നിതിന കൊലപാതകം; പ്രതി അഭിഷേകിനെ പാലാ സെന്റ് തോമസ് കോളജിൽ തെളിവെടുപ്പിനെത്തിച്ചു

നിതിന കൊലപാതക കേസിൽ പ്രതി അഭിഷേകിനെ പാലാ സെന്റ് തോമസ് കോളജിൽ തെളിവെടുപ്പിനെത്തിച്ചു.
അഭിഷേകിനെ കോളജ് പരിസരത്ത് എത്തിച്ച് കൃത്യം നടത്തിയ സ്ഥലത്ത് വിശദമായ തെളിവെടുപ്പ് പൊലീസ് പൂർത്തിയാക്കി. നിതിനയെ കൊലപ്പെടുത്തിയതിന് ശേഷം പോയി ഇരുന്ന സ്ഥലങ്ങളും അഭിഷേക് പൊലീസിനോട് വിശദീകരിച്ചു. അതേസമയം പ്രതിയെ ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങാൻ തീരുമാനിച്ചതായി പൊലീസ് അറിയിച്ചു.
ഇതിനിടെ നിതിനയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത് വന്നിരുന്നു. നിതിനയുടെ കഴുത്തിലേറ്റ മുറിവ് ആഴത്തിലും വീതിയിലുമുള്ളതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. രക്തധമനികൾ മുറിഞ്ഞുപോയിരുന്നു. രക്തം വാർന്നതാണ് മരണകാരണമെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
അതേസമയം നിതിനയെ കൊലപ്പെടുത്താൻ കരുതിക്കൂട്ടിയാണ് അഭിഷേക് എത്തിയതെന്നതിന്റെ തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് മുൻപ് അഭിഷേക് മൂർച്ചയുള്ള ബ്ലേഡ് വാങ്ങി കരുതിയത് നിതിനയെ കൊലപ്പെടുത്താനാണെന്നാണ് പൊലീസ് പറയുന്നത്.
Read Also : രക്തധമനികൾ മുറിഞ്ഞുപോയി; മരണകാരണം രക്തം വാർന്നത്; പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്
ഒക്ടോബർ ഒന്നിന് രാവിലെ പതിനൊന്നരയോടെയാണ് പാലാ സെന്റ് തോമസ് കോളജിൽ നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അവസാനവർഷ ഫുഡ് ടെക്നോളജി പരീക്ഷ എഴുതാൻ എത്തിയതായിരുന്നു നിതിന മോളും അഭിഷേക് ബൈജുവും. പതിനൊന്ന് മണിയോടെ പരീക്ഷ ഹാളിൽ നിന്ന് അഭിഷേക് ഇറങ്ങി. നിതിനയെ കാത്ത് വഴിയരികിൽ നിന്ന അഭിഷേക് വഴക്കുണ്ടാക്കി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.
Read Also : പാലാ കൊലപാതകം; നിതിനാ മോളെ കൊലപ്പെടുത്താൻ പ്രതി അഭിഷേക് പുതിയ ബ്ലേഡ് വാങ്ങിയതായി മൊഴി
Story Highlights: Nithina murder evidence
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here