ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് കെ. സുരേന്ദ്രനെ നിലനിർത്താൻ ശ്രമം

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ. സുരേന്ദ്രനെ മാറ്റാതിരിക്കാൻ നീക്കം. കെ. സുരേന്ദ്രനെ കാലാവധി പൂർത്തിയാക്കാൻ അനുവദിക്കണമെന്ന് സംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷ്. കെ. സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് ഇപ്പോൾ മാറ്റുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് സംഘടനാ സെക്രട്ടറി അറിയിച്ചു. അടിത്തട്ടിൽ ബി.ജെ.പിയെ ശക്തമാക്കാൻ കെ. സുരേന്ദ്രൻ നടത്തുന്ന നീക്കം വിജയകരമാണെന്നും ബി.എൽ. സന്തോഷ് വ്യക്തമാക്കി. വിഷയത്തിൽ ബി.എൽ. സന്തോഷ് ബി.ജെ.പി ദേശീയ അധ്യകഷൻ ജെ.പി. നദ്ദയെ നിലപാടറിയിച്ചു.
Read Also : സമൂഹ സേവനം ഉറപ്പാക്കാൻ ശ്രമിക്കും; സിവിൽ സർവീസ് ആറാം റാങ്കുകാരി മീര പറയുന്നു
അതേസമയം, ബി.ജെ.പി പുനഃസംഘടന വൈകരുതെന്ന് മുൻ സംഘടനാ ജനറൽ സെക്രട്ടറി പി.പി. മുകുന്ദൻ. പഴുക്കുന്നത് വരെ കാത്തിരിക്കാതെ തീരുമാനം കൃത്യസമയത്ത് നടപ്പാക്കണമെന്ന് പി.പി. മുകുന്ദൻ പറഞ്ഞു. സംഘടനാ സംവിധാനം നിർജീവമാണെന്നും, ബി.ജെ.പി പുനഃസംഘടന നീട്ടുന്നത് കേരളം ഘടകത്തിന് തീരാ കളങ്കമാണെന്നും പി.പി. മുകുന്ദൻ അറിയിച്ചു. കുഴൽപ്പണ കേസിൽ കെ. സുരേന്ദ്രൻ കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ പാർട്ടിക്ക് നാണക്കേടാണെന്നും പി.പി. മുകുന്ദൻ വ്യക്തമാക്കി.
ബി.ജെ.പി നേതൃത്വവുമായുള്ള കൂടിക്കാഴ്ചയ്ക്കായി സുരേഷ് ഗോപി എം.പി നാളെ ഡൽഹിക്ക് തിരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അമിത് ഷായുമായും സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തും. ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സുരേഷ് ഗോപിയുടെ പേര് നേതൃത്വം നിർദേശിച്ച സാഹചര്യത്തിലാണ് കൂടിക്കാഴ്ച.
Read Also : കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് വി.എം സുധീരൻ രാജിവച്ചു
നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയും കുഴൽപ്പണ കേസിലെ ആരോപണങ്ങളും പ്രതിസന്ധി രൂക്ഷമാക്കിയതോടെ ബി.ജെ.പി കേരള ഘടകത്തിൽ കേന്ദ്രം അഴിച്ചുപണിക്ക് ഒരുങ്ങുന്നത്. സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും കെ. സുരേന്ദ്രനെ മാറ്റി ജനകീയ മുഖത്തെ കൊണ്ടുവരാനാണ് പാർട്ടി നേതൃത്വം ആലോചിക്കുന്നത്. അങ്ങനെയാണ് നേതൃത്വം ആദ്യ പരിഗണന സുരേഷ് ഗോപിക്ക് നൽകിയത്.
എന്നാൽ, തനിക്ക് തത്കാലം പാർട്ടി പ്രവർത്തകനായി തുടരാനാണ് താത്പര്യമെന്നാണ് സുരേഷ് ഗോപിയുടെ പ്രതികരണം. ബി.ജെ.പി തനിക്ക് ചില ഉത്തരവാദിത്വങ്ങൾ നൽകിയിട്ടുണ്ട്. അത് ഭംഗിയായി നിറവേറ്റനാണ് താൻ ശ്രമിക്കുന്നതെന്നും സുരേഷ് ഗോപി അറിയിച്ചു.
Story Highlights: BJP State President K Surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here