ഇംഗ്ലണ്ട്-ഇന്ത്യ പരമ്പര: റദ്ദാക്കിയ മത്സരം പിന്നീട് നടത്തുമെന്ന് റിപ്പോർട്ട്

ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള അവസാന ടെസ്റ്റ് മത്സരം പിന്നീട് നടത്തിയേക്കുമെന്ന് റിപ്പോർട്ട്. അടുത്ത വർഷം ഇന്ത്യ പരിമിത ഓവർ മത്സരങ്ങൾക്കായി ഇംഗ്ലണ്ടിലെത്തുമ്പോൾ ഈ ടെസ്റ്റ് മത്സരം കൂടി കളിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബിസിസിഐയും ഇസിബിയും ഇക്കാര്യത്തിൽ ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. (england india test rescheduled)
കൊവിഡ് ഭീതി നിലനിൽക്കുന്നതിനാൽ അവസാന ടെസ്റ്റിൽ കളിക്കാനിറങ്ങാൻ സാധിക്കില്ലെന്ന് ഇന്ത്യൻ താരങ്ങൾ അറിയിച്ചതിനെ തുടർന്നാണ് മത്സരം റദ്ദാക്കിയത്. മത്സരം റദ്ദാക്കിയെന്നും പരമ്പര 2-2 എന്ന നിലയിൽ സമനില ആയെന്നും ആദ്യം ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് ട്വീറ്റ് ചെയ്തു. പിന്നീട് ഇത് തിരുത്തി മത്സരം 2-1 എന്ന നിലയിൽ നിൽക്കുകയാണെന്നറിയിച്ചു. ടെസ്റ്റ് പരമ്പര പൂർത്തിയായിട്ടില്ലാത്തതിനാൽ പരമ്പരയുടെ ഫലം ആയിട്ടില്ല. അവസാന മത്സരം കൂടി കഴിയുമ്പോൾ ജേതാക്കളെ തീരുമാനിക്കും.
അടുത്ത വർഷം ജൂലൈയിലാണ് ഇന്ത്യ പരിമിത ഓവർ മത്സരങ്ങൾക്കായി ഇംഗ്ലണ്ടിലെത്തുക. മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങൾ ഇന്ത്യ കളിക്കും. ഈ സമയത്ത് ടെസ്റ്റ് മത്സരം കൂടി കളിക്കാൻ സമയം കണ്ടെത്തുമെന്നാണ് സൂചന.
Read Also : ഇന്ത്യൻ ക്യാമ്പിലെ കൊവിഡ് ബാധ; അവസാന ടെസ്റ്റ് റദ്ദാക്കി
രവി ശാസ്ത്രിക്കും സഹ പരിശീലകർക്കും പിന്നാലെ ഇന്ത്യൻ ടീമിലെ മറ്റൊരു സപ്പോർട്ട് സ്റ്റാഫിന് കൂടി കൊവിഡ് സ്ഥിരീകരിച്ചതാണ് ടെസ്റ്റ് റദ്ദാക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ഫിസിയോ യോഗേഷ് പർമർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ എല്ലാ കളിക്കാർക്കും കൊവിഡ് പരിശോധന നടത്തി. എന്നാൽ ആർക്കും രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ല. ടീം അംഗങ്ങൾ രണ്ടാം പരിശോധനാഫലം കാത്തിരിക്കുകയാണ്. ടീമിന്റെ അവസാനവട്ട പരിശീലനം റദ്ദാക്കിയിരുന്നു.
രവി ശാസ്ത്രിക്ക് പുറമെ ബൗളിംഗ് കോച്ച് ഭരത് അരുൺ, ഫീൽഡിംഗ് കോച്ച് ആർ ശ്രീധർ, ഫിസിയോ വിഭാഗം തലവൻ നിതിൻ പട്ടേൽ എന്നിവർക്കാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. ഓവൽ ടെസ്റ്റിന്റെ തൊട്ടുമുൻപായിരുന്നു ഇത്. തുടർന്ന് ഇവരെല്ലാം ഐസൊലേഷനിലേക്കു മാറി. ആദ്യ ടെസ്റ്റ് മഴ മൂലം സമനിലയിൽ കലാശിച്ചപ്പോൾ ലോർഡ്സിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യ വിജയിച്ചു. മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ട് തിരിച്ചടിച്ചെങ്കിലും നാലാം ടെസ്റ്റിൽ വിജയിച്ച ഇന്ത്യ പരമ്പരയിൽ ലീഡ് നേടുകയായിരുന്നു. നാലാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിൽ ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സിലെ മികച്ച പ്രകടനത്തോടെ വിജയം പിടിച്ചുവാങ്ങുകയായിരുന്നു.
Story Highlight: england india 5th test rescheduled
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here