മനുഷ്യനെ കൊല്ലുന്ന ചെടി; ഇല മുതൽ വേര് വരെ വിഷം അടങ്ങിയ “മന്ത്രവാദി പഴം”…

പേരിനർത്ഥം സൗന്ദര്യം ഉള്ളത് എന്നാണ്. പക്ഷെ ആ സൗന്ദര്യത്തിൽ വീഴാതെ സൂക്ഷിക്കണം. മനുഷ്യനെ കൊല്ലുന്ന ഒരുതരം ചെടിയാണിത്. വിളിപ്പേര് ഡെഡ്‌ലി നൈറ്റ്‌ഷെയ്ഡ്. ഈ പേരിൽ തന്നെ ഒരപകടം പതിയിരിപ്പില്ലേ? ഇതിന്റെ ശാസ്ത്രനാമം അട്രോപ ബെല്ലാഡോണ എന്നാണ്. ഈ ചെടിയുടെ ഒരുഭാഗം പോലും വിഷമില്ലാത്തതില്ല എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. അതുകൊണ്ട് തന്നെ സൂക്ഷിച്ച് വേണം ഈ ചെടിയുമായി ഇടപഴകാൻ. തക്കാളിയുടെയും ഉരുളക്കിഴങ്ങിന്റെയുമെല്ലാം കുടുംബത്തിൽ പെട്ടിട്ടും എന്തുകൊണ്ടായിരിക്കാം ഇതിന് വിഷസ്വഭാവം കിട്ടിയത്. നോക്കാം…
ഈ ചെടിയുടെ വിഷ സ്വഭാവത്തിന് പിന്നിൽ ഇതിൽ അടങ്ങിയിരിക്കുന്ന മൂന്നിനം ആൽക്കലോയ്ഡുകളാണ് കാരണം. വിഷകരമായ ആൽക്കലോയിഡുകളാണ് ഇവ മൂന്നും. ഇവയിൽ ഏറ്റവും വിഷാംശമുള്ളവയാണ് ട്രോപ്പെയ്ൻ എന്നറിയപ്പെടുന്ന ആൽക്കലോയിഡ്. വേരിലും പൂവിലും തണ്ടിലും ഇലയിലും തുടങ്ങി ചെടിയുടെ എല്ലാ ഭാഗങ്ങളിലും ഇത് അടങ്ങിയിട്ടുണ്ട്. വേരിലാണ് ഏറ്റവും കൂടുതൽ ട്രോപ്പെയിൻ അടങ്ങിയിട്ടുള്ളത്. 1.3 ശതമാനം ട്രോപ്പെയിനാണ് വേരിൽ അടങ്ങിയിരിക്കുന്നത്. പൂർണ ആരോഗ്യവാനായ ഒരു മനുഷ്യനെ കൊല്ലാൻ പോലും ഈ ചെടിയുടെ ഒരില മതി.
കാൾ ലിനിയസ് എന്ന സസ്യശാസ്ത്രജ്ഞനാണ് ഈ ചെടിയ്ക്ക് ഡെഡ്‌ലി നൈറ്റ്‌ഷെയ്ഡ് എന്ന് പേര് നൽകിയത്. രണ്ട് വർഷമാണ് ഈ ചെടി പൂർണമായി വളരാനെടുക്കുന്ന സമയം. ഇത് വളരും തോറും ഇതിന്റെ വേരുകളിലേക്ക് വരെ വിഷം ആഴ്ന്നിറങ്ങും. ഇതിൽ ഉണ്ടാവുന്ന പഴത്തിലും വിഷാംശം അടങ്ങിയിട്ടുണ്ട്. ഇതിന്റെ പഴം കാണാൻ ഭംഗിയുള്ളതിനാൽ ഇത് കാഴ്ച്ചക്കാരെ പെട്ടെന്ന് തന്നെ ആകർഷിക്കും. ഞാവൽ പഴത്തിന്റെ നിറമാണ് ഇതിന്റെ പഴത്തിനുള്ളത്. പഴത്തിനാണെങ്കിൽ നല്ല മധുരവും ഉണ്ട്. അതുകൊണ്ട് തന്നെ ഈ ചെടിയെ പറ്റി അറിയാത്തവർ ഇത് കിട്ടിയാൽ കഴിക്കാനുള്ള സാധ്യതയും കൂടുതലാണ്.
ഇത് കഴിച്ച് കഴിഞ്ഞാൽ വായയ്ക്കകത്തും വയറിലും തീവ്രമായ അസ്വസ്ഥത അനുഭവപ്പെടും. പിന്നീട് ശരീരത്തിന് തളർച്ച അനുഭവപ്പെടുകയും ചുറ്റിലും നടക്കുന്നത് തിരിച്ചറിയാൻ സാധിക്കാതെ വരികയും ചെയ്യും. മനുഷ്യനെ കൊല്ലുന്ന ഈ പഴം ഡെവിൾസ് ബെറീസ് അഥവാ മന്ത്രവാദിയുടെ പഴം എന്നും അറിയപ്പെടുന്നുണ്ട്. വടക്കേ അമേരിക്കയിലും യൂറോപ്പിലും കുറച്ച് കിഴക്കനേഷ്യൻ രാജ്യങ്ങളിലും ഈ ചെടി കണ്ടെത്തിയിട്ടുണ്ട്.
വിഷചെടിയാണെങ്കിലും പണ്ട് കാലത്തിത് ഔഷധ സസ്യമായും ഉപയോഗിക്കാറുണ്ട്. ഈ ചെടിയിൽ നിന്ന് ഇതിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയിഡുകൾ കളഞ്ഞാണ് ഇത് ഉപയോഗിച്ചിരുന്നത്. ഈ ചെടി അകത്ത് ചെന്നാൽ മാത്രമല്ല നമ്മൾ തൊട്ടാൽ തൊടുന്ന ഭാഗത്തും അസ്വസ്ഥത അനുഭവപ്പെടും. റോമൻ സാമ്രാജ്യത്തിന്റെ സ്ഥാപകനെ കൊല്ലാൻ ഈ ചെടിയാണ് ഉപയോഗിച്ചത് എന്നും പറയപ്പെടുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here