Advertisement

സെറിബ്രല്‍ പാള്‍സി ബാധിച്ച യുവാവിനെ പട്ടിണിക്കിട്ട സംഭവം: കൃപാലയത്തിന്റെ ലൈസന്‍സ് റദ്ദാക്കണമെന്ന് ശുപാര്‍ശ; ട്വന്റിഫോര്‍ ഇംപാക്ട്

October 5, 2021
2 minutes Read
starvation of young men with cerebral palsy

സെറിബ്രല്‍ പാള്‍സി ബാധിച്ച യുവാവിനോട് തിരുവനന്തപുരത്തെ ആശ്രയ കേന്ദ്രം ക്രൂരത കാണിച്ചുവെന്ന ട്വന്റിഫോര്‍ വാര്‍ത്ത് ശരിവച്ച് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ശ്രീകാര്യത്തെ കൃപാലയത്തില്‍ നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ വിഷ്ണുപ്രസാദിന്റെ സഹോദരന്‍ ആനന്ദ് പ്രസാദിന്റെ പരാതിയും പൊലീസ് ശരിവച്ചു. വൃദ്ധസദനം നടത്തുന്നതിന് ലഭിച്ച ലൈസന്‍സ്, സാമ്പത്തിക ലാഭം മാത്രം മുന്നില്‍ക്കണ്ട് ദുരുപയോഗം ചെയ്‌തെന്നും പൊലീസ് വ്യക്താക്കുന്നു. സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കണമെന്നും പൊലീസ് ശുപാര്‍ശ ചെയ്തു. ട്വന്റിഫോര്‍ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. ( starvation of young men with cerebral palsy )

ശ്രീകാര്യം സിഐയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം കൃപാലയത്തിലെത്തി അന്വേഷണം നടത്തിയാണ് പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സംഭവത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുന്നതിനായി റിപ്പോര്‍ട്ട് സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന് സമര്‍പ്പിച്ചു. കൃപാലയത്തില്‍ നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും പരാതിക്കാരന്‍ അയച്ച തുക പൂര്‍ണമായും സ്ഥാപനം കൈപ്പറ്റിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വിഷ്ണുപ്രസാദിന് വേണ്ട വസ്ത്രമോ ഭക്ഷണമോ നല്‍കാതെ പട്ടിണിക്കിടുകയായിരുന്നു കൃപാലയം എന്ന സ്ഥാപനം.

വിഷ്ണുപ്രസാദ് അന്നും ഇന്നും

അഡ്വാന്‍സായി 50,000 രൂപയും പ്രതിമാസം 20,000 രൂപയും സഹോദരന്റെ സംരക്ഷണത്തിനായി കൃപാലയത്തിന് നല്‍കിയിരുന്നതായി തെളിവുകള്‍ സഹിതം പരാതിക്കാരന്‍ ആനന്ദ് വെളിപ്പെടുത്തി. 60 വയസ്സ് കഴിഞ്ഞവരെ സംരക്ഷിക്കുന്ന വൃദ്ധസദനത്തില്‍ 35കാരനായ വിഷ്ണുപ്രസാദ് എത്തിയതും ലൈസന്‍സ് ദുരുപയോഗം ചെയ്ത് സ്ഥാപനം സാമ്പത്തിക ലാഭമുണ്ടാക്കിയതും പൊലീസ് അന്വേഷിക്കുകയാണ്.

സെറിബ്രല്‍ പാള്‍സി ബാധിച്ച 35കാരനായ ആനയറ സ്വദേശി വിഷ്ണുപ്രസാദിനോടാണ് ശ്രീകാര്യത്തെ കൃപാലയം മനുഷ്യത്വരഹിതമായ ക്രൂരത കാണിച്ചത്. ആരോഗ്യവാനായി ആശ്രയ കേന്ദ്രത്തിലേല്‍പ്പിച്ച യുവാവ് 6 മാസത്തിന് ശേഷം എല്ലും തോലുമായി. ഭക്ഷണം നല്‍കാതെ പട്ടിണിക്കിട്ടതായി സഹോദരന്‍ ആനന്ദ് ആരോപിച്ചു. യുവാവിന്റെ ശരീരത്ത് വൃണങ്ങള്‍ ഉള്ളതായും നട്ടെല്ല് വളഞ്ഞ് എല്ലുകള്‍ തേമ്പിയ അവസ്ഥയിലായെന്നും സഹോദരന്‍ ആനന്ദ് പറഞ്ഞു. പരസഹായമില്ലാതെ അനങ്ങാനാവാത്ത അവസ്ഥയിലാണ് വിഷ്ണു പ്രസാദ്. സംഭവത്തില്‍ ആനന്ദ് മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. കൃപാലയം ഉടമ അനില്‍ തോമസ്, നഴ്‌സ് മിനി, ജീവനക്കാരനായ സബിന്‍ ലാല്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്.

വിഷ്ണുപ്രസാദിന്റെ സഹോദരന്‍ ആനന്ദ്‌

മാതാപിതാക്കള്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് വിഷ്ണുപ്രസാദിനെ സഹോദരനാണ് സംരക്ഷിച്ചിരുന്നത്.
ആനന്ദിനും ഭാര്യക്കും വിദേശത്ത് ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് വിഷ്ണുപ്രസാദിനെ കൃപാലയത്തിലാക്കിയത്. അഡ്വാന്‍സായി 50,000 രൂപയും പ്രതിമാസം 20,000 രൂപയും സഹോദരന്റെ ചെലവിനായി കൃപാലയത്തിന് നല്‍കിയിരുന്നതായി ആനന്ദ് പറഞ്ഞു. 5 മാസത്തിന് ശേഷം വിദേശത്ത് നിന്ന് കഴിഞ്ഞ ദിവസം മടങ്ങിയെത്തി സഹോദരനെ കാണാനെത്തിയപ്പോള്‍ നടുങ്ങി പോയെന്നും ആനന്ദ് വ്യക്തമാക്കി.സഹോദരന്റെ പൂര്‍ണ സംരക്ഷണവും ഉത്തരവാദിത്തവും കൃപാലയം നടത്തിപ്പുകാര്‍ വാഗ്ദാനം ചെയ്തതിനാല്‍ ആവശ്യപ്പെട്ട പണം നല്‍കുകയായിരുന്നെന്ന് ആനന്ദ് പറഞ്ഞു. അവശനിലയിലായ വിഷണുപ്രസാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read Also : സെറിബ്രൽ പാഴ്സി ബാധിച്ച യുവാവിനോട് ആശ്രയ കേന്ദ്രത്തിൻ്റെ ക്രൂരത; പരാതിയുമായി സഹോദരൻ

വിഷയത്തില്‍ സാമൂഹിക ക്ഷേമമന്ത്രി ആര്‍.ബിന്ദുവും ഇടപെട്ടിരുന്നു. കൃപാലയം വൃദ്ധ സദനം വൃദ്ധനല്ലാത്തയാളെ എന്തുകൊണ്ട് ഏറ്റെടുത്തതെന്ന് അന്വേഷിക്കും. കൃപാലയം വൃദ്ധ സദനത്തില്‍ സംഭവിച്ചത് എന്താണെന്ന് പരിശോധിച്ച് നടപടിയെടുക്കുമെന്ന് മന്ത്രി 24 നോട് പ്രതികരിച്ചു.

Story Highlights: starvation of young men with cerebral palsy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top