ബലാത്സംഗ കേസിലെ ഇരയെ മോന്‍സണ്‍ ഭീഷണിപ്പെടുത്തിയതായി പരാതി

ബലാത്സംഗ കേസിലെ ഇരയെ മോന്‍സണ്‍ മാവുങ്കല്‍ ഭീഷണിപ്പെടുത്തിയതായി പരാതി. മോന്‍സണ്‍ മാവുങ്കലിന്റെ ബിസിനസ് പങ്കാളിയായ ആലപ്പുഴ സ്വദേശി ശരത്തിനെതിരായ ബലാത്സംഗ പരാതി പിന്‍വലിക്കാന്‍ മോന്‍സണ്‍ ഇടപെട്ടതായാണ് ആരോപണം. നഗ്ന വിഡിയോയും ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് മോന്‍സണ്‍ ഭീഷണിപ്പെടുത്തിയതായി പരാതിക്കാരി ട്വന്റിഫോറിനോട് പറഞ്ഞു.
ആദ്യം നല്‍കിയ പരാതിയില്‍ മോന്‍സണ്‍ മാവുങ്കലിന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് യുവതി പറഞ്ഞു. വീണ്ടും പരാതി നല്‍കിയെങ്കിലും ആരോപണവിധേയന് ജാമ്യം ലഭിക്കുന്ന നിലയിലായിരുന്നു കാര്യങ്ങള്‍. പരാതിയുമായി വീണ്ടും മുന്നോട്ടു നീങ്ങിയ സാഹചര്യത്തില്‍ ഭീഷണികള്‍ ഉയര്‍ന്നു. ഹണി ട്രാപ്പില്‍ കുടുക്കുമെന്നായിരുന്നു മോന്‍സണ്‍ പറഞ്ഞത്. നഗ്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞു. സഹോദരനേയും സുഹൃത്തിനേയും ഫോട്ടോകള്‍ കാണിച്ചും ഭീഷണി തുടര്‍ന്നു. പരാതിയില്‍ ഉറച്ചു നിന്നപ്പോള്‍ ഗുണ്ടകളെ വീട്ടിലയച്ച് ഭീഷണിപ്പെടുത്തി. പൊലീസില്‍ നല്‍കിയ പരാതികള്‍ ഉടന്‍ തന്നെ മോന്‍സണും ലഭിച്ചു. മോന്‍സണ്‍ ഭീഷണിപ്പെടുത്തിയെന്ന പരാതി സ്വാധീനം ഉപയോഗിച്ച് അട്ടിമറിച്ചെന്നും യുവതി വ്യക്തമാക്കി.
പുരാവസ്തു വില്‍പ്പനക്കാരനെന്ന വ്യാജേനയാണ് മോന്‍സണ്‍ മാവുങ്കല്‍ പലരില്‍ നിന്നായി കോടികള്‍ തട്ടിച്ചത്. 2018-2021 കാലഘട്ടത്തിലായിരുന്നു തട്ടിപ്പ് നടത്തിയത്. മോന്‍സണിന്റെ സുഹൃത്തായിരുന്ന അനൂപ് അഹമ്മദാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. തുടര്‍ന്ന് നിരവധി പേര്‍ പരാതി നല്‍കി. എന്നാല്‍ പരാതികളില്‍ അന്വേഷണം നടന്നില്ല. ഉന്നത പൊലീസ് ബന്ധം ഉപയോഗിച്ച് മോന്‍സണ്‍ അന്വേഷണം അട്ടിമറിച്ചതായാണ് ആരോപണം. രാഷ്ട്രീയക്കാരും സിനിമാ മേഖലയില്‍ ഉള്ളവരുമായും മോന്‍സണ് ഉറ്റ ബന്ധമാണുള്ളത്.
Story Highlights: rape case victim against monson
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here