ലഖിംപൂർ ഖേരി ആക്രമണം അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മിഷൻ
ലഖിംപൂർ ഖേരി ആക്രമണം അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മിഷനെ പ്രഖ്യാപിച്ചു. അലഹബാദ് ഹൈക്കോടതി റിട്ടയേർഡ് ജഡ്ജി പ്രദീപ് കുമാർ ശ്രീവാസ്തവയാണ് അന്വേഷണ കമ്മിഷൻ. രണ്ട് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി കമ്മിഷൻ റിപ്പോർട്ട് സമർപ്പിക്കണം.
ലഖിംപൂരിൽ നിരപരാധികളുടെ അരുംകൊലയ്‌ക്കെതിരെ രാജ്യ വ്യാപക വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. പ്രതിപക്ഷം വിഷയം ഏറ്റെടുക്കുകയും കൊല്ലപ്പെട്ട കർഷകന്റെ വീട്ടിൽ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും സന്ദർശനം നടത്തുകയും ചെയ്തതോടെ ബിജെപി കൂടുതൽ പ്രതിരോധത്തിലായി. പ്രതി സ്ഥാനത്തുള്ള കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇതും വ്യാപക വിമർശനത്തിനിടയാക്കി. ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നാണ് കർഷകർ അറിയിച്ചിരിക്കുന്നത്. ഇതിനിടെയാണ് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്.
അജയ് മിശ്രയുടെ ലഖിംപൂർ സന്ദർശനത്തിൽ പ്രതിഷേധിക്കാനെത്തിയ കർഷകരുടെ നേർക്കാണ് മകൻ ആശിഷ് മിശ്ര വാഹനം ഓടിച്ചു കയറ്റിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. നാല് കർഷകർ ഉൾപ്പെടെ 9 പേർക്കാണ് ജീവൻ നഷ്ടമായത്.
Story Highlights: judicial investigation lakhimpur attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here