സംസ്ഥാനത്ത് 91 ശതമാനം പേര്‍ക്ക് ആദ്യഡോസ് വാക്‌സിന്‍ നല്‍കി; 45 വയസിന് മുകളിലുള്ള 96% പേര്‍ ആദ്യഡോസ് സ്വീകരിച്ചു

സംസ്ഥാനത്ത് 91 ശതമാനം പേര്‍ക്ക് ആദ്യഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സെപ്റ്റംബര്‍ 25 വരെ വാക്സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 91.62 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും (2,44,71,319), 39.47 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും (1,05,41,148) നല്‍കി. covid vaccination kerala
45 വയസില്‍ കൂടുതല്‍ പ്രായമുള്ള 96 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 58 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്സിനേഷന്‍ സംസ്ഥാനം നല്‍കി. പുതിയ റിപ്പോര്‍ട്ട് പ്രകാരം 16,671 പുതിയ രോഗികളില്‍ 13,954 പേര്‍ വാക്സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 4692 പേര്‍ ഒരു ഡോസ് വാക്സിനും 3847 പേര്‍ രണ്ടു ഡോസ് വാക്സിനും എടുത്തിരുന്നു. എന്നാല്‍ 5415 പേര്‍ക്ക് വാക്സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കൊവിഡ് വാക്സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു. മുഖ്യമന്ത്രി അറിയിച്ചു.
സെപ്റ്റംബര്‍ 18 മുതല്‍ 24 വരെയുള്ള കാലയളവില്‍ ശരാശരി 1,70,669 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്സിജന്‍ കിടക്കകളും ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 7000 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 5 ശതമാനവും കുറവ് ഉണ്ടായിട്ടുണ്ട്.
നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 16%, 7%, 21%, 3%, 6% കുറഞ്ഞു. ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.
Read Also : സംസ്ഥാനത്ത് ഇന്ന് 16,671 പേര്‍ക്ക് കൊവിഡ്; 120 മരണം
ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ കൊവിഡ് ബാധിതരായ വ്യക്തികളില്‍ 6 ശതമാനം പേര്‍ കൊവിഡ് വാക്സിന്റെ ഒരു ഡോസ് എടുക്കുകയും, 3.6 ശതമാനം കോവിഡ് വാക്സിന്റെ രണ്ട് ഡോസുകള്‍ എടുക്കുകയും ചെയ്തിരുന്നു. അണുബാധ തടയാന്‍ വാക്സിനേഷന് ശേഷമുള്ള രോഗപ്രതിരോധശേഷി ഫലപ്രദമാണെന്നും, എന്നാല്‍ വാക്സിനേഷന്‍ എടുത്ത ആളുകള്‍ക്ക് കുറഞ്ഞ അളവിലെങ്കിലും രോഗബാധ ഉണ്ടായേക്കാം എന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. അതിനാല്‍ അനുബന്ധ രോഗങ്ങള്‍ ഉള്ളവര്‍ രോഗം വരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്. മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് 16,671 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 2500, തിരുവനന്തപുരം 1961, തൃശൂര്‍ 1801, കോഴിക്കോട് 1590, കൊല്ലം 1303, മലപ്പുറം 1200, കോട്ടയം 1117, പാലക്കാട് 1081, ആലപ്പുഴ 949, കണ്ണൂര്‍ 890, പത്തനംതിട്ട 849, വയനാട് 661, ഇടുക്കി 486, കാസര്‍ഗോഡ് 283 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധ.
Story Highlights: covid vaccination kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here