ന്യൂസീലൻഡ് ടീം നാട്ടിലെത്തി

പാകിസ്താനെതിരായ പരിമിത ഓവർ പര്യടനത്തിൽ നിന്ന് പിന്മാറിയ ന്യൂസീലൻഡ് ടീം നാട്ടിലെത്തി. ദുബായിൽ നിന്നാണ് 24 അംഗ സംഘം ഓക്ക്‌ലൻഡിൽ എത്തിയത്. ഇനി ഇവർ ഓക്ക്‌ലൻഡിൽ 14 ദിവസത്തെ ക്വാറൻ്റീനിൽ കഴിയും. സുരക്ഷാ ഭീഷണി ചൂണ്ടിക്കാണിച്ചാണ് ആദ്യ ഏകദിനം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പര്യടനത്തിൽ നിന്ന് കിവീസ് പിന്മാറിയത്. (new zealand cricket landed)
18 വർഷം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കിവീസ് പാകിസ്താനിൽ പര്യടനത്തിനെത്തിയത്. സെപ്തംബർ 17ന് റാവൽപിണ്ടിയിലാണ് ആദ്യ മത്സരം തീരുമാനിച്ചിരുന്നത്. മത്സരത്തിനായി ഇരു താരങ്ങളും ഗ്രൗണ്ടിൽ ഇറങ്ങാതിരുന്നത് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. കാണികളെ സ്റ്റേഡിയത്തിലേക്ക് കടത്തിവിടാതിരുന്നത് സംശയത്തിനിടയാക്കി. തുടർന്ന് സംഭവത്തിൽ വ്യക്തത വരുത്തി ന്യൂസീലൻഡ് ക്രിക്കറ്റ് രംഗത്തുവരികയായിരുന്നു. സർക്കാർ നിർദ്ദേശപ്രകാരം പാകിസ്താനിലെ സുരക്ഷാ ഏർപ്പാടുകളിൽ സംശയമുണ്ടെന്ന് അധികൃതർ അറിയിച്ചതിനാൽ പര്യടനത്തിൽ നിന്ന് പിന്മാറാൻ ന്യൂസീലൻഡ് തീരുമാനിക്കുകയായിരുന്നു എന്ന് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. സുരക്ഷാ ഭീഷണിയെപ്പറ്റി കൂടുതൽ വിവരിക്കാനില്ലെന്നും ബോർഡ് വ്യക്തമാക്കി.
ന്യൂസീലൻഡിനു പിന്നാലെ ഇംഗ്ലണ്ടും പാക് പര്യടനത്തിൽ നിന്ന് പിന്മാറി. ഒക്ടോബറിൽ രണ്ട് ടി20 മത്സരങ്ങൾക്കായി ഇംഗ്ലണ്ട് പാകിസ്താനിലെത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ താരങ്ങളുടേയും സപ്പോർട്ട് സ്റ്റാഫിന്റെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.
Read Also : ന്യൂസീലൻഡിനും ഇംഗ്ലണ്ടിനുമെതിരെ നിയമനടപടിക്കൊരുങ്ങി പാകിസ്താൻ
പര്യടനത്തിൽ നിന്ന് പിന്മാറിയ ന്യൂസീലൻഡ്, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുകൾക്കെതിരെ പാകിസ്താൻ നിയമനടപടിക്കൊരുങ്ങുകയാണ്. വാർത്താവിതരണ മന്ത്രി ഫവാദ് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. അഭിഭാഷകരുമായി സംസാരിക്കുകയാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ, പിസിബി ചെയർമാൻ റമീസ് രാജയും ഇക്കാര്യം സൂചിപ്പിച്ചിരുന്നു.
സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി ന്യൂസീലൻഡും ഇംഗ്ലണ്ടും പര്യടനത്തിൽ നിന്ന് പിന്മാറിയത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. പിസിബി ചെയർമാൻ റമീസ് രാജ ഇരു ക്രിക്കറ്റ് ബോർഡുകളെയും പരസ്യമായി വിമർശിച്ചു. പാശ്ചാത്യർ പരസ്പര പിന്തുണ നൽകുന്നതിനാലാണ് ന്യൂസീലൻഡിനു പിന്നാലെ ഇംഗ്ലണ്ടും പര്യടനത്തിൽ നിന്ന് പിന്മാറിയത്. തങ്ങൾ വീണ്ടും ചതിക്കപ്പെട്ടു. ഇംഗ്ലണ്ട് ഒഴികഴിവുകൾ കണ്ടെത്തുകയാണ് എന്നും റമീസ് രാജ വ്യക്തമാക്കി. ഈ തിരിച്ചടികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ലോക ക്രിക്കറ്റിലെ കരുത്തുറ്റ ടീം ആയി പാകിസ്താൻ മാറണം. എങ്കിൽ മറ്റ് ടീമുകൾ നമ്മളുമായി മത്സരങ്ങൾ കളിക്കാൻ വരിനിൽക്കും. ഈ വിഷമസ്ഥിതിയും പാകിസ്താൻ മറികടക്കും എന്നും റമീസ് രാജ വ്യക്തമാക്കി.
Story Highlights: new zealand cricket team landed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here