ബാറ്റർ വൈകി ക്രീസിലെത്തിയാൽ ബൗളർക്ക് ഫ്രീ ഡെലിവറി; നിയമനിർമാണത്തിനൊരുങ്ങി ബിബിഎൽ

ക്രിക്കറ്റിലെ പരമ്പരാഗത ‘ടൈം ഔട്ട്’ നിയമത്തിൽ മാറ്റങ്ങളുമായി ബിഗ് ബാഷ് ലീഗ്. ഒരു ബാറ്റർ ഔട്ടായി അടുത്ത ബാറ്റർ നിശ്ചിത സമയത്തിനുള്ളിൽ ക്രീസിലെത്തണമെന്നാണ് പരമ്പരാഗത നിയമം. ഈ നിയമത്തിൽ മാറ്റം വരുത്താനാണ് ബിഗ് ബാഷ് അധികൃതർ ഒരുങ്ങുന്നത്. (BBL change timed law)
ഒരു ബാറ്റർ പുറത്തായി അടുത്ത ബാറ്റർ ക്രീസിലെത്തി തയ്യാറാവാൻ 3 മിനിട്ടാണ് പരമ്പരാഗത നിയമത്തിൽ അനുവാദമുള്ളത്. ക്രീസിലെത്തി തയ്യാറാവാൻ കഴിഞ്ഞ സീസണിലെ ബിഗ് ബാഷ് ലീഗ് 60 സെക്കൻഡ് സമയം നൽകിയിരുന്നു. ഇത് അത്ര കൃത്യമായി പാലിക്കപ്പെടുന്നുണ്ടായിരുന്നു. എന്നാൽ വരുന്ന സീസൺ മുതൽ ബാറ്റർക്ക് തയ്യാറാവാൻ 75 സെക്കൻഡ് അനുവദിക്കും. ഈ സമയത്തിനുള്ളിൽ പന്ത് ഫേസ് ചെയ്യാൻ ബാറ്റർക്ക് കഴിഞ്ഞില്ലെങ്കിൽ ബൗളർക്ക് ഒരു ‘ഫ്രീ ഡെലിവറി’ അനുവദിക്കും. ബാറ്റർ ഒരു വശത്തേക്ക് മാറിനിന്ന് ബൗളർ സ്റ്റമ്പിലേക്ക് പന്തെറിയണം. ബൗളർക്ക് പന്ത് സ്റ്റമ്പിൽ കൊള്ളിക്കാനായാൽ ബാറ്റർ പുറത്താവും. അല്ലെങ്കിൽ ബാറ്റിംഗ് തുടരാം.
Read Also : ബിഗ് ബാഷ് ലീഗ്: ജമീമ റോഡ്രിഗസും ഹർമൻപ്രീതും മെൽബൺ റെനഗേഡ്സിൽ കളിക്കും
അതേസമയം, ബിഗ് ബാഷ് വരുന്ന സീസണിൽ ഏഴ് ഇന്ത്യൻ വനിതാ താരങ്ങൾ കളിക്കും. ഓപ്പണർമാരായ സ്മൃതി മന്ദന, ഷഫാലി വർമ്മ എന്നിവർക്കൊപ്പം ഓൾറൗണ്ടർ ദീപ്തി ശർമ്മ, ലെഫ്റ്റ് ആം ഓർത്തഡോക്സ് ബൗളർ രാധ യാദവ്, കൗമാര വിക്കറ്റ് കീപ്പർ ബാറ്റർ റിച്ച ഘോഷ്, യുവതാരം ജമീമ റോഡ്രിഗസ്, ഇന്ത്യയുടെ ടി-20 ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ എന്നിവരാണ് വിവിധ ടീമുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ താരങ്ങൾ.
ജമീമയും ഹർമനും മെൽബൺ റെനഗേഡ്സിൽ കളിക്കും. ദീപ്തി ശർമ്മ, സ്മൃതി മന്ദന എന്നിവരെ സിഡ്നി തണ്ടർ ആണ് ടീമിലെത്തിച്ചത്. ഹണ്ട്രഡിൽ നിന്ന് പിന്മാറീയ ഇംഗ്ലീഷ് താരങ്ങളായ ഹെതർ നൈറ്റ്, തമി ബ്യൂമൊണ്ട് എന്നിവർക്ക് പകരക്കാരായാണ് ഇന്ത്യൻ താരങ്ങൾ ടൂർണമെൻ്റിൽ പാഡണിയുക. ഷഫാലി, രാധ എന്നിവർ സിഡ്നി സിക്സേഴ്സിൽ കളിക്കും. ദി ഹണ്ട്രഡിൽ ബിർമിംഗ്‌ഹാം ഫീനിക്സിനായി കളിച്ച ഷഫാലി ഭേദപ്പെട്ട പ്രകടനങ്ങളാണ് നടത്തിയത്. ഹൊബാർട്ട് ഹറികെയ്‌ൻസ് ആണ് 17കാരിയായ റിച്ച ഘോഷിനെ ടീമിൽ എത്തിച്ചിരിക്കുന്നത്.
Story Highlights: BBL proposes change timed out law
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here