കെപിസിസി നിര്‍വാഹക സമിതി അംഗമായിരുന്ന പി.വി ബാലചന്ദ്രന്‍ കോണ്‍ഗ്രസ് വിട്ടു; അണികള്‍ക്ക് പ്രതീക്ഷ നഷ്ടപ്പെട്ടെന്ന് വിമര്‍ശനം

വയനാട് മുന്‍ ഡിസിസി പ്രസിഡന്റും കെപിസിസി നിര്‍വാഹക സമിതി അംഗവുമായിരുന്ന പി.വി ബാലചന്ദ്രന്‍ കോണ്‍ഗ്രസ് വിട്ടു. ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും പരാജയപ്പെട്ടുവെന്ന് ബാലചന്ദ്രന്‍ പറഞ്ഞു. അണികള്‍ക്ക് പാര്‍ട്ടിയില്‍ പ്രതീക്ഷ നഷ്ടപ്പെട്ടെന്നും പാര്‍ട്ടിയില്‍ അനര്‍ഹമായി ഒരു സ്ഥാനവും നേടിയിട്ടില്ലെന്നും പി.വി ബാലചന്ദ്രന്‍ പറഞ്ഞു. pv balachandran
‘കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് എന്നിവയില്‍ തുടങ്ങി കോണ്‍ഗ്രസ് പാര്‍ട്ടിയിലെ കഴിഞ്ഞ 52 വര്‍ഷത്തെ പ്രവര്‍ത്തനവും ആത്മബന്ധവും അവസാനിപ്പിക്കുകയാണ്. ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ പ്രസക്തി അവസാനിക്കുകയാണെന്ന് സമീപകാല സംഭവങ്ങളില്‍ നിന്ന് മനസിലാക്കാം. ഗാന്ധി കുടുംബത്തിന്റെ പേരുമാത്രം ഉപയോഗിച്ച് വിജയിച്ച കാലമൊക്കെ കടന്നുപോയി. സംസ്ഥാന നേതൃത്വത്തിന്റെ അവസ്ഥയും വ്യത്യസ്തമല്ല. വളരെ പരിതാപകരമാണ്. ഏത് വിഷയത്തിലായാലും കൃത്യമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വത്തിന് കഴിയുന്നില്ല’. പി.വി ബാലചന്ദ്രന്‍ പറഞ്ഞു.
Read Also : കുറച്ചു പേര്‍ കൂടി പോകാനുണ്ട്; പിന്നെ എല്ലാം ശരിയാവും; കെ മുരളീധരന്‍
അതേസമയം പി വി ബാലചന്ദ്രന്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് ഇനിയും കൂടുതല്‍ പേര്‍ കൂടി പുറത്തു പോകാനുണ്ടെന്ന് കെ മുരളീധരന്‍ എം പി പ്രതികരിച്ചു. നേരത്തെ സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്ക് കോഴ വിവാദവുമായി ബന്ധപ്പെട്ട് ഐ.സി ബാലകൃഷ്ണനെതിരെ പി.വി ബാലചന്ദ്രന്‍ പരസ്യപ്രതികരണം നടത്തിയിരുന്നു. കെപിസിസി നിര്‍വാഹക സമിതി അംഗമായിരിക്കെയായിരുന്നു ആ സംഭവം. പിന്നാലെ ബാലചന്ദ്രന്‍ പാര്‍ട്ടി വിടുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.
Story Highlights: pv balachandran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here