നിസാമുദിൻ തിരുവനന്തപുരം എക്സ്പ്രസിൽ വൻകൊള്ള; മൂന്ന് യാത്രക്കാരെ മയക്കി കവർച്ച; ഒരാൾ അറസ്റ്റിൽ

ഇന്ന് പുലർച്ചെ തിരുവനന്തപുരത്തെത്തിയ ട്രെയിനിൽ വൻ കവർച്ച. നിസാമുദിൻ – തിരുവനന്തപുരം എക്സ്പ്രസിലാണ് സംഭവം. യാത്രക്കാരായ മൂന്ന് സ്ത്രീകളെ മയക്കി കിടത്തിയാണ് കൊള്ളയടിച്ചത്. ബോധരഹിതരായ മൂന്ന് സ്ത്രീകളെ തിരുവനന്തപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാരികൾക്ക് കോയമ്പത്തൂരിൽ വച്ചാണ് മയക്കം അനുഭവപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. തിരുവല്ല സ്വദേശികളായ വിജയലക്ഷ്മി, മകൾ ഐശ്വര്യ, തമിഴ്നാട് സ്വദേശി കൗസല്യ എന്നിവരാണ് തിരുവനന്തപുരം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്ന് പുലർച്ചെ തിരുവനന്തപുരത്ത് എത്തിയ ട്രെയിനിൽ ബോധരഹിതരായ നിലയിൽ റെയിൽവേ ജീവനക്കാർ ഇവരെ കണ്ടെത്തുകയായിരുന്നു. തുടർന്ന് റെയിൽവേ പൊലീസ് ഇവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വിജയലക്ഷ്മിയുടെയും മകളുടേയും കൈവശമുണ്ടായിരുന്ന പത്ത് പവൻ സ്വർണവും രണ്ട് മൊബൈൽ ഫോണുകളും മോഷണം പോയതായാണ് വിവരം. ഡൽഹി നിസ്സാമുദ്ദീനിൽ നിന്നും കായംകുളത്തേക്ക് യാത്ര ചെയ്യുകയായിരുന്നു അമ്മയും മകളും.
Read Also : കോയമ്പത്തൂരില്‍ സ്ത്രീയെ വാഹനത്തില്‍ നിന്ന് വലിച്ചെറിഞ്ഞതല്ലെന്ന നിഗമനത്തില്‍ പൊലീസ്; ഒരാള്‍ അറസ്റ്റില്‍
ട്രെയിനിലുണ്ടായിരുന്ന കോയമ്പത്തൂർ സ്വദേശി കൗസല്യയാണ് കവർച്ചയ്ക്ക് ഇരയായ മൂന്നാമത്തെയാൾ. മറ്റൊരു ബോഗിയിലാണ് ഇവരെ കണ്ടെത്തിയത്. ഇവരുടേയും സ്വർണമാണ് മോഷണം പോയത്. കോയമ്പത്തൂരിൽ നിന്നും ആലുവയിലേക്ക് യാത്ര ചെയ്യുകയായിരുന്നു കൗസല്യ.
കവർച്ചയ്ക്ക് ഇരയായ മൂന്ന് പേരും കോയമ്പത്തൂരിൽ നിന്നും ഭക്ഷണം വാങ്ങിയിരുന്നു. ഭക്ഷണം കഴിച്ച ശേഷമാണ് ഇവർ ബോധരഹിതരായെന്നാണ് പൊലീസിൻ്റെ നിഗമനം. തീവണ്ടിയിൽ പൊലീസ് സാന്നിധ്യമുണ്ടായിരുന്നില്ലെന്നാണ് സൂചന.
Story Highlight: Robbery in Nizamudheen TVM Express
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here