‘ഞാൻ പൂർണ ആരോഗ്യവാൻ, മറിച്ചുള്ള വാർത്തകൾ തെറ്റ്’; വ്യാജ വാർത്തകൾ തള്ളി ബാപ്പി ലഹിരി
ബോളിവുഡ് ഗായകൻ ബാപ്പി ലഹിരിയുടെ ആരോഗ്യനില വഷളായെന്ന തരത്തിൽ ചില വാർത്തകൾ അടുത്തിടെ പുറത്ത് വന്നിരുന്നു. എന്നാൽ ഈ വാർത്തകൾ തള്ളി ഗായകൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. താൻ പൂർണ ആരോഗ്യവാനാണെന്നും മറിച്ചുള്ള വാർത്തകൾ തെറ്റാണെന്നുമായിരുന്നു താരത്തിന്റെ പ്രതികരണം. ( Bappi Lahiri rubbishes rumours )
ബാപ്പി ലഹിരി ആശുപത്രിയിലാണെന്നും ശബ്ദം നഷ്ടപ്പെട്ടുവെന്നുമായിരുന്നു പ്രചരിച്ച വാർത്തകൾ. താരത്തിന് ഇനി ഒരിക്കലും പാടാൻ സാധിക്കില്ലെന്നും പ്രചാരണമുണ്ടായിരുന്നു. എന്നാൽ ഈ വാർത്തകളെല്ലാം തള്ളി താരം തന്നെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ സത്യാവസ്ഥ അറിയിച്ചിരിക്കുകയാണ്. തന്നെ കുറിച്ചും തന്റെ ആരോഗ്യനിലയെ കുറിച്ചും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ദുഃഖകരമാണെന്ന് ബാപ്പി ലഹിരി കുറിച്ചു.
Read Also : ബോളിവുഡ് നടൻ സിദ്ധാർഥ് ശുക്ല അന്തരിച്ചു
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ബാപ്പി ലഹിരിക്ക് കൊവിഡ് പോസിറ്റീവായിരുന്നു. രോഗമുക്തി നേടിയ താരം ഇപ്പോൾ വിശ്രമത്തിലാണ്.
1973 മുതൽ സിനിമാ പിന്നണി ഗാനരംഗത്ത് സജീവമായിരുന്ന ബാപ്പി ലഹിരി ചൽതേ ചൽതേ, ഡിസ്കോ ഡാൻസർ, ഹിമ്മത്വാല, ഷരാബി, ഗിരഫ്താർ, കമാൻഡോ, ഗുരു എന്നിങ്ങനെ നിരവധി സിനിമകളിലെ ഗാനങ്ങൾ ആലപിച്ചു.
ദ ഡേർട്ടി പിക്ചറിലെ ഊലാലാ എന്ന ഗാനം, ഗുണ്ടേയിലെ തൂനെ മാരി എൻട്രിയാ, ബദ്രിനാഥ് കി ദുൽഹനിയ എന്ന ചിത്രത്തിലെ തമ്മാ തമ്മാ എന്നിവയാണ് പുതിയ കാലത്തെ പാട്ടുകൾ. ബാഗി 3 യിലാണ് ഏറ്റവും ഒടുവിലായി പാടിയത്.
ഹിന്ദിക്ക് പുറമെ തമിഴ്, കന്നഡ ഭാഷകളിലും ബാപ്പി ലഹിരി പാടിയിട്ടുണ്ട്. തമിഴിൽ അപൂർവ സഹോദരികൾ, പാടും വാനമ്പാടി, കിഴക്ക് ആഫ്രിക്കാവിൽ ഷീല എന്നീ ചിത്രങ്ങളിലാണ് പാടിയിരിക്കുന്നത്.
63-ാം ഫിലിംഫെയർ അവാർഡ്സിൽ ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരം ബാപ്പി ലഹിരിയെ തേടിയെത്തിയിട്ടുണ്ട്. അതിന് മുൻപ് 1985 ൽ മികച്ച സംഗീത സംവിധായകനുള്ള ഫിലിം ഫെയർ പുരസ്കാരം ലഭിച്ചിരുന്നു.
Story Highlights : Bappi Lahiri rubbishes rumours
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here