Advertisement

ഏകദിന മത്സരത്തിലെ ഒരു ഓവറിൽ 6 സിക്സറുകൾ; ആരാണ് ജസ്കരൻ മൽഹോത്ര?

September 10, 2021
Google News 2 minutes Read
Jaskaran Malhotra sixes record

ഏകദിന മത്സരത്തിൽ ഒരു ഓവറിലെ എല്ലാ പന്തും ബൗണ്ടടി വരയ്ക്കപ്പുറം പറത്തുന്ന ചരിത്രത്തിലെ രണ്ടാമത്തെ മാത്രം താരമെന്ന റെക്കോർഡാണ് ഇന്നലെ പാപ്പുവ ന്യൂ ഗിനിയക്കെതിരെ യുഎസ്എ താരം ജസ്കരൻ മൽഹോത്ര കുറിച്ചത്. ഇന്നിംഗ്സിൻ്റെ അവസാന ഓവറിലായിരുന്നു താരത്തിൻ്റെ ചരിത്ര പ്രകടനം. ദക്ഷിണാഫ്രിക്കൻ താരം ഹെർഷൽ ഗിബ്സാണ് ഈ നേട്ടത്തിലെത്തിയ ആദ്യ താരം. ടി-20 രാജ്യാന്തര മത്സരത്തിൽ ഇന്ത്യൻ താരം യുവരാജ് സിംഗും വിൻഡീസ് സൂപ്പർ താരം കീറോൺ പൊള്ളാർഡും ഈ നേട്ടം കുറിച്ചിട്ടുണ്ട്. (Jaskaran Malhotra sixes record)

ഒറ്റ ഇന്നിംഗ്സ് കൊണ്ട് ഒന്നിലധികം റെക്കോർഡുകളാണ് ഇന്നലെ ജസ്കരൻ കുറിച്ചത്. യുഎസ്എക്കായി ആദ്യം സെഞ്ചുറി നേടുന്ന താരം, ഓവറിലെ ആറ് സിക്സറുകൾ, ഏകദിനത്തിൽ അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യാനെത്തി ഏറ്റവും ഉയർന്ന സ്കോർ നേടിയ താരം, യുഎസ്എക്കായി ഏറ്റവും ഉയർന്ന അവസാന വിക്കറ്റ് കൂട്ടുകെട്ട് (55) എന്നിങ്ങലെ ഒരുപിടി റെക്കോർഡുകളാണ് ജസ്കരൻ കുറിച്ചത്.

10ആം ഓവറിൽ യുഎസ്എ 3 വിക്കറ്റ് നഷ്ടത്തിൽ 29 റൺസ് എന്ന നിലയിൽ പതറുമ്പോഴാണ് ജസ്കരൻ എത്തുന്നത്. വ്യക്തിഗത സ്കോർ മൂന്നിലും 20ലും 62ലും 118ലും നിൽക്കുമ്പോൾ താരത്തെ പാപ്പുവ ന്യൂ ഗിനിയ ഫീൽഡർമാർ നിലത്തിട്ടു. 28ആം ഓവറിൽ 48 പന്തുകളിൽ ജസ്കരൻ ഫിഫ്റ്റി തികച്ചു. 102 പന്തുകളിലായിരുന്നു സെഞ്ചുറി. തുടർന്ന് നേരിട്ട 22 പന്തുകളിൽ 73 റൺസാണ് താരം അടിച്ചുകൂട്ടിയത്. അവസാന ഓവറിലെത്തുമ്പോൾ 137 റൺസാണ് ജസ്കരൻ സ്കോർ ചെയ്തിരുന്നത്.

മീഡിയം പേസർ ഗൗഡി ടോകയാണ് യുഎസ്എയുടെ അവസാന ഓവർ എറിഞ്ഞത്. ലോംഗ് ഓൺ, ലോംഗ് ഓഫ്, സ്ക്വയർ ലെഗ് എന്നിവിടങ്ങളിലേക്കായിരുന്നു ഓവറിലെ സിക്സറുകൾ പിറന്നത്. ഇതോടെ 9 വിക്കറ്റ് നഷ്ടത്തിൽ 271 റൺസ് എന്ന മികച്ച സ്കോറിലേക്ക് യുഎഇ എത്തി.

പേര് കേൾക്കുന്നത് പോലെ ഇന്ത്യക്കാരനാണ് ജസ്കരൻ മൽഹോത്ര. ഛണ്ഡീഗഡിൽ ജനിച്ച 31കാരനായ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ. ഇന്ത്യയുടെ അണ്ടർ 19 ടീമിൽ അംഗമായിരുന്ന താരത്തിന് സീനിയർ തലത്തിൽ മികച്ച പ്രകടനം നടത്താനായില്ല. തുടർന്ന് താരം അമേരിക്കയിലെത്തി. ആഭ്യന്തര ക്രിക്കറ്റിലെ ചില മികച്ച പ്രകടനങ്ങൾ ജസ്കരന് സീനിയർ ടീമിൽ സ്ഥാനം നേടിക്കൊടുത്തു. 2019 മാർച്ചിൽ യുഎഇക്കെതിരെ ടി-20 കളിച്ച് ദേശീയ ടീമിൽ അരങ്ങേറിയ താരത്തിന് സെപ്തംബറിൽ സ്ഥാനം നഷ്ടമായി. രണ്ടര വർഷത്തിനു ശേഷം ദേശീയ ടീമിൽ തിരികെ വന്ന മത്സരമായിരുന്നു ഇന്നലെ പാപ്പുവ ന്യൂ ഗിനിയക്കെതിരെ നടന്നത്.

മറുപട് ബാറ്റിംഗിനിറങ്ങിയ പാപ്പുവ ന്യൂ ഗിനിയ 137 റൺസിന് ഓൾ ഔട്ടായി. യുഎസ്എയ്ക്ക് 134 റൺസ് ജയം.

Story Highlight: Jaskaran Malhotra six sixes over record

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here