പാർട്ടി ക്ഷീണിച്ച സമയത്ത് രാജിവെച്ചത് ശരിയായ തീരുമാനമല്ല; സുധീരനെതിരെ വിമർശനവുമായി പി ജെ കുര്യൻ

വി എം സുധീരനെതിരെ വിമർശനവുമായി പി ജെ കുര്യൻ. പാർട്ടി ക്ഷീണിച്ച സമയത്ത് രാജിവെച്ചത് ശരിയായ തീരുമാനമല്ലെന്നും പാർട്ടിയിൽ അധികാരമുള്ള സമയത്ത് പല സ്ഥാനങ്ങളും സുധീരൻ വഹിച്ചിട്ടുണ്ടെന്നും പി ജെ കുര്യൻ പ്രതികരിച്ചു.
അതേസമയം അനുനയ നീക്കവുമായി ഹൈക്കമാൻഡ് ചർച്ച നടത്തിയതിന് പിന്നാലെ സംസ്ഥാന നേതൃത്വത്തിനെതിരെ വിഎം സുധീരൻ രംഗത്തെത്തി. എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് പുതിയ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. വലിയ പ്രതീക്ഷയോടെ ചുമതലയേറ്റ നേതൃത്വം തെറ്റായ ശൈലിയും അനഭിലഷണീയമായ പ്രവർത്തനവുമാണ് നടത്തുന്നതെന്നും പ്രതീക്ഷിച്ച പോലെ നന്നായില്ലെന്നും സുധീരൻ കുറ്റപ്പെടുത്തി. എഐസിസിയിൽ നിന്നും രാഷ്ട്രീയ കാര്യ സമിതിയിൽ നിന്നുമുള്ള തന്റെ രാജികൾ നിലനിൽക്കുമെന്നും സുധീരൻ അറിയിച്ചു.
താനുമായി ചർച്ച നടത്തിയതിൽ ഹൈക്കമാൻഡിന് നന്ദി അറിയിക്കുന്നുവെന്നും തെറ്റായ നടപടി തിരുത്താൻ ഹൈക്കമാൻഡ് ഇടപെടൽ പ്രതീക്ഷിക്കുന്നുവെന്നും അതിനായി കാത്തിരിക്കുന്നുവെന്നും വി എം സുധീരൻ അഭിപ്രായപ്പെട്ടു. ഉചിതമായ പരിഹാരം ഉണ്ടാകുമോ എന്നതാണ് ഉറ്റുനോക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also : ‘രാജിയിൽ നിന്ന് പിന്നോട്ടില്ല, പുതിയ നേതൃത്വം പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ല’; വി എം സുധീരൻ
അതേസമയം വി എം സുധീരനുമായുള്ള കൂടിക്കാഴ്ച പോസിറ്റീവ് ആണെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പ്രതികരിച്ചു. വി എം സുധീരൻ ഉന്നയിച്ച കാര്യങ്ങൾ ഗൗരവമായി പരിഗണിക്കുമെന്നും സുധീരന്റെ രാജി ഗുരുതര വിഷയമല്ലെന്നും താരിഖ് അൻവർ അഭിപ്രായപ്പെട്ടു.
Story Highlights: PJ Kurien criticizes V M Sudheeran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here