വനിതാ ഐപിഎലിനു മുൻപ് ആഭ്യന്തര ക്രിക്കറ്റ് ശക്തമാക്കും: ബിസിസിഐ

വനിതാ ഐപിഎൽ ആലോചനയിലുണ്ടെന്ന് ബിസിസിഐ. ബോർഡിൻ്റെ ക്രിക്കറ്റ് ഓപ്പറേഷൻസ് സംഘത്തിൽ പെട്ട മുൻ ദേശീയ താരം സാബ കരീം ആണ് വനിതാ ഐപിഎൽ പരിഗണനയിലുണ്ടെന്ന് അറിയിച്ചത്. അതിനു മുൻപ് ആഭ്യന്തര ക്രിക്കറ്റ് ശക്തമാക്കേണ്ടതുണ്ടെന്നും പുരുഷ ഐപിഎൽ ഇത്രത്തോളം വിജയിക്കാൻ കാരണം ശക്തമായ ആഭ്യന്തര ക്രിക്കറ്റ് കാരണമാണെന്നും അദ്ദേഹം വ്യക്തമാക്കി. (BCCI about womens IPL)
“മുന്നോട്ടുപോകുമ്പോൾ വനിതാ ഐപിഎൽ സംഘടിപ്പിക്കാൻ ബിസിസിഐ ശ്രമിക്കും. പക്ഷേ, ശക്തമായ ആഭ്യന്തര ക്രിക്കറ്റ് ഉണ്ടാവേണ്ടത് അതിനെക്കാൾ ആവശ്യമാണ്. അങ്ങനെയെങ്കിലേ യുവതാരങ്ങൾക്ക് ആ വേദിയിൽ മികച്ച പ്രകടനം നടത്താൻ സാധിക്കൂ. പുരുഷ ഐപിഎൽ ഇത്രത്തോളം വിജയിക്കാൻ കാരണം ശക്തമായ ആഭ്യന്തര ക്രിക്കറ്റ് ആണ്. വനിതാ ക്രിക്കറ്റും അങ്ങനെയാവണമെന്നാണ് തോന്നുന്നത്.”- സാബ കരീം പറഞ്ഞു.
വനിതാ ഐപിഎൽ നടത്തണമെന്ന അഭിപ്രായവുമായി ഇന്ത്യൻ വനിതാ താരങ്ങൾ രംഗത്തെത്തിയിരുന്നു. യുവതാരം ജമീമ റോഡ്രിഗസ്, ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദന എന്നിവരൊക്കെ പരസ്യമായി ഇക്കാര്യം സംസാരിച്ചു. ആഭ്യന്തര ക്രിക്കറ്റിൽ നിരവധി പ്രതിഭകളുണ്ടെന്നും അതുകൊണ്ട് തന്നെ ഐപിഎൽ നടത്തുക ബുദ്ധിമുട്ടല്ലെന്നും ജമീമ പറഞ്ഞു. 5-6 ടീമിനുള്ള താരങ്ങൾ ഇന്ത്യയിൽ തന്നെ ഉണ്ടെന്നും വിദേശ താരങ്ങൾ കൂടി എത്തുമ്പോൾ ഐപിഎൽ നടത്താനുള്ള സാഹചര്യം കൃത്യമാകുമെന്നുമാണ് സ്മൃതി പറഞ്ഞത്.
അതേസമയം, ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ടി-20 പരമ്പര നാളെ ആരംഭിക്കുകയാണ്. ഐതിഹാസികമായ പിങ്ക് ബോൾ ടെസ്റ്റ് സമനില ആയിരുന്നു. പരുക്കിനെ തുടർന്ന് ടെസ്റ്റ് മത്സരത്തിൽ നിന്ന് വിട്ടുനിന്ന ഹർമൻപ്രീത് കൗർ നാളെ കളിക്കുമെന്നാണ് വിവരം.
Story Highlights: BCCI about womens IPL
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here