അൻസു ഫാത്തി കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നു

സ്പാനിഷ് എഫ്സി ബാഴ്സലോണയുടെ കൗമാര താരം അൻസു ഫാത്തി കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നു. പരുക്കേറ്റ് ഒരു വർഷത്തോളമായി പുറത്തിരിക്കുന്ന താരം ഈ മാസം 26ന് ലെവൻ്റെക്കെതിരെ നടക്കുന്ന ലാലിഗ മത്സരത്തോടെ മത്സരരംഗത്ത് തിരികെയെത്തുമെന്നാണ് റിപ്പോർട്ട്. മത്സരത്തിൽ സബ്സ്റ്റിറ്റ്യൂട്ട് ആയാവും താരം കളിക്കുക. കഴിഞ്ഞ രണ്ട് ആഴ്ചത്തോളമായി അൻസു ബാഴ്സലോണക്കൊപ്പം പരിശീലനം നടത്തുന്നുണ്ട്.
കഴിഞ്ഞ സീസൺ ആരംഭത്തിൽ റയൽ ബെറ്റിസിനെതിരായ മത്സരത്തിനിടെ പരുക്കേറ്റ താരം പിന്നീട് കഴിഞ്ഞ സീസൺ മുഴുവൻ കളത്തിലിറങ്ങിയിരുന്നില്ല. തുടർന്ന് കഴിഞ്ഞ ഒരു വർഷത്തിനിടെ അൻസുവിനു നടത്തിയത് മൂന്ന് ശസ്ത്രക്രിയകളാണ്. സീസണിൽ മെസിയുടെ 10ആം നമ്പർ ജഴ്സിയണിഞ്ഞ് കളിക്കാനിറങ്ങുന്ന താരത്തിൻ്റെ സാന്നിധ്യം ബാഴ്സയ്ക്ക് കരുത്താവും.
ബ്രസീൽ താരം ഫിലിപെ കൂടീഞ്ഞോയ്ക്ക് പത്താം നമ്പർ നൽകുമെന്ന അഭ്യൂഹം ഉണ്ടായിരുന്നു. എന്നാൽ അക്കാദമി താരത്തിനു തന്നെ പത്താം നമ്പർ നൽകാൻ ബാഴ്‌സലോണ മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു.
റോയൽ സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷന്റെ നിയമാവലി പ്രകാരം ലാ ലിഗയിലെ ഓരോ ടീമിലെയും 25 കളിക്കാർക്കും ഒന്നു മുതൽ 25വരെയുള്ള ജേഴ്‌സി നമ്പർ അനുവദിച്ചേ മതിയാകു. അതിനാൽ ബാഴ്‌സയ്ക്ക് 10-ാം നമ്പർ ജഴ്‌സി പിൻവലിക്കാൻ കഴിയുമായിരുന്നില്ല.
2008-ൽ ബ്രസീൽ താരം റൊണാൾഡീഞ്ഞോ എ സി മിലാനിൽ ചേരാനായി ബാഴ്‌സ വിട്ടശേഷമാണ് മെസി പത്താം നമ്പർ ജേഴ്‌സിയിലേക്ക് മാറിയത്. മെസി ടീം വിട്ടതിന് പിന്നാലെ പത്താം നമ്പർ ജേഴ്‌സിയും എന്നെന്നേക്കുമായി വിരമിക്കണമെന്ന ബാഴ്‌സ ആരാധകർ ആവശ്യപ്പെട്ടിരുന്നു.
Story Highlights : ansu fati return fc barcelona
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here