വനിതാ ബിഗ് ബാഷിൽ നാല് ഇന്ത്യൻ താരങ്ങൾ കളിക്കും

വരുന്ന സീസണിലെ വനിതാ ബിഗ് ബാഷ് ലീഗിൽ നാല് ഇന്ത്യൻ താരങ്ങൾ കളിക്കും. ഓപ്പണർമാരായ സ്മൃതി മന്ദന, ഷഫാലി വർമ്മ എന്നിവർക്കൊപ്പം ഓൾറൗണ്ടർ ദീപ്തി ശർമ്മ, ലെഫ്റ്റ് ആം ഓർത്തഡോക്സ് ബൗളർ രാധ യാദവ് എന്നിവരാണ് ബിഗ് ബാഷ് ടീമുകളിലേക്ക് ഇടം നേടിയത്. ഷഫാലി, മന്ദന, ദീപ്തി എന്നിവർ അടുത്തിടെ ‘ദി ഹണ്ട്രഡ്’ ടൂർണമെൻ്റിൽ കളിച്ചിരുന്നു. മന്ദന ഒഴികെ മറ്റ് മൂന്ന് താരങ്ങളും ഇത് ആദ്യമായാണ് ബിഗ് ബാഷിൽ കളിക്കുക. മന്ദന മുൻപ് രണ്ട് സീസണുകളിൽ ബിഗ് ബാഷ് കളിച്ചിട്ടുണ്ട്. (indian women big bash)
ദീപ്തി ശർമ്മ, സ്മൃതി മന്ദന എന്നിവരെ സിഡ്നി തണ്ടർ ആണ് ടീമിലെത്തിച്ചത്. ഹണ്ട്രഡിൽ നിന്ന് പിന്മാറീയ ഇംഗ്ലീഷ് താരങ്ങളായ ഹെതർ നൈറ്റ്, തമി ബ്യൂമൊണ്ട് എന്നിവർക്ക് പകരക്കാരായാണ് ഇന്ത്യൻ താരങ്ങൾ ടൂർണമെൻ്റിൽ പാഡണിയുക. നേരത്തെ, ബ്രിസ്ബേൻ ഹീറ്റ്, ഹൊബാർട്ട് ഹറികെയ്‌ൻസ് എന്നീ ടീമുകൾക്കാണ് മുൻപ് സ്മൃതി കളിച്ചിട്ടുള്ളത്. ദീപ്തി ബിബിഎലിൽ കളിച്ചിട്ടില്ലെങ്കിലും ദി ഹണ്ട്രഡിൽ നടത്തിയ മികച്ച പ്രകടനമാണ് താരത്തിനു തുണയായത്.
Read Also : ഉജ്വല വിജയവുമായി ഇന്ത്യന്‍ വനിതകള്‍; ഓസ്‌ട്രേലിയയുടെ അപരാജിത കുതിപ്പിന് അവസാനമിട്ടു
ഷഫാലി, രാധ എന്നിവർ സിഡ്നി സിക്സേഴ്സിൽ കളിക്കും. ദി ഹണ്ട്രഡിൽ ബിർമിംഗ്‌ഹാം ഫീനിക്സിനായി കളിച്ച താരം ഭേദപ്പെട്ട പ്രകടനങ്ങളാണ് നടത്തിയത്. രാധ യാദവ് മുൻപ് ഒരു വിദേശ ലീഗിലും കളിച്ചിട്ടില്ല. അതേസമയം, ദി ഹണ്ട്രഡിൽ ഏറ്റവുമധികം റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ രണ്ടാമതെത്തിയ ജമീമ റോഡ്രിഗസിനെ ബിബിഎലിൽ ഇതുവരെ ഒരു ടീം പോകും പരിഗണിച്ചില്ലെന്നത് അത്ഭുതമാണ്.
ദി ഹണ്ട്രഡ് വനിതാ എഡിഷനിൽ ഓവൽ ഇൻവിസിബിൾസിനായിരുന്നു കിരീടം. സതേൺ ബ്രേവിനെ 48 റൺസുകൾക്ക് തകർത്താണ് ഇൻവിസിബിൾസ് കിരീടം ചൂടിയത്.
ആദ്യം ബാറ്റ് ചെയ്ത ഓവൽ ഇൻവിസിബിൾസ് നിശ്ചിത 100 പന്തുകളിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 121 റൺസ് നേടി.മറുപടി ബാറ്റിംഗിൽ തുടർച്ചയായി വിക്കറ്റ് നഷ്ടപ്പെട്ട സതേൺ ബ്രേവ് 2 റൺസിന് 3 വിക്കറ്റ്, 11 റൺസിന് 5 വിക്കറ്റ്, 29 റൺസിന് ഏഴ് വിക്കറ്റ് എന്നിങ്ങനെ പതറി. 2 പന്തുകൾ ബാക്കി നിൽക്കെ 73 റൺസിന് സതേൺ ബ്രേവ് ഓൾഔട്ടായി.
Story Highlights: four indian players play women big bash league
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here