ഇസ്ലാം മതത്തിൽ ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദുമില്ല; പാലാ ബിഷപ്പ് പ്രസ്താവന പിൻവലിക്കണം: കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ

പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവന പിൻവലിക്കണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. ഇസ്ലാം മതത്തിൽ ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദുമില്ല. സമാധാനമാണ് ഉദ്ദേശിക്കുന്നത്. വ്യക്തികളിൽ തെറ്റുകൾ കാണാം. തീവ്രവാദത്തിനെതിരെ സംസാരിക്കുന്നവരാണ് ഇസ്ലാം മതം അതിനാൽ ഭിന്നിപ്പിച്ച് കലഹമുണ്ടാക്കരുതെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ആവശ്യപ്പെട്ടു. കെപിസിസി അധ്യക്ഷൻ കെ സുധാകരനുമായി ചർച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ വേണ്ടത് മധ്യസ്ഥ ചർച്ചയല്ലെന്നും തെറ്റായ പ്രസ്താവന പിൻവലിക്കുകയാണ് ചെയ്യേണ്ടതെന്നും പറഞ്ഞ അദ്ദേഹം സർക്കാരിന്റെ നിലപാട് എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും അഭിപ്രായപ്പെട്ടു.
ഇതിനിടെ ചർച്ചകളുടെ തുടർച്ചയായി പാലാ ബിഷപ്പിനെ വീണ്ടും കാണുമെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശം വിവാദമായതിന് പിന്നാലെ അനുരഞ്ജന നീക്കത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെ രാത്രി മുതല്‍ കോഴിക്കോട് കേന്ദ്രീകരിച്ച് ചര്‍ച്ചകള്‍ നടത്തുകയാണ്. ഇന്നലെ രാത്രി നേതാക്കള്‍ താമരശേരി ബിഷപ്പുമായി ചര്‍ച്ച നടത്തിയിരുന്നു.
അതിനിടെ ലവ് ജിഹാദിന് മതപരമായ പിന്‍ബലമില്ലെന്നും സമുദായ നേതാക്കളുടെ പരാമര്‍ശം ജനമൈത്രി തകര്‍ക്കുന്നതാവരുതെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രതികരിച്ചു. ഇസ്ലാമില്‍ മതം മാറ്റാന്‍ ജിഹാദില്ലെന്ന് സമസ്ത അഭിപ്രായപ്പെട്ടു. പ്രണയത്തിലൂടെ മതം മാറ്റുന്നത് മതപരമല്ല, എല്ലാവര്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ല ഇസ്ലാം. രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരെ ശിക്ഷിക്കണം. അതിന് മതം നോക്കേണ്ട ആവശ്യമില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഖുര്‍ ആന്‍ ശരിക്കും മനസിലാക്കാതെയാണ് പല പ്രചരണങ്ങളും നടക്കുന്നത്. സമസ്ത പ്രവര്‍ത്തിക്കുന്നത് മതസൗഹാര്‍ദ്ദത്തിനായി ആണ്. വിവാദ പരാമര്‍ശം നടത്തിയ ബിഷപ്പിനെ പുകഴ്ത്തുന്നത് സര്‍ക്കാര്‍ ചെയ്യാന്‍ പാടില്ല. ഇത് തെറ്റാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
Read Also : പാലാ ബിഷപ്പിനെ സന്ദർശിച്ച് വി എൻ വാസവൻ; സന്ദർശനം സർക്കാർ ദൂതുമായല്ലെന്ന് മന്ത്രി
Story Highlights : kanthapuram ap abubakar musliyar on pala bishop narcotic jihad controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here