പിങ്ക് പൊലീസ് ഉദ്യോഗസ്ഥയുടെ പരസ്യവിചാരണ; എട്ട് വയസ്സുകാരിയുടെ കുടുംബം സെക്രട്ടേറിയറ്റിന് മുന്നിൽ ഉപവാസം തുടങ്ങി

മോഷണക്കുറ്റം ആരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പരസ്യവിചാരണ നടത്തിയ എട്ട് വയസ്സുകാരിയുടെ കുടുംബം സെക്രട്ടേറിയറ്റിന് മുന്നിൽ ഉപവാസം തുടങ്ങി.പോലീസ് ഉദ്യോസ്ഥയായ രജിതയെ സസ്പെന്റ് ചെയ്യണമെന്നാണ് ആവശ്യം.പരാതി നൽകിയിട്ടും ഇവർക്കെതിരെ കേസെടുത്തില്ലെന്നും കുടുംബം ആരോപിക്കുന്നു. ( hunger strike against pink police )
തിരുവനന്തപുരം ആറ്റിങ്ങലിൽ എട്ട് വയസ്സുകാരിയെയും അച്ഛനെയും പിങ്ക് പൊലീസ് അപമാനിച്ച സംഭവത്തിൽ പ്രതിഷേധം സെക്രട്ടേറിയേറ്റിനു മുന്നിലെത്തി. മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് പരസ്യവിചാരണ നടത്തിയ പോലീസ് ഉദ്യോഗസ്ഥ രജിതക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം.സ്ഥലം മാറ്റത്തിലൂടെ ഇവരെ രക്ഷിക്കാനാണ് പൊലീസിന്റെ ശ്രമമെന്ന് കുടുംബം ആരോപിച്ചു.
മൊബൈൽ ഫോൺ പൊലീസ് ഉദ്യോഗസ്ഥയുടെ ബാഗിൽ നിന്ന് തന്നെ ലഭിച്ചിരുന്നു.എന്നിട്ടും ഉദ്യോഗസ്ഥയ്ക്ക് ജാഗ്രതക്കുറവ് സംഭവിക്കുകമാത്രമാണ് ചെയ്തതെന്ന് പോലീസ് നിസ്സാര വത്കരിച്ചു.
സംഭവത്തിൽ ഐ.ജി ഹർഷിത അട്ടല്ലൂരിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയെങ്കിലും ഇതുവരെയും കുടുംബവുമായി ബന്ധപ്പെട്ടിട്ടില്ല നീതി ലഭിക്കും വരെ പ്രതിഷേധം തുടരാനാണ് തീരുമാനം.
Read Also : പിങ്ക് പൊലീസിന്റെ വിവാദ നടപടി; റിപ്പോര്‍ട്ട് തേടി പട്ടികജാതി കമ്മിഷന്‍
കഴിഞ്ഞ ദിവസമാണ് തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനേയും മൂന്നാം ക്ലാസുകാരി മകളേയും രജിത പരസ്യമായി വിചാരണ ചെയ്തത്. തന്റെ മൊബൈൽ ഫോൺ ജയചന്ദ്രൻ മോഷ്ടിച്ചെടുത്ത് മകൾക്ക് കൊടുത്തെന്ന് ആരോപിച്ചായിരുന്നു രജിത ഇവരെ ചോദ്യം ചെയ്തത്. സ്റ്റേഷനിൽ കൊണ്ടുപോയി അച്ഛന്റേയും മകളുടേയും ദേഹം പരിശോധന നടത്തുമെന്നും രജിത പറഞ്ഞിരുന്നു.
ഫോൺ എടുത്തില്ലെന്ന് പറഞ്ഞിട്ടും രജിത പിന്മാറാൻ തയാറായില്ല. ഒടുവിൽ ഒപ്പമുണ്ടായിരുന്ന മറ്റൊരു വനിത പൊലീസ് ഉദ്യോഗസ്ഥ പിങ്ക് പൊലീസ് വാഹനത്തിലുണ്ടായിരുന്ന രജിതയിടെ ബാഗ് പരിശോധിച്ചപ്പോൾ സൈലന്റിലാക്കിയ നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തി. ഫോൺ സ്വന്തം ബാഗിൽ നിന്ന് കിട്ടിയശേഷവും രജിത അച്ഛനോടും മകളോടും മോശമായാണ് പെരുമാറിയത്.
വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. സംഭവത്തിൽ ബാലാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്. തുടർന്ന് റൂറൽഎസ്പി ഓഫിസിലേക്കാണ് ഇവരെ സ്ഥലം മാറ്റിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച ആറ്റിങ്ങൾ ഡിവൈ എസ്പി റിപ്പോർട്ട് റൂറൽ എസ് പി ക്ക് കൈമാറിയിട്ടുണ്ട്.
Story Highlights: hunger strike against pink police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here