Advertisement

രാഷ്ട്രപതി റഫറൻസിൽ സുപ്രിംകോടതിയിൽ വാദം; നിയമപരമായി നിലനിൽക്കില്ലെന്ന് കേരളവും തമിഴ്നാടും

10 hours ago
1 minute Read

നിയമസഭ പാസാക്കിയ ബില്ലുകൾക്ക് സമയപരിധി നിശ്ചയിച്ചതിന് എതിരായ രാഷ്ട്രപതിയുടെ റഫറൻസ് സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് പരിഗണിക്കുന്നു. റഫറന്‍സ് നിലനില്‍ക്കുമോ എന്നതിലാണ് ആദ്യം പ്രാഥമിക വാദം. മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവർത്തിക്കുക എന്നതാണ് രാഷ്ട്രപതിയുടെ ചുമതലയെന്ന് കേരളം വ്യക്തമാക്കി. രാഷ്ട്രപതിയുടെ റഫറൻസ് നിയമപരമായി നിലനിൽക്കില്ലെന്ന് തമിഴ്നാടും വാദിച്ചു.

റഫറൻസ് ഇന്ന് പരിഗണിക്കാനിരിക്കെ ഇന്നലെ രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ചീഫ് ജസ്റ്റിസ് ബി ആർ ഗവായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആർട്ടിക്കിൾ 200 പ്രകാരം ബില്ല് ഗവർണർക്ക് നൽകിയാൽ അദ്ദേഹം എന്താണ് ചെയ്യേണ്ടത് എന്നതിന്റെ ഉത്തരമാണ് തമിഴ്നാട് വിധി ന്യായത്തിൽ എന്ന് കേരളം വാദിച്ചു. സുപ്രീം കോടതിയുടെ ഒരു വിധി ആർട്ടിക്കിൾ 141 പ്രകാരം നിയമമാണ്. ആ നിയമത്തിന് വിധേയരാണ് എല്ലാവരും എന്നും കേരളം സുപ്രിംകോടതിയിൽ പറഞ്ഞു.

മനു അഭിഷേക് സിംഗ്വിയാണ് തമിഴ്നാടിനായി സുപ്രിംകോടതിയിൽ ഹാജരായത്. റഫറൻസ് നിലനിൽക്കാത്ത ഒരു ഡിവിഷൻ ബെഞ്ച് വിധി കാണിച്ചു തരാൻ ചീഫ് ജസ്റ്റിസ്‌ തമിഴ്നാടിനോട് ആവശ്യപ്പെട്ടു. തമിഴ്നാട് വിധിയിൽ മാറ്റം വരുത്താതെ ഒരു മാർഗ്ഗം കണ്ടെത്തണമെന്ന് തമിഴ്നാട് ആവശ്യം ഉന്നയിച്ചു. രാഷ്ട്രപതിയുടെ റഫറന്‍സ് കേന്ദ്ര സര്‍ക്കാരിന്‍റേതെന്ന് കേരളം വാദിച്ചു. സുപ്രിംകോടതി വിധി മറികടക്കാനാണ് കേന്ദ്ര സര്‍ക്കാറിന്‍റെ ശ്രമം എന്നും കേരളം പറഞ്ഞു.

Read Also: മാധ്യമപ്രവർത്തകരായ സിദ്ധാർഥ് വരദരാജനും കരൺ ഥാപറിനുമെതിരെ രാജ്യദ്രോഹക്കുറ്റം; നടപടി അസം പൊലീസിന്റേത്

റഫറന്‍സ് അയക്കാൻ രാഷ്ട്രപതിക്ക് അധികാരമുണ്ടെന്ന് കേന്ദ്ര സർക്കാർ വാദിച്ചു. വിധിയിൽ പൊരുത്തക്കേട് ഉണ്ടെന്ന് തോന്നിയതിനാലാണ് രാഷ്ട്രപതി റഫറൻസ് നൽകിയതെന്നും ഭരണഘടനാപരമായ പ്രശ്നമുണ്ടെന്നും സോളിസിറ്റർ ജനറൽ പറഞ്ഞു. രാഷ്ട്രപതി അയച്ച റഫറൻസുകൾക്ക് സുപ്രീംകോടതി മറുപടി നൽകിയിട്ടുണ്ട്. ബാബറി മസ്ജിദ് റഫറൻസ് ഒഴികെ എല്ലാ റഫറൻസിലും മറുപടി നൽകിയെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.

കോടതിവിധി ഭരണഘടനാപരമായ പ്രശ്നം സൃഷ്ടിക്കുന്നുവെന്നാണ് കേന്ദ്രത്തിന്റെ വാദം. മൂന്നുമാസം എന്ന സമയപരിധി പാലിക്കാൻ എങ്ങനെ രാഷ്ട്രപതി ബാധ്യസ്ഥനാകുമെന്ന് കേന്ദ്രം ചോദിച്ചു. അനുച്ഛേദം 200 പാലിക്കാനാണ് ഉത്തരവാദിത്വം. ഉന്നത ഭരണഘടന പദവിയുമായി ബന്ധപ്പെട്ട വിഷയമാണിതെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ‌ വാദിച്ചു.

Story Highlights : Supreme Court hearing on Presidential Reference 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top