മെസിക്ക് ഹാട്രിക്ക്; നെയ്മറിന് ഗോൾ: ബ്രസീലിനു അർജന്റീനയ്ക്കും ജയം

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനും അർജൻ്റീനയ്ക്കും ജയം. ബ്രസീൽ പെറുവിനെയും അർജൻ്റീന ബൊളീവിയെയുമാണ് തോൽപിച്ചത്. സൂപ്പർ താരങ്ങളായ ലയണൽ മെസിയും നെയ്മറും ഇരുവരുടെയും ടീമുകളുടെ ജയത്തിൽ നിർണായക പങ്കുവഹിച്ചു. അർജൻ്റീനക്കായി മെസി ഹാട്രിക്ക് നേടിയപ്പോൾ നെയ്മർ ബ്രസീലിനായി ഒരു ഗോൾ നേടി. (brazil argentina won qualifiers)
ബൊളീവിയക്കെതിരെ മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു അർജൻ്റീനയുടെ ജയം. 14ആം മിനിട്ടിൽ മെസി ഗോൾവേട്ട ആരംഭിച്ചു. 64ആം മിനിട്ടിൽ സൂപ്പർ താരം അടുത്ത ഗോളടിച്ചു. 88ആം മിനിട്ടിൽ റീബൗണ്ടിലൂടെ മൂന്നാം ഗോളടിച്ച മെസി ഹാട്രിക്ക് നേടി. അർജൻ്റൈൻ കുപ്പായത്തിൽ മെസിയുടെ ഏഴാം ഹാട്രിക്ക് നേട്ടമാണ് ഇത്. ഇതോടെ സൗത്ത് അമേരിക്കൻ ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവുമധികം ഗോൾ നേടിയ താരമെന്ന റെക്കോർഡും മെസി സ്വന്തമാക്കി. ബ്രസീൽ ഇതിഹാസ താരം പെലെയുടെ 77 ഗോളുകളെന്ന റെക്കോർഡ് മറികടന്ന് 79 ഗോളുകളാണ് മെസി ഇപ്പോൾ നേടിയിരിക്കുന്നത്.
Read Also : ഇറ്റലിക്കും ജർമ്മനിക്കും തകർപ്പൻ ജയം; ഇംഗ്ലണ്ടിന് ഞെട്ടിക്കുന്ന സമനില
അതേസമയം, ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അർജൻ്റീന രണ്ടാം സ്ഥാനത്താണ്. 8 മത്സരങ്ങളിൽ അഞ്ച് മത്സരങ്ങൾ വിജയിക്കുകയും മൂന്നിൽ സമനില പാലുക്കുകയും ചെയ്ത അർജൻ്റീനയ്ക്ക് 18 പോയിൻ്റാണ് ഉള്ളത്. ഒരു മത്സരം പോലും പരാജയപ്പെടാത്ത ബ്രസീലാണ് ഒന്നാമത്. ബ്രസീലിന് 24 പോയിൻ്റുണ്ട്.
മറ്റൊരു മത്സരത്തിൽ ബ്രസീൽ പെറുവിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴ്പ്പെടുത്തി. 14ആം മിനിട്ടിൽ എവർട്ടൺ റിബേറോയും 40ആം മിനിട്ടിൽ നെയ്മറുമാണ് ബ്രസീലിനായി ഗോൾ നേടിയത്. ഇതോടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ബ്രസീലിനായി ഏറ്റവുമധികം ഗോൾ നേടിയ താരമെന്ന റെക്കോർഡും നെയ്മർ കുറിച്ചു. സീക്കോ, റൊമാരിയോ എന്നിവരെ മറികടന്ന നെയ്മറിന് ഇപ്പോൾ 12 ഗോളുകളാണ് ഉള്ളത്. ജയത്തിനു പിന്നാലെ തൻ്റെ ഫിറ്റ്നസുമായി ബന്ധപ്പെട്ട ചർച്ചകൾക്കും നെയ്മർ മറുപടി നൽകി.
Story Highlight: brazil argentina won world cup qualifiers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here