അടിക്ക് തിരിച്ചടി; ചെന്നൈക്കെതിരെ രാജസ്ഥാന് തകർപ്പൻ ജയം

ഐപിഎലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം. 7 വിക്കറ്റിനായിരുന്നു രാജസ്ഥാൻ്റെ വിജയം. 190 റൺസിൻ്റെ വിജയലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാൻ 17.3 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം ഭേദിക്കുകയായിരുന്നു. 64 റൺസ് നേടി പുറത്താാവാതെ നിന്ന ശിവം ദുബെയാണ് രാജസ്ഥാൻ്റെ ടോപ്പ് സ്കോറർ. യശസ്വി ജയ്സ്വാൾ 50 റൺസ് നേടി. ചെന്നൈക്കായി ശർദ്ദുൽ താക്കൂർ രണ്ട് വിക്കറ്റ് വീഴ്ത്തി. (rajasthan royals won chennai)
കൂറ്റൻ വിജയലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന് അവിശ്വസനീയ തുടക്കമാണ് ഓപ്പണർമാരായ എവിൻ ലൂയിസും യശസ്വി ജയ്സ്വാളും ചേർന്ന് നൽകിയത്. ലൂയിസിനെ കാഴ്ചക്കാരനാക്കി യശസ്വി കത്തിക്കയറിയപ്പോൾ സ്കോർ കുതിച്ചു. വെറും 19 പന്തുകളിലാണ് യുവതാരം ഫിഫ്റ്റി തികച്ചത്. യശസ്വിയുടെ ആദ്യ ഐപിഎൽ ഫിഫ്റ്റിയാണിത്. 77 റൺസ് നീണ്ട ആദ്യ വിക്കറ്റ് കൂട്ടുകെട്ടിലും യശസ്വി പങ്കാളിയായി പവർപ്ലേയുടെ അവസാന ഓവറിൽ ലൂയിസിനെ (27) ജോഷ് ഹേസൽവുഡിൻ്റെ കൈകളിലെത്തിച്ച ശർദ്ദുൽ താക്കൂർ ചെന്നൈക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകി. ഫിഫ്റ്റ്യ്ക്ക് തൊട്ടുപിന്നാലെ യശസ്വി പുറത്തായി. മലയാളി താരം കെഎം ആസിഫ് എറിഞ്ഞ ഏഴാമത്തെ ഓവറിലെ ആദ്യ പന്തിൽ യുവതാരം എം എസ് ധോണിയുടെ കൈകളിൽ അവസാനിച്ചു.
Read Also : ഗെയ്ക്‌വാദിന് തകർപ്പൻ സെഞ്ചുറി; ചെന്നൈക്ക് കൂറ്റൻ സ്കോർ
നാലാം നമ്പറിൽ ക്രീസിലെത്തിയ ശിവം ദുബെയുടെ ഊഴമായിരുന്നു പിന്നീട്. സഞ്ജുവിനെ കാഴ്ചക്കാരനാക്കി നിർത്തി അടിച്ചുതകർത്ത ദുബെ 31 പന്തുകളിൽ ഫിഫ്റ്റി നേടി. ദുബെയുടെ ആദ്യ ഐപിഎൽ ഫിഫ്റ്റിയാണ് ഇത്. ഇതിനു പിന്നാലെ 28 റൺസ് നേടിയ സഞ്ജു ശർദ്ദുൽ താക്കൂറിൻ്റെ പന്തിൽ ഋതുരാജ് ഗെയ്ക്‌വാദിനു ക്യാച്ച് സമ്മാനിച്ച് മടങ്ങി. ദുബെയുമൊത്ത് 89 റൺസിൻ്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടുയർത്തിയ ശേഷമാണ് സഞ്ജു മടങ്ങിയത്. സഞ്ജു പുറത്തായെങ്കിലും അഞ്ചാം നമ്പറിൽ ക്രീസിലെത്തിയ ഗ്ലെൻ ഫിലിപ്സ് ശിവം ദുബേയ്ക്കൊപ്പം ചേർന്ന് രാജസ്ഥാനെ അനായാസം വിജയത്തിലെത്തിച്ചു. ദുബെ (64), ഫിലിപ്സ് (14) എന്നിവർ പുറത്താവാതെ നിന്നു.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 189 റൺസാണ് നേടിയത്. പുറത്താവാതെ 101 റൺസ് നേടിയ ഋതുരാജ് ഗെയ്‌ക്‌വാദ് ആണ് ചെന്നൈയുടെ ടോപ്പ് സ്കോറർ. ഇതോടെ സീസണിൽ 500 റൺസ് കടന്ന ഋതുരാജ് ഓറഞ്ച് ക്യാപ്പ് പട്ടികയിലും ഒന്നാം സ്ഥാനത്ത് എത്തി. രവീന്ദ്ര ജഡേജ 15 പന്തുകളിൽ 32 റൺസെടുത്ത് പുറത്താവാതെ നിന്നു. രാജസ്ഥാനു വേണ്ടി രാഹുൽ തെവാട്ടിയ മൂന്ന് വിക്കറ്റ് വീഴ്ത്തി.
Story Highlights: rajasthan royals won chennai super kings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here