ഭക്ഷണം പാഴ്‌സല്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ഹോട്ടല്‍ ജീവനക്കാരന് ക്രൂരമര്‍ദനം

തൊടുപുഴയില്‍ ഇതര സംസ്ഥാന തൊഴിലാളിയായ ഹോട്ടല്‍ ജീവനക്കാരന് ക്രൂരമര്‍ദനം. ഭക്ഷണം പാഴ്‌സല്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. മങ്ങാട്ടുകവലയിലെ മുബാറക്ക് എന്ന ഹോട്ടലില്‍ ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം.
ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയവരാണ് ഇതര സംസ്ഥാന തൊഴിലാളിയായ നൂര്‍ഷഹീബിനെ മര്‍ദിച്ചത്. കഴിച്ചതിന് ശേഷം ബാക്കിവന്ന ബിരിയാണി പാഴ്‌സല്‍ നല്‍കാന്‍ ഇവര്‍ ആവശ്യപ്പെട്ടു. കുറച്ചു ബിരിയാണികൂടി പാഴ്‌സലില്‍ ഉള്‍പ്പെടുത്താന്‍ പറഞ്ഞപ്പോള്‍ അതിന് വേറെ പണം നല്‍കണന്ന് നൂര്‍ഷഹീബ് പറഞ്ഞു. ഇതോടെ തെറിവിളി ഉണ്ടാകുകയും നൂര്‍ഷഹീബിനെ മൂന്ന് പേര്‍ ചേര്‍ന്ന് മര്‍ദിക്കുകയുമായിരുന്നു.
ക്രൂരമര്‍ദനത്തിനാണ് നൂര്‍ഷഹീബ് ഇരയായത്. ചെവിയ്ക്കും ശരീരമാസകലവും പരുക്കേറ്റ തൊഴിലാളി ചികിത്സയിലാണ്. പരാതി നല്‍കാന്‍ തീരുമാനിച്ചിരിക്കെ അക്രമികള്‍ ആശുപത്രിയില്‍ എത്തി ഭീഷണിപ്പെടുത്തിയതായി ഹോട്ടല്‍ ഉടമ പറഞ്ഞു. കൊന്നു കളയുമെന്നായിരുന്നു ഭീഷണി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
Story Highlights : hotel Labourer attacked in thodupuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here