അഫ്ഗാനിൽ ശരീഅത്ത് ശിക്ഷകൾ ഏർപ്പെടുത്തും; താലിബാൻ

അഫ്ഗാനിസ്ഥാനിൽ ശരീഅത്ത് നിയമപ്രകാരമുള്ള ശിക്ഷകൾ ഏർപ്പെടുത്തുമെന്ന് താലിബാൻ. താലിബാൻ്റെ മുതിർന്ന നേതാക്കളിൽ ഒരാളായ മുല്ല നൂറുദ്ദീൻ തുറാബിയാണ് കൈവെട്ടും തൂക്കിക്കൊലയും അടക്കമുള്ള കടുത്ത ശിക്ഷകൾ നടപ്പിലാക്കുമെന്ന് അറിയിച്ചത്. അസോസിയേറ്റഡ് പ്രസിനു നൽകിയ അഭിമുഖത്തിലാണ് താലിബാൻ നേതാവ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ തവണ താലിബാൻ ഭരണത്തിലേറിയപ്പോൾ ഈ ശിക്ഷാരീതികൾ ലോകവ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു. (Taliban Strict punishment aghanistan)
“സ്റ്റേഡിയത്തിൽ വച്ച് ശിക്ഷാരീതികൾ നടപ്പിലാക്കുന്നതിനെ എല്ലാവരും വിമർശിച്ചു. പക്ഷേ, അവരുടെ നിയമങ്ങളെപ്പറ്റിയും ശിക്ഷാരീതികളെപ്പറ്റിയും ആരും ഒന്നും പറഞ്ഞില്ല. ഞങ്ങളുടെ നിയമങ്ങൾ എന്താവുമെന്ന് ആരും ഞങ്ങളോട് പറയേണ്ടതില്ല. ഞങ്ങൾ ഇസ്ലാം പിന്തുടർന്ന് ഖുറാനിലെ നിയമങ്ങൾ ഉണ്ടാക്കും.”- തുറാബി പറഞ്ഞു.
ആദ്യ തവണ താലിബാൻ അധികാരത്തിലേറിയപ്പോൾ നന്മ പ്രചരിപ്പിക്കൽ, തിന്മ തടയൽ മന്ത്രി ആയിരുന്നു തുറാബി. കാബൂളിലെ സ്പോർട്സ് സ്റ്റേഡിയത്തിലാണ് അക്കാലത്ത് ശിക്ഷകൾ നടപ്പാക്കിയിരുന്നത്. ഇത് കാണാൻ നിരവധി ആളുകളും എത്തുമായിരുന്നു. ഇതിനെതിരെ ലോക രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു.
കൊലപാതകം നടത്തുന്നവരെ വെടിവെച്ച് കൊല്ലുകയായിരുന്നു രീതി. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്, കൊലയാളിയിൽ നിന്ന് പണം വാങ്ങി ശിക്ഷ ഒഴിവാക്കി നൽകാൻ അനുവാദമുണ്ട്. കള്ളന്മാരുടെ കൈകൾ വെട്ടും. ഹൈവേ കൊള്ളക്കാരുടെ ഒരു കാലും കയ്യും ഛേദിക്കും.
Read Also : യുഎൻ പൊതുസഭയിൽ സംസാരിക്കണമെന്ന ആവശ്യവുമായി താലിബാൻ
അതേസമയം, യുഎൻ പൊതുസഭാ സമ്മേളനത്തിൽ സംസാരിക്കാൻ തങ്ങളെയും അനുവദിക്കണമെന്ന് താലിബാൻ ആവശ്യപ്പെട്ടു. താലിബാൻ പ്രതിനിധിയെ സമ്മേളനത്തിൽ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന് കത്ത് നൽകി. ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന താലിബാൻ തീവ്രവാദികളുടെ വക്താവ് സുഹൈൽ ഷഹീനെ അഫ്ഗാനിസ്ഥാന്റെ യുഎൻ അംബാസഡറായി നിയമിച്ചതായി താലിബാൻ അറിയിച്ചു. നിലവിലുള്ള പ്രതിനിധി ഗുലാം ഇസാക്സായിയെ ഇനി അഫ്ഗാൻ പ്രതിനിധിയായി പരിഗണിക്കരുതെന്നും താലിബാൻ അറിയിച്ചു. താലിബാന്റെ ആവശ്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ യുഎസ്, ചൈന, റഷ്യ എന്നിവയടക്കമുള്ള രാജ്യങ്ങൾ ഉൾപ്പെട്ട ക്രെഡൻഷ്യൽ കമ്മിറ്റിക്ക് കത്ത് കൈമാറി.
ഇതിനിടെ, അമേരിക്കയിൽ നടത്താനിരുന്ന സാർക് വിദേശ മന്ത്രിമാരുടെ യോഗം റദ്ദാക്കി. സമ്മേളനത്തിൽ താലിബാനെ പങ്കെടുപ്പിക്കണമെന്ന പാകിസ്താന്റെ ആവശ്യത്തിന് പിന്നാലെയാണ് നടപടി. ശനിയാഴ്ച ന്യൂയോർക്കിൽ നടത്താൻ നിശ്ചയിച്ചിരുന്ന യോഗമാണ് റദ്ദാക്കിയത്.
Story Highlights: Taliban Strict punishment executions aghanistan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here