പ്രത്യേക ഗതാഗത നിയന്ത്രണം വേണ്ട; അകമ്പടി വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറച്ചു; പരിഷ്‌കാരം തുടര്‍ന്ന് എം കെ സ്റ്റാലിന്‍

അകമ്പടി വാഹനങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. വാഹനങ്ങളുടെ എണ്ണം 12ല്‍ നിന്ന് ആറായി കുറച്ചു. ഇതിന് പുറമേ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനായി പൊതുജനങ്ങളെ തടഞ്ഞുള്ള പ്രത്യേക ഗതാഗത നിയന്ത്രണം ആവശ്യമില്ലെന്നും സ്റ്റാലിന്‍ വിശദമാക്കി.
മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം കടന്നുപോകുമ്പോഴുണ്ടാവുന്ന ഗതാഗതക്കുരുക്ക് പരിഹാരിക്കുന്നതിനാണ് നടപടി. ചീഫ് സെക്രട്ടറിയുമായും മുതിര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരുമായും കഴിഞ്ഞ ദിവസം നടത്തിയ യോഗത്തിലാണ് മുഖ്യമന്ത്രി തീരുമാനം വിശദമാക്കിയത്. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലും പിറകിലുമായി രണ്ട് പൈലറ്റ് വാഹനങ്ങള്‍, മൂന്ന് അകമ്പടി വാഹനങ്ങള്‍, ഒരു ജാമര്‍ വാഹനം എന്നിവയാണ് ഇനി മുതല്‍ ഉണ്ടാകുക.
നേരത്തെ വാഹനവ്യൂഹം കടന്നുപോകുന്നതിനായി ഗതാഗതം തടസപ്പടുത്തരുതെന്ന് സ്റ്റാലിന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാലിത് കര്‍ശനമായി പാലിച്ചിരുന്നില്ല. അടുത്തിടെ മദ്രാസ് ഹൈക്കോടതി ജഡ്ജ് എന്‍ ആനന്ദ് വെങ്കിടേഷ് നഗരത്തിലെ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയതിനേത്തുടര്‍ന്ന് ഹോം സെക്രട്ടറിയില്‍ നിന്ന് വിശദീകരണം തേടിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here