ ശർമ്മ അറിയിച്ചിട്ടുണ്ട് എന്നതുകൊണ്ട് തന്നെ അതാവും താരത്തിന് ഫോമിലെത്താനുള്ള അവസാന അവസരം. ബാറ്റിംഗിലും പഴയ കരുത്തില്ല. യുഎഇ കണ്ടീഷനുകൾ കൃത്യമായി മനസ്സിലാക്കി ഹർദ്ദിക് തിരികെയെത്തുക എന്നത് ഹർദ്ദിക്കിനെപ്പോലെ ഇന്ത്യക്കും നിർണായകമാണ്.

അശ്വിനൊപ്പം രാഹുൽ ചഹാർ, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ, വരുൺ ചക്രവർത്തി എന്നീ സ്പിൻ ഓപ്ഷനുകളാണ് ഉള്ളത്. യുഎഇയിലെ സാഹചര്യം പരിഗണിക്കുമ്പോൾ മികച്ച സെലക്ഷനുകൾ തന്നെയാണ്. പക്ഷേ, ശരാശരി ലെഫ്റ്റ് ആം സ്പിന്നർ മാത്രമായ അക്സറിൻ്റെ സെലക്ഷനിൽ സംശയങ്ങൾ ഉയർത്തുന്നുണ്ട്. ബാറ്റ്സ്മാൻ എന്ന നിലയിൽ അക്സർ രാജ്യാന്തര ടി-20യിൽ അത്ര മികച്ച താരമല്ല. ലെഫ്റ്റ് ആം സ്പിന്നർ എന്ന നിലയിൽ ജഡേജയുടെ ഡയറക്ട് സ്വാപ് എന്നത് മാത്രമാണ് അക്സറിൻ്റെ സെലക്ഷനെ ന്യായീകരിക്കാനുള്ള ഒരേയൊരു കാര്യം. രാജ്യാന്തര ക്രിക്കറ്റിൽ ഏറെ പരിചയമില്ലെങ്കിലും വരുൺ ചക്രവർത്തിയും മികച്ച സെലക്ഷനാണ്. യുഎഇയിലെ സാഹചര്യം തന്നെയാണ് ഈ സെലക്ഷനുകളെ ന്യായീകരിക്കുന്നത്. ജഡേജയുടെയും ചഹാറിൻ്റെയും സെലക്ഷനുകൾ മികച്ചത് തന്നെ.

ബുംറ, ഷമി, ഭുവി എന്നീ മൂന്ന് പേർ മാത്രമാണ് പേസ് ഓപ്ഷനായി ഉള്ളത്. റിസർവ് താരങ്ങളുടെ പട്ടികയിൽ ശർദ്ദുലും ദീപക് ചഹാറും ഉണ്ടെന്നതാണ് മറ്റൊരു കാര്യം. എങ്കിലും മെയിൻ ടീമിൽ ഒരു നാലാം പേസർ കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായേനെ എന്ന് തോന്നുന്നു. പക്ഷേ, യുഎഇയിലെ സാഹചര്യം പരിഗണിക്കുമ്പോൾ ഈ സെലക്ഷനും ന്യായീകരിക്കാവുന്നതാണ്.

ശ്രേയാസ് അയ്യർ റിസർവ് പട്ടികയിൽ പെട്ടത് കഴിഞ്ഞ കുറേ കാലമായി താരം ക്രിക്കറ്റ് കളിക്കാത്തതിനാലാണ്. ഐപിഎൽ ആദ്യ പാദ മത്സരങ്ങളടക്കം ഇതുവരെ അയ്യർ ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുകയാണ്. വേണ്ടത്ര മാച്ച് പ്രാക്ടീസ് ഇല്ലാത്ത അയ്യരുടെ ഫോമിനെപ്പറ്റിയുള്ള ധാരണയും ഇല്ല. അതുകൊണ്ട് തന്നെ റിസർവ് താരമായി ടീമിൽ ഉൾപ്പെടുത്തുകയാണ് ഏറ്റവും യോജിച്ച തീരുമാനം. ഐപിഎൽ രണ്ടാം പാദ മത്സരങ്ങൾ കളിച്ച് അയ്യർക്ക് ഫോം വീണ്ടെടുക്കാനുള്ള അവസരമുണ്ട്. ടി നടരാജനും പരുക്ക് തിരിച്ചടി ആയതാണ്. കുറേ കാലമായി താരവും ക്രിക്കറ്റ് കളിച്ചിട്ടില്ല. അയ്യരിനെപ്പോലെ മാച്ച് പ്രാക്ടീസും ഫോമും കാരണം താരം പുറത്ത്. പകരം ഫോമിലുള്ള ശർദ്ദുലും ദീപകും അകത്ത്.

ആകെ പരിഗണിക്കുമ്പോൾ കരുത്തുള്ള ടീം തന്നെയാണ് ഇന്ത്യയുടേത്. യുഎഇ സാഹചര്യങ്ങൾ പരിഗണിച്ചാൽ മികച്ച സ്പിന്നർമാരും സ്പിന്നർമാർക്കെതിരെ മികച്ച റെക്കോർഡുള്ള ബാറ്റ്സ്മാന്മാരും ഉൾപ്പെടുന്ന നല്ല ഒരു ടീം. നാലാം പേസർ ഇല്ലാത്തതും അക്സർ പട്ടേലിൻ്റെ സെലക്ഷനും ഒരു ബാറ്റിംഗ് ഓപ്ഷൻ കൂടി ഇല്ലാത്തതും ആശങ്കയാവുമ്പോൾ തന്നെ കപ്പടിക്കാൻ ശേഷിയുള്ള ടീം തന്നെയാണ് ഇത്.

Story Highlight: india t20 world cup team analysis

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top