Advertisement

ഒന്നാം തീയതി തന്നെ ശമ്പളം വന്നു; വിശ്വസിക്കാനാവാതെ എയർ ഇന്ത്യ ജീവനക്കാർ

October 5, 2021
Google News 2 minutes Read
Air India employees salaries

2017നു ശേഷം ഇത് ആദ്യമായി ഒന്നാം തീയതി തന്നെ ശമ്പളം ലഭിച്ചതിൻ്റെ അമ്പരപ്പിലാണ് എയർ ഇന്ത്യ ജീവനക്കാർ. എയർ ഇന്ത്യയെ ടാറ്റാ ഗ്രൂപ്പ് ഏറ്റെടുക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് 4 വർഷങ്ങൾക്കു ശേഷം ഇതാദ്യമായി ജീവനക്കാർക്ക് ഒന്നാം തീയതി തന്നെ ശമ്പളം ലഭിച്ചത്. എക്കണോമിക്സ് ടൈംസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. (Air India employees salaries)

“ഇതിനെ ടാറ്റ എഫക്ട് എന്ന് വിളിച്ചോളൂ. ഒന്നാം തീയതി തന്നെ ഞങ്ങൾക്ക് ശമ്പളം ലഭിച്ചു. 2017ൽ എയർ ഇന്ത്യയിൽ ജോയിൻ ചെയ്തതിനു ശേഷം ഇതുവരെ ഞാനിത് കണ്ടിട്ടില്ല.”- ഒരു എയർ ഇന്ത്യ ജീവനക്കാരൻ പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എയർ ഇന്ത്യ കൃത്യമായി ശമ്പളം നൽകിയിരുന്നില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി മാസത്തിൻ്റെ 7-10 തീയതികളിലാണ് എയർ ഇന്ത്യ ജീവനക്കാർക്കുള്ള ശമ്പളം വന്നിരുന്നത്.

Read Also : എയര്‍ ഇന്ത്യ ടാറ്റാ ഗ്രൂപ്പിന് നല്‍കിയേക്കും; തീരുമാനം ഉടന്‍

സെപ്തംബർ ആദ്യമാണ് എയർ ഇന്ത്യയെ വാങ്ങാനുള്ള താത്പര്യപത്രം ടാറ്റാ ഗ്രൂപ്പ് സമർപ്പിച്ചത്. ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതോടെ എയർ ഇന്ത്യ വിൽക്കണമെന്നതാണ് കേന്ദ്രസർക്കാരിന്റെ പ്രഖ്യാപിത നയം. ടാറ്റയ്‌ക്കൊപ്പം സ്‌പൈസ് ജെറ്റും എയർ ഇന്ത്യയെ വാങ്ങാൻ താത്പര്യപത്രം സമർപ്പിച്ചിട്ടുണ്ട്.

1932ൽ ടാറ്റാ ഗ്രൂപ്പാണ് എയർ ഇന്ത്യ സ്ഥാപിച്ചത്. 1953ൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ദേശസാത്ക്കരണ നടപടികളുടെ ഭാഗമായി എയർ ഇന്ത്യയെ പൊതുമേഖലയിലേക്ക് ഏറ്റെടുക്കുകയായിരുന്നു. എന്നാൽ തങ്ങളെ ഉചിതമായി കേൾക്കാതെയായിരുന്നു സർക്കാരിന്റെ നടപടിയെന്ന് ചൂണ്ടിക്കാട്ടി ജെ.ആർ.ഡി ടാറ്റ പ്രധാനമന്ത്രിക്ക് കത്തയച്ചു. എയർ ഇന്ത്യ തിരികെ ടാറ്റാ ഗ്രൂപ്പിലേക്ക് എത്തുന്ന നാൾ താൻ കാണുന്നുവെന്നായിരുന്നു ജെ.ആർ.ഡി ടാറ്റയുടെ അന്നത്തെ വാക്കുകൾ.

2018 ൽ എയർ ഇന്ത്യ ആദ്യമായി വിൽക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചപ്പോഴും ടാറ്റാ ഗ്രൂപ്പ് താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ 76 ശതമാനം ഓഹരികൾ വിൽക്കാനാണ് അന്ന് കേന്ദ്രം തീരുമാനിച്ചത്. 100 ശതമാനം ഓഹരികൾ വാങ്ങാതെ വിസ്താര എയർ ഇന്ത്യ ലയനം സാധ്യമാക്കാത്തതിനാൽ അന്ന് ടാറ്റ പിൻമാറുകയായിരുന്നു.

58351 കോടി രൂപയാണ് എയർ ഇന്ത്യയുടെ ആകെ കടം. കേന്ദ്ര സർക്കാർ നൽകിയ പ്രത്യേക സാമ്പത്തിക പാക്കേജിന്റെ സഹായത്തിലാണ് എയർ ഇന്ത്യയുടെ ഇപ്പോഴത്തെ പ്രവർത്തനം. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 7500 കോടിയായിരുന്നു നഷ്ടം.

Story Highlights: Air India employees get their salaries on time

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here