മെസിക്ക് ആദ്യ ഗോൾ; മാഞ്ചസ്റ്റർ സിറ്റിക്കെതിരെ പിഎസ്ജിക്ക് ജയം

ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ പാരിസ് സെൻ്റ് ജെർമനു ജയം. ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ മടക്കമില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാർ സിറ്റിയെ കീഴടക്കിയത്. ഇദ്രിസ ഗുയെ, ലയണൽ മെസി എന്നിവരാണ് പിഎസ്ജിക്കായി ഗോളുകൾ നേടിയത്. പിഎസ്ജി ജഴ്സിയിൽ മെസിയുടെ ആദ്യ ഗോളാണ് ഇത്. (psg manchester city messi)
കളി തുടങ്ങി എട്ടാം മിനിട്ടിൽ തന്നെ പിഎസ്ജി മുന്നിലെത്തി. എംബാപ്പെയുടെ ലോ ക്രോസ് നെയ്മർക്ക് കണക്ട് ചെയ്യാനായില്ലെങ്കിലും കൃത്യമായി ഇടപെട്ട ഗുയെ ഗോൾവല കുലുക്കി. സമനില ഗോളിനായി സിറ്റി കിണഞ്ഞ് ശ്രമിച്ചെങ്കിലും പിഎസ്ജി പ്രതിരോധവും ഗോൾകീപ്പർ ജിയാൻലുഗി ഡൊണ്ണറുമ്മയും വഴങ്ങിയില്ല. 26 ആം മിനിട്ടിൽ ലഭിച്ച സുവർണാവസരം ഗോളി മാത്രം മുന്നിൽ നിൽക്കെ സിറ്റി പാഴാക്കി. ആദ്യ പകുതി പിഎസ്ജി ഒരു ഗോളിൻ്റെ ലീഡിനു പിരിഞ്ഞു. രണ്ടാം പകുതിയിൽ മെസിയുടെ ഗോൾ എത്തി. മനോഹരമായ ഡ്രിബിളിനൊടുവിൽ എംബാപ്പെയുമായി വൺ ടച്ച് പാസ് കളിച്ച മെസി സിറ്റി ഗോൾ കീപ്പർ എഡേഴ്സണെ കബളിപ്പിച്ച് വല ചലിപ്പിച്ചു.
Read Also : പിഎസ്ജിക്കും റയലിനും ജയം; യുവന്റസിനും എസി മിലാനും സമനില
ആകെ 18 ഷോട്ടുകളാണ് സിറ്റി കളിയിൽ തൊടുത്തത്. ഇതിൽ ഏഴ് ഷോട്ട് ഓൺ ടാർഗറ്റായിരുന്നു. മറുവശത്ത് ആകെ ആറ് ഷോട്ടുകളിൽ മൂന്നെണ്ണമോൺ ടാർഗറ്റ് തൊടുക്കാൻ പിഎസ്ജിക്ക് കഴിഞ്ഞു.
രണ്ട് മത്സരത്തിൽ ഒരു ജയവും സമനിലയും അടക്കം 4 പോയിൻ്റുള്ള പിഎസ്ജി തന്നെയാണ് ഗ്രൂപ്പിൽ ഒന്നാമത്. രണ്ട് മത്സരങ്ങളിൽ ഒരു ജയവും ഒരു തോൽവിയുമുള്ള സിറ്റി മൂന്നാം സ്ഥാനത്താണ്.
Story Highlights: psg won manchester city lionel messi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here