ഏകദിന സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം; മിതാലി രാജിന്റെ റെക്കോർഡ് തകർത്ത് അയർലൻഡ് താരം

ഏകദിന മത്സരത്തിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡുമായി അയർലൻഡ് താരം ആമി ഹണ്ടർ. കഴിഞ്ഞ ദിവസം സിംബാബ്‌വെക്കെതിരെ നടന്ന മത്സരത്തിലാണ് ആമി തകർപ്പൻ സെഞ്ചുറിയടിച്ചത്. തൻ്റെ പതിനാറാം ജന്മദിനത്തിലായിരുന്നു റെക്കോർഡ് പ്രകടനം. പുരുഷ-വനിതാ ക്രിക്കറ്റുകളിൽ ഇത് റെക്കോർഡാണ്. (amy hunter youngest centurion)
മൂന്നാം നമ്പറിൽ കളത്തിലെത്തിയ താരം 127 പന്തുകൾ നേരിട്ട് 121 റൺസ് നേടി പുറത്താവാതെ നിന്നു. ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജിൻ്റെ റെക്കോർഡാണ് ഐറിഷ് താരം തകർത്തത്. 1999ൽ അയർലൻഡിനെതിരെ പുറത്താവാതെ 114 റൺസ് നേടുമ്പോൾ മിതാലിക്ക് 16 വയസ്സും 205 ദിവസവുമായിരുന്നു പ്രായം.
മത്സരത്തിൽ അയർലൻഡ് 85 റൺസിന് സിംബാബ്‌വെയെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് നിശ്ചിത 50 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 312 റൺസെന്ന കൂറ്റൻ സ്കോർ കണ്ടെത്തി. ഹണ്ടറിനൊപ്പം ഗാബി ലൂയിസ് (78), ലോറ ഡെലനി (68) എന്നിവരും അയർലൻഡിനായി തിളങ്ങി. മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വെയ്ക്ക് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 227 റൺസെടുക്കാനേ സാധിച്ചുള്ളൂ.
Read Also : വനിതാ ഐപിഎലിനായി വാദിച്ച് ഹർമൻപ്രീത്
അതേസമയം, വനിതാ ഐപിഎലിനായി വാദിച്ച് ഇന്ത്യയുടെ ടി-20 ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ രംഗത്തെത്തി. ഐപിഎൽ പോലെ ഒരു വേദിയുണ്ടെങ്കിൽ ആഭ്യന്തര താരങ്ങൾക്ക് സമ്മർദ്ദ ഘട്ടത്തിൽ കളിക്കേണ്ടതെങ്ങനെയെന്ന് പഠിക്കാൻ കഴിയും. വനിതാ ബിബ് ബാഷ് ലീഗ് ഒക്കെ ആ ധർമ്മമാണ് നിർവഹിക്കുന്നതെന്നും ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി-20യ്ക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.
നേരത്തെ, യുവതാരം ജമീമ റോഡ്രിഗസ്, ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദന എന്നിവരൊക്കെ പരസ്യമായി വനിതാ ഐപിഎലിനു വേണ്ടി വാദിച്ച് രംഗത്തെത്തിയിരുന്നു. ഭ്യന്തര ക്രിക്കറ്റിൽ നിരവധി പ്രതിഭകളുണ്ടെന്നും അതുകൊണ്ട് തന്നെ ഐപിഎൽ നടത്തുക ബുദ്ധിമുട്ടല്ലെന്നും ജമീമ പറഞ്ഞു. 5-6 ടീമിനുള്ള താരങ്ങൾ ഇന്ത്യയിൽ തന്നെ ഉണ്ടെന്നും വിദേശ താരങ്ങൾ കൂടി എത്തുമ്പോൾ ഐപിഎൽ നടത്താനുള്ള സാഹചര്യം കൃത്യമാകുമെന്നുമാണ് സ്മൃതി പറഞ്ഞത്.
Story Highlights: amy hunter youngest odi centurion record
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here