ഐപിഎൽ: എലിമിനേറ്ററിൽ ഇന്ന് ബാംഗ്ലൂരും കൊൽക്കത്തയും നേർക്കുനേർ

ഇന്ത്യൻ പ്രീമിയർ ലീഗ് എലിമിനേറ്ററിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ഏറ്റുമുട്ടും. ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്ന ടീം നാളെ നടക്കുന്ന രണ്ടാം ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം. (ipl eliminator rcb kkr)
വിരാട് കോലിയുടെ മോശം ഫോം ബാംഗ്ലൂരിനു തിരിച്ചടിയാണെങ്കിലും ദേവ്ദത്തിൻ്റെയും മാക്സ്വെലിൻ്റെയും ശ്രീകർ ഭരതിൻ്റെയും ഫോം അവർക്ക് പ്രതീക്ഷയാണ്. ഇതിനകം സീസണിൽ 6 ഫിഫ്റ്റികൾ നേടി തകർപ്പൻ ഫോമിൽ നിൽക്കുന്ന മാക്സ്വെൽ ആണ് ബാംഗ്ലൂരിലെ ഏറ്റവും പ്രധാനപ്പെട്ട താരം. കഴിഞ്ഞ സീസണിലെ മോശം ഫോം കഴുകിക്കളഞ്ഞ് വളരെ ഗംഭീരമായാണ് ഇക്കൊല്ലം ഓസീസ് ഓൾറൗണ്ടർ ബാറ്റ് വീശുന്നത്. ടോപ്പ് ഓർഡറിൽ ദേവ്ദത്ത് പടിക്കൽ നൽകുന്ന മികച്ച തുടക്കവും ബാംഗ്ലൂരിൻ്റെ വിജയങ്ങളിൽ നിർണായക സ്വാധീനം ചെലുത്തുന്നുണ്ട്. പവർ പ്ലേയ്ക്ക് ശേഷം സ്കോർ ഉയർത്താൻ ദേവ്ദത്തിനു സാധിക്കുന്നില്ലെന്ന വസ്തുത പവർ പ്ലേയിലെ പ്രകടനങ്ങൾ ഒരു പരിധി വരെ കഴുകിക്കളയുന്നു. നിർണായകമായ മൂന്നാം നമ്പർ തന്നിൽ ഭദ്രമാണെന്ന വിളംബരം നടത്തി ശ്രീകർ ഭരത് കളിച്ച അവസാന ഇന്നിംഗ്സ് ബാംഗ്ലൂരിൻ്റെ ബാറ്റിംഗ് നിരയ്ക്ക് കൂടുതൽ ബാലൻസ് നൽകും.
Read Also : ഐപിഎൽ; അവസാന ഓവറിൽ തകർത്തടിച്ച് ധോണി: ഡൽഹിയെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി ചെന്നൈ ഫൈനലിൽ
ഹർഷൽ പട്ടേൽ നയിക്കുന്ന ബൗളിംഗ് നിര സുസ്ഥിരമാണ്. മുഹമ്മദ് സിറാജ് വിക്കറ്റുകൾ വീഴ്ത്തുന്നില്ലെങ്കിലും മികച്ച എക്കോണമിയിലാണ് പന്തെറിയുന്നത്. യുസ്വേന്ദ്ര ചഹാൽ തകർപ്പൻ ഫോമിലാണ്. ഷഹബാസ് അഹ്മദ് മികച്ച രീതിയിൽ പന്തെറിയുന്നു. ജോർജ് ഗാർട്ടൺ, ഡാനിയൽ ക്രിസ്റ്റ്യൻ എന്നിവരും ഭേദപ്പെട്ട പ്രകടനങ്ങളാണ് നടത്തുന്നത്. ടീമിൽ മാറ്റം ഉണ്ടായേക്കില്ല.
ഇന്ത്യയിൽ നടന്ന ആദ്യ പാദത്തിൽ കേവലം രണ്ട് മത്സരങ്ങളിൽ മാത്രം വിജയിച്ച കൊൽക്കത്ത രണ്ടാം പാദത്തിൽ കേവലം രണ്ട് മത്സരങ്ങളിൽ മാത്രമാണ് പരാജയപ്പെട്ടത്. ഓപ്പണിംഗിൽ വെങ്കടേഷ് അയ്യർ എത്തിയത് ടീമിൻ്റെ ആകെ പ്രകടനത്തെ തന്നെ സ്വാധീനിച്ചു. ടോപ്പ് ഓർഡരിൽ മികച്ച തുടക്കം നൽകുന്ന അയ്യരിനൊപ്പം ഉത്തരവദിത്തത്തോടെ ബാറ്റ് വീശുന്ന ശുഭ്മൻ ഗിൽ, മധ്യനിരയിൽ സ്ഥിരതയോടെ കളിക്കുന്ന രാഹുൽ ത്രിപാഠി, നിതീഷ് റാണ എന്നിവരൊക്കെ കൊൽക്കത്തയുടെ പ്ലസ് പോയിൻ്റാണ്. ഫിനിഷർ റോളിൽ കാർത്തിക് ഭേദപ്പെട്ട രീതിയിൽ കളിക്കുന്നു. അതുകൊണ്ട് തന്നെ ക്യാപ്റ്റൻ ഓയിൻ മോർഗൻ്റെ മോശം ഫോം അവരെ ബാധിക്കുന്നില്ല.
ശിവം മവിയാണ് കൊൽക്കത്ത ബൗളിംഗ് നിരയിലെ സുപ്രധാന കണ്ണി. കഴിഞ്ഞ സീസണിൽ നിന്നും ഏറെ പുരോഗമിച്ച താരം ഗംഭീര ഫോമിലാണ്. ലോക്കി ഫെർഗൂസൻ്റെ തിരിച്ചുവരവ് കൊൽക്കത്ത ബൗളിംഗ് വിഭാഗത്തിനു നൽകുന്ന കരുത്ത് ചില്ലറയല്ല. സുനിൽ നരേൻ, വരുൺ ചക്രവർത്തി എന്നിവരും തകർപ്പൻ ഫോമിലാണ്. ഷാക്കിബ് അൽ ഹസൻ ബംഗ്ലാദേശ് ടീമിനൊപ്പം ചേർന്നാൽ അത് കൊൽക്കത്തയ്ക്ക് തിരിച്ചടിയാവും. പക്ഷേ, പകരം വരാനുള്ളത് ആന്ദ്രേ റസലാണ്. റസലിൻ്റെ പരുക്ക് മാറിയിട്ടില്ലെങ്കിൽ പകരം ആരെത്തുമെന്നത് നിർണായകമാണ്.
Story Highlights: ipl eliminator rcb kkr
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here