Advertisement

ഐപിഎൽ രണ്ടാം പാദത്തിന് ഇന്ന് തുടക്കം; ആദ്യ മത്സരം ഐപിഎൽ ക്ലാസിക്കോ

September 19, 2021
Google News 2 minutes Read
ipl uae starts today

ഐപിഎൽ 14ആം സീസണിലെ രണ്ടാം പാദ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ചെന്നൈ സൂപ്പർ കിംഗ്സും മുംബൈ ഇന്ത്യൻസും തമ്മിൽ ഇന്ത്യൻ സമയം ഇന്ന് രാത്രി 7.30ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. ഇന്ത്യയിൽ നടന്ന ആദ്യ പാദ മത്സരത്തിൽ ചെന്നൈക്കെതിരെ മുംബൈ ആവേശജയം കുറിച്ചിരുന്നു. പോയിൻ്റ് ടേബിളിൽ ചെന്നൈ രണ്ടാം സ്ഥാനത്തും മുംബൈ നാലാം സ്ഥാനത്തുമാണ്. (ipl uae starts today)

ആദ്യ പാദത്തിൽ കളിച്ച ടീമിൽ നിന്ന് കാര്യമായ വ്യത്യാസങ്ങളില്ലാതെ ഇറങ്ങുന്ന ടീമുകളാണ് ചെന്നൈയും മുംബൈയും. ചെന്നൈ സൂപ്പർ കിംഗ്സിന് പകരക്കാരെയൊന്നും കണ്ടെത്തേണ്ടിവന്നിട്ടില്ല. മുംബൈ ആവട്ടെ പരുക്കേറ്റ മൊഹ്സിൻ ഖാനു പകരം ഗുജറാത്ത് പേസർ റൂഷ് കൽറിയയെ ടീമിലെത്തിച്ചിട്ടുണ്ട്. പക്ഷേ, ഫസ്റ്റ് ഇലവനിലോ ടീമിൻ്റെ കോറിലോ ഈ ഒരു മാറ്റം കൊണ്ട് ഒരു പ്രശ്നവും ഉണ്ടാവില്ല.

Read Also : ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14-ാം സീസണിന് നാളെ വീണ്ടും തിരി തെളിയും; മത്സരം രാത്രി 7.30ന്

യുഎഇയിൽ കഴിഞ്ഞ സീസണിൽ നടന്ന ഐപിഎലിൽ ചാമ്പ്യൻ കിരീടം ചൂടിയ മുംബൈക്ക് അവിടുത്തെ സാഹചര്യങ്ങൾ അപരിചിതമല്ല. കഴിഞ്ഞ സീസണിൽ കിവീസ് പേസർ ട്രെൻ്റ് ബോൾട്ടിൻ്റെ ബൗളിംഗ് പ്രകടനം മുംബൈക്ക് ഏറെ ഗുണം ചെയ്തിരുന്നു. സ്പിന്നർമാരെയും പേസർമാരെയും ഒരുപോലെ തുണയ്ക്കുന്ന ദുബായിൽ ഒരു ഹൈസ്കോറിംഗ് മാച്ച് ആണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ ടോസ് നേടുന്ന ടീം ആദ്യം ബാറ്റ് ചെയ്തേക്കും.

ചെന്നൈ സൂപ്പർ കിംഗ്സിൽ ഇംഗ്ലീഷ് ഓൾറൗണ്ടർ സാം കറൻ കളിക്കില്ല. പകരം ഡ്വെയിൻ ബ്രാവോ കളിച്ചേക്കും. സിപിഎലിനിടെ പരുക്കേറ്റ ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസി ഇന്ന് കളിച്ചേക്കുമെന്നാണ് സൂചനയെങ്കിലും ഡുപ്ലെസിക്ക് പകരം റോബിൻ ഉത്തപ്പ ഇന്നിംഗ്സ് ഓപ്പൺ ചെയ്തേക്കും.

പോയിന്റ് പട്ടികയിൽ 12 പോയിന്റോടെ ഡൽഹി ക്യാപിറ്റൽസാണ് മുന്നിൽ. പത്ത് വീതം പോയിന്റുമായി ചെന്നൈ സൂപ്പർ കിങ്സും, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. റൺ വേട്ടക്കാരിൽ 380 റൺസുമായി ശിഖർ ധവാനാണ് പട്ടികയിൽ ഒന്നാമത്. കെ.എൽ. രാഹുൽ (331), ഫാഫ് ഡുപ്ലസി (320), പ‍ൃഥ്വി ഷാ (308), സഞ്ജു സാംസൺ (277) എന്നിവരാണ് പിന്നിൽ.

Story Highlights : ipl uae starts today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here