മാഞ്ചസ്റ്റർ ടെസ്റ്റ്; ഐസിസിയെ സമീപിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

ഇന്ത്യക്കെതിരായ അവസാന ടെസ്റ്റ് മത്സരം റദ്ദാക്കിയതുമായി ബന്ധപ്പെട്ടുള്ള അന്തിമ തീരുമാനത്തിനായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിലെ സമീപിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. അവസാന ടെസ്റ്റിൻ്റെ ഫലം തീരുമാനിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇസിബി ഐസിസിയെ സമീപിച്ചിരിക്കുന്നത്. ഇന്ത്യൻ ക്യാമ്പിൽ മുഖ്യ പരിശീലകൻ രവി ശാസ്ത്രി ഉൾപ്പെടെ സപ്പോർട്ട് സ്റ്റാഫുകൾക്ക് കൊവിഡ് ബാധിച്ച സാഹചര്യത്തിൽ ഇന്ത്യൻ താരങ്ങളുടെ അഭ്യർത്ഥന പ്രകാരമാണ് അവസാന ടെസ്റ്റ് റദ്ദാക്കിയത്. മത്സരം പിന്നീട് നടത്തുമെന്ന സൂചനകൾ ഉണ്ടായിരുന്നു എങ്കിലും ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ അതിനെ നിരാകരിക്കുന്നതാണ്. (ECB ICC Manchester Test)
രണ്ട് സാധ്യതകളാണ് നിലവിലുള്ളത്. ഒന്നുകിൽ മത്സരം നടത്താൻ കഴിയാത്ത സാഹചര്യം മാഞ്ചസ്റ്ററിൽ ഉണ്ടായിരുന്നു എന്ന് ഐസിസിക്ക് ബോധ്യപ്പെടണം. അങ്ങനെയെങ്കിൽ മാഞ്ചസ്റ്റർ ടെസ്റ്റ് റദ്ദാക്കി ഇന്ത്യയെ 2-1 എന്ന സ്കോറിൽ പരമ്പര വിജയികളാക്കി പ്രഖ്യാപിക്കും. അല്ലെങ്കിൽ, ഇന്ത്യ മുൻകൈ എടുത്ത് മത്സരത്തിൽ നിന്ന് പിന്മാറിയതിനാൽ ഇംഗ്ലണ്ടിനെ വിജയികളാക്കി പ്രഖ്യാപിക്കാം. അങ്ങനെയെങ്കിൽ പരമ്പര 2-2 എന്ന നിലയിൽ സമനില ആകും.
Read Also : ‘ബബിളിനു പുറത്ത് പോയത് നിരുത്തരവാദപരം’; രവി ശാസ്ത്രിക്കും വിരാട് കോലിക്കെതിരെ ഇംഗ്ലീഷ് മാധ്യമങ്ങൾ
മാഞ്ചസ്റ്റർ ടെസ്റ്റ് റദ്ദാക്കിയത് കൊവിഡ് ബാധ ഭയന്നല്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ താരങ്ങളുടെ മാനസികാരോഗ്യം പരിഗണിച്ചാണ് മത്സരം റദ്ദാക്കിയത്. ഇത് ഐസിസിയുടെ തീരുമാനത്തിൽ നിർണായകമാകുമെന്നാണ് പരിഗണിക്കപ്പെടുന്നത്.
കൊവിഡ് ഭീതി നിലനിൽക്കുന്നതിനാൽ അവസാന ടെസ്റ്റിൽ കളിക്കാനിറങ്ങാൻ സാധിക്കില്ലെന്ന് ഇന്ത്യൻ താരങ്ങൾ അറിയിച്ചതിനെ തുടർന്നാണ് മത്സരം റദ്ദാക്കിയത്. മത്സരം റദ്ദാക്കിയെന്നും പരമ്പര 2-2 എന്ന നിലയിൽ സമനില ആയെന്നും ആദ്യം ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് ട്വീറ്റ് ചെയ്തു. പിന്നീട് ഇത് തിരുത്തി മത്സരം 2-1 എന്ന നിലയിൽ നിൽക്കുകയാണെന്നറിയിച്ചു. ടെസ്റ്റ് പരമ്പര പൂർത്തിയായിട്ടില്ലാത്തതിനാൽ പരമ്പരയുടെ ഫലം ആയിട്ടില്ല. ഐസിസിയുടെ തീരുമാനം എന്താണെന്നതിന് അനുസരിച്ചാവും ഫലം.
രവി ശാസ്ത്രിക്കും സഹ പരിശീലകർക്കും പിന്നാലെ ഇന്ത്യൻ ടീമിലെ മറ്റൊരു സപ്പോർട്ട് സ്റ്റാഫിന് കൂടി കൊവിഡ് സ്ഥിരീകരിച്ചതാണ് ടെസ്റ്റ് റദ്ദാക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ഫിസിയോ യോഗേഷ് പർമർക്കാണ് അവസാനം കൊവിഡ് സ്ഥിരീകരിച്ചത്.
Story Highlight: ECB ICC Decide Manchester Test
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here