‘ബബിളിനു പുറത്ത് പോയത് നിരുത്തരവാദപരം’; രവി ശാസ്ത്രിക്കും വിരാട് കോലിക്കെതിരെ ഇംഗ്ലീഷ് മാധ്യമങ്ങൾ

ഇംഗ്ലണ്ട്-ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം മാറ്റിവച്ചതിൽ ഇന്ത്യൻ പരിശീലകനെയും ക്യാപ്റ്റനെയും വിമർശിച്ച് ഇംഗ്ലണ്ട് മാധ്യമങ്ങൾ. പരമ്പരക്കിടെ ബബിളിൽ നിന്ന് പുറത്തുകടന്ന് പുസ്തക പ്രകാശനത്തിനു പോയ രവി ശാസ്ത്രിയുടെയും വിരാട് കോലിയുടെയും നടപടി നിരുത്തരവാദപരമായിരുന്നു എന്ന് ഇംഗ്ലണ്ട് മാധ്യമങ്ങൾ കുറ്റപ്പെടുത്തി. (ravi shastri virat kohli)
ഇംഗ്ലണ്ടിൽ കൊവിഡുമായി ബന്ധപ്പെട്ട കർശന നിയന്ത്രണങ്ങൾ ഇല്ലെങ്കിലും ടീം അംഗങ്ങൾ പൊതുചടങ്ങിൽ പങ്കെടുക്കരുതെന്ന് ബിസിസിഐ കർശന നിർദ്ദേശം നൽകിയിരുന്നു. ഇത് ലംഘിച്ചാണ് കോലിയും ശാസ്ത്രിയും പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തത്. ബിസിസിഐ വളരെ ഗൗരവമായാണ് ഇതിനെ കാണുന്നത്. ഉടൻ തന്നെ ഇരുവരിൽ നിന്നും ബിസിസിഐ രേഖാമൂലം വിശദീകരണം വാങ്ങുമെന്നാണ് വിവരം.
Read Also : ഇംഗ്ലണ്ട്-ഇന്ത്യ പരമ്പര: റദ്ദാക്കിയ മത്സരം പിന്നീട് നടത്തുമെന്ന് റിപ്പോർട്ട്
അതേസമയം, ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള അവസാന ടെസ്റ്റ് മത്സരം പിന്നീട് നടത്തിയേക്കുമെന്ന് റിപ്പോർട്ട്. അടുത്ത വർഷം ഇന്ത്യ പരിമിത ഓവർ മത്സരങ്ങൾക്കായി ഇംഗ്ലണ്ടിലെത്തുമ്പോൾ ഈ ടെസ്റ്റ് മത്സരം കൂടി കളിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബിസിസിഐയും ഇസിബിയും ഇക്കാര്യത്തിൽ ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ്.
കൊവിഡ് ഭീതി നിലനിൽക്കുന്നതിനാൽ അവസാന ടെസ്റ്റിൽ കളിക്കാനിറങ്ങാൻ സാധിക്കില്ലെന്ന് ഇന്ത്യൻ താരങ്ങൾ അറിയിച്ചതിനെ തുടർന്നാണ് മത്സരം റദ്ദാക്കിയത്. മത്സരം റദ്ദാക്കിയെന്നും പരമ്പര 2-2 എന്ന നിലയിൽ സമനില ആയെന്നും ആദ്യം ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് ട്വീറ്റ് ചെയ്തു. പിന്നീട് ഇത് തിരുത്തി മത്സരം 2-1 എന്ന നിലയിൽ നിൽക്കുകയാണെന്നറിയിച്ചു. ടെസ്റ്റ് പരമ്പര പൂർത്തിയായിട്ടില്ലാത്തതിനാൽ പരമ്പരയുടെ ഫലം ആയിട്ടില്ല. അവസാന മത്സരം കൂടി കഴിയുമ്പോൾ ജേതാക്കളെ തീരുമാനിക്കും.
അടുത്ത വർഷം ജൂലൈയിലാണ് ഇന്ത്യ പരിമിത ഓവർ മത്സരങ്ങൾക്കായി ഇംഗ്ലണ്ടിലെത്തുക. മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങൾ ഇന്ത്യ കളിക്കും. ഈ സമയത്ത് ടെസ്റ്റ് മത്സരം കൂടി കളിക്കാൻ സമയം കണ്ടെത്തുമെന്നാണ് സൂചന.
രവി ശാസ്ത്രിക്കും സഹ പരിശീലകർക്കും പിന്നാലെ ഇന്ത്യൻ ടീമിലെ മറ്റൊരു സപ്പോർട്ട് സ്റ്റാഫിന് കൂടി കൊവിഡ് സ്ഥിരീകരിച്ചതാണ് ടെസ്റ്റ് റദ്ദാക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ഫിസിയോ യോഗേഷ് പർമർക്കാണ് അവസാനം കൊവിഡ് സ്ഥിരീകരിച്ചത്.
Story Highlight: ravi shastri virat kohli england media
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here