ആഡംബര കപ്പലിൽ ലഹരി പാർട്ടി; സിനിമാ നിർമാതാവിന്റെ വീട്ടിൽ റെയ്ഡ്

ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് സിനിമാ നിർമാതാവിന്റെ വീട്ടിൽ റെയ്ഡ്. ഇംതിയാസ് ഖത്രിയുടെ ബാന്ദ്രയിലെ വീട്ടിലും ഓഫിസിലും നര്‍കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) പരിശോധന നടത്തി. മാരക ലഹരിമരുന്നുമായി സവർബൻ പോവായിൽ നിന്നും പിടിയിലായ അഖിത് കുമാറിന്റെ ചോദ്യം ചെയ്യലിലാണ് ഖത്രിയുടെ പേര് ഉയർന്നുവന്നത്.
ബോളിവുഡ് താരം ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെ ഒൻപതു പേരെയാണ് എൻസിബി റെയ്‍ഡിൽ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരുമായി ബന്ധമുള്ള ലഹരി ഇടപാടുകാരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. കപ്പലിൽ നടത്തിയ റെയ്ഡിൽ, 13 ഗ്രാം കൊക്കെയ്ൻ, 21 ഗ്രാം ചരസ്, 22 എംഡിഎംഎ ഗുളികകൾ, 5 ഗ്രാം എംഡി, 1.33 ലക്ഷം രൂപ എന്നിവ ഏജൻസി കണ്ടെടുത്തിരുന്നു.
നേരത്തെ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടും ഖത്രിയുടെ പേര് ഉയർന്നിരുന്നു. സുശാന്തിന്റെ മുൻ മാനേജർ ശ്രുതി മോദിയുടെ അഭിഭാഷകനാണ്, മരണത്തിൽ ഖത്രിയുടെ പങ്കിനെക്കുറിച്ച് ആരോപണം ഉന്നയിച്ചത്. സുശാന്തിനും നടി റിയ ചക്രവർത്തിക്കും ഇംതിയാസാണ് ലഹരിമരുന്നു നൽകിയതെന്നായിരുന്നു അഭിഭാഷകന്റെ വാദം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here